Connect with us

Sports

13 വര്‍ഷത്തിന് ശേഷം നേടിയെടുത്ത കിരീടം നിലനിര്‍ത്തണം; വിപി ഷാജിക്കു മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്തം

Published

|

Last Updated

മലപ്പുറം: രാജസ്ഥാനില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുള്ള കേരള ടീം പരിശീലകനായി മുന്‍ ഇന്റര്‍നാഷണല്‍ വി പി ഷാജി നിയമിതനാകുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്തം കൂടിയുണ്ട്. 13 വര്‍ഷത്തിനുശേഷം കേരളം നേടിയെടുത്ത സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തം.

കഴിഞ്ഞതവണ ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ സാള്‍ട്ട്‌ലേക്കില്‍ ചെന്ന് ബംഗാളിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത് നേടിയ കിരീടം കൈവിടാതെ സൂക്ഷിക്കുകയെന്നതാണ് ഷാജിയുടെ മേല്‍ അര്‍പ്പിക്കപ്പെട്ട ദൗത്യം. മുന്‍ ഇന്റര്‍നാഷണലും 1993ല്‍ സന്തോഷ് ട്രോഫി ചാമ്പ്യന്മാരുമായ കേരള ടീമംഗവുമായ ഷാജി 2017ലാണ് ഇതിന് മുമ്പ് കേരള ടീമിനെ സന്തോഷ് ട്രോഫിക്ക് വേണ്ടി കേരള ടീമിനെ പരിശിലിപ്പിച്ചത്. അന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗ്യതാറൗണ്ടില്‍ രണ്ട് വിജയവും ഒരു സമനിലയും നേടിയാണ് ഫൈനല്‍റൗണ്ട് കളിക്കാന്‍ യോഗ്യത നേടിയത്. സെമിയില്‍ ആതിഥേയരായ ഗോവയോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെട്ട് മടങ്ങാനായിരുന്നു പി ഉസ്മാന്‍ നയിച്ച കേരളത്തിന്റെ വിധി.

പന്ത്രണ്ടിലേറെ ജൂനിയര്‍ താരങ്ങളടങ്ങിയ ടീമിനെ സെമിഫൈനല്‍ വരെയെത്തിച്ചത് തന്നെ വി പി ഷാജിയെന്ന ഫുട്‌ബോളറുടെ പരിശീലനമികവ് വ്യക്തമാക്കുന്നതായിരുന്നു. റെയില്‍വേസ്, പഞ്ചാബ്, മിസോറം, മഹാരാഷ്ട്ര ടീമുകളടങ്ങിയ മരണഗ്രൂപ്പെന്ന് അറിയപ്പെട്ട ഗ്രൂപ്പല്‍നിന്നാണ് കേരളം സെമിയിലെത്തിയത്. അസിസ്റ്റന്റ് കോച്ച് മെല്‍വിനും ഗോള്‍കീപ്പിംഗ് കോച്ചായ ഫിറോസിന്റെയും കൂട്ടായ യജ്ഞം സെമിയില്‍ അവസാനിക്കുകയായിരുന്നു. നിലവില്‍ എസ് ബി ഐ ടീമിന്റെ പരിശീലനകനായി പ്രവര്‍ത്തിച്ചുവരികയാണ് ഷാജി.

1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമിലംഗമായ ഷാജി 98ല്‍ ടീം ക്യാപ്റ്റന്‍ കൂടിയായിരുന്നു.
കഴിഞ്ഞതവണ കൊല്‍ക്കത്തയില്‍ നടന്ന ടൂര്‍ണമെന്റില്‍ സതീവന്‍ ബാലന്‍ പരിശീലിപ്പിച്ച കേരളം ബംഗാളിനെ പരാജയപ്പെടുത്തി കിരീടം നേടിയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കേരളത്തിന്റെ ജയം. 13 വര്‍ഷത്തിനുശേഷമായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. ടീമംഗങ്ങള്‍ക്കുള്ള പരിശീലന ക്യാമ്പ് ഈമാസം 28ന് തിരുവനന്തപുരം എല്‍ എന്‍ സി ജി ഇ ഗ്രൗണ്ടില്‍ തുടങ്ങും. സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പിലേക്ക് 35 പേരെ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കെ പി എല്ലില്‍നിന്നും കൂടുതല്‍ താരങ്ങള്‍ ക്യാമ്പിലേക്കെടുക്കും.

Latest