വനിതാ മതിലിനെ അനുകൂലിച്ച് ലേഖനം; സി ഷുക്കൂറിനെ ലീഗ് പുറത്താക്കി

Posted on: December 21, 2018 8:06 pm | Last updated: December 22, 2018 at 10:31 am

കാസര്‍കോട്: മുസ്‌ലിം ലീഗ് നേതാവ് അഡ്വ. സി ഷൂക്കൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിരന്തരമായി സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. ഷുക്കൂറും ഭാര്യ ഡോ. ഷീന ഷുക്കൂറും സിപിഎമ്മിനോട് അടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുമായി ഷുക്കൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. വനിതാ മതില്‍ കാലഘട്ടത്തിന്റെ ആവശ്യം എന്ന് ഷുക്കൂര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെ നടപടിക്ക് വേഗത കൂടി.

നിലവില്‍ ലീഗിന്റെ ജില്ലാ കൗണ്‍സില്‍ അംഗമായ ഷുക്കൂര്‍ മുസ്‌ലിം ലീഗ് ചെറുവത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് ലീഗിന്റെ ഹൊസ്ദുര്‍ഗ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എംഎസ്എഫിലൂടെ മുസ് ലിം ലീഗിലെത്തിയ ഇദ്ദേഹം മുസ്‌ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ കേരള ലോയേഴ്‌സിന്റെ കാസര്‍കോട് ജില്ലാ പ്രസിഡന്റായിരുന്നു. പി ജയരാജനെ അനുകൂലിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ ആ സ്ഥാനത്ത് നിന്നും തെറിച്ചു.

സലഫി നേതാവ് ഷംസുദ്ദീൻ പാലത്തിൻെറ വിവാദ പ്രസംഗത്തിനെതിരെ നിയമപോരാട്ടം നടത്തിയത് സി ഷുക്കൂറായിരുന്നു. ഇതും ലീഗിൻെറ അതൃപ്തിക്ക് കാരണമായിരുന്നു.