Connect with us

Malappuram

വൈസനിയം മഹാ സംഗമത്തിന് സ്വലാത്ത് നഗറിൽ അരങ്ങൊരുങ്ങി

Published

|

Last Updated

മലപ്പുറം: സൂര്യവലയാകൃതിയിൽ അണിചേർന്ന ആയിരങ്ങൾ സാക്ഷി; ഇരുപത് ഭാഷകളിലുള്ള വൈസനിയം ഗാന ശിൽപത്തിന്റെ അകമ്പടി – മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയം സമാപന മഹാ സംഗമത്തിന്റെ പതാക വാനിലുയർന്നു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാരും സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലി ബാഫഖി തങ്ങളും ചേർന്നാണ് പത്ത് കിലോയിലധികം ഭാരമുള്ള പതാക ഓട്ടോമേഷൻ സാങ്കേതിക വിദ്യയിലൂടെ ഉയർത്തിയത്.
മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഈജിപ്ത് കൾചറൽ കൗൺസിലർ ഡോ. മുഹമ്മദ് ശുക്ർ നദ മുഖ്യാതിഥിയായി. സ്വാഗത സംഘം ജനറൽ കൺവീനർ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സന്ദേശ പ്രഭാഷണം നടത്തി.
മഅ്ദിൻ അക്കാദമിയുടെ വിദ്യാഭ്യാസ സാമൂഹിക കാരുണ്യ സേവന പ്രവർത്തനങ്ങൾ പ്രമേയമാക്കുന്ന 20 ഭാഷകളിൽ കോർത്തിണക്കിയ വൈസനിയം ഗാന ശിൽപം ചടങ്ങിൽ അവതരിപ്പിച്ചു. പാർസി, സ്പാനിഷ്, ചൈനീസ്, ജർമ്മൻ, അറബിക്, മലയാളം, ഇംഗ്ലീഷ്, ഉർദു, മലായ്, തമിഴ്, കാശ്മീരി, കന്നട, പോർച്ചുഗീസ്, ഗുജറാത്തി, തെലുങ്ക്, ടർക്കിഷ്, ലാറ്റിൻ, ഗ്രീക്ക്, ഫ്രഞ്ച്, പോളിഷ് എന്നീ ഭാഷകൾ ഉൾപ്പെടുത്തി മഅ്ദിൻ തഹ്ഫീളുൾ ഖുർആൻ കോളേജിലെ ഹബീബ് സഅ്ദി മൂന്നിയ്യൂരാണ് ഗാനം രചിച്ചത്. മഅ്ദിൻ വിദ്യാർത്ഥികളായ ഹാഫിള് നഈം, അസദ് പൂക്കോട്ടൂർ, സയ്യിദ് ആഷിക്, മുബഷിർ പെരിന്താറ്റിരി എന്നിവരുടെ നേതൃത്വത്തിൽ 20 വിദ്യാർത്ഥികളാണ് ആലാപനം നിർവ്വഹിച്ചത്.
വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികൾ ഡിസംബർ ആദ്യത്തിൽ തന്നെ ആരംഭിച്ചിരുന്നു. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെ സന്ദേശവുമായി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ സ്‌നേഹ യാത്രയും മാനവിക സമ്മേളനവും, ഇബ്‌നുബതൂത കോൺഫറൻസ്, മഅ്ദിൻ എജ്യൂപാർക്ക് ഉദ്ഘാടനം, അദ്കിയ സെമിനാർ, എം ലൈറ്റ് മതേഴ്‌സ് മീറ്റ് തുടങ്ങിയ സുപ്രധാനമായ പരിപാടികളാണ് ഇക്കാലയളവിൽ നടന്നത്.
സമ്മേളനത്തിന്റെ ഭാഗമായുള്ള ഫെസ് എക്‌സ്‌പോ 23ന് തുടങ്ങും. ഓഗ്യുമെന്റൽ റിയാലിറ്റിയുടെ വിസ്മയങ്ങളുമായി വൈസനിയ എ.ആർ ഷോയും അന്ന് പ്രദർശനം തുടങ്ങും. വൈസനിയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വ്യക്തിത്വങ്ങളും പ്രശസ്ത പണ്ഡിതരും സംഗമിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്കാണ് സ്വലാത്ത് നഗർ സാക്ഷിയാവുക.