Connect with us

Articles

ഇതൊക്കെയാണ് ന്യൂനപക്ഷക്ഷേമ പദ്ധതികള്‍

Published

|

Last Updated

ന്യൂനപക്ഷങ്ങളെ ഇന്ത്യന്‍ ഭരണഘടനയില്‍ കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും മൗലികാവകാശങ്ങളുടെ നിര്‍വചനത്തില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ഉള്‍ക്കൊള്ളും വിധം സമഗ്രമാണ് അത്. ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും അവരിലെ അവശരുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരുന്നു.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍, കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് എന്നിവയിലൂടെയാണ് പ്രധാനമായും ന്യൂനപക്ഷ ശാക്തീകരണം ഉറപ്പാക്കുന്നത്. ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണമാണ് ന്യൂനപക്ഷ കമ്മീഷനിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയാണ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഉന്നം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, ബേങ്കിംഗ് സര്‍വീസ് പരീക്ഷകള്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍, വിവിധ കോഴ്‌സുകള്‍ക്കായുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവക്കായുള്ള സൗജന്യ പരിശീലനമാണ് സി സി എം വൈ കേന്ദ്രങ്ങള്‍ വഴി മുഖ്യമായും നല്‍കി വരുന്നത്.

ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതി
സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷക്ഷേമത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യമുള്ള പുനരധിവാസ പദ്ധതിയാണിത്. ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിധവ/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്ക് ഭവന നിര്‍മാണ പദ്ധതിയിലൂടെ നാല് ലക്ഷം രൂപ ധനസഹായമായി നല്‍കി വരുന്നു. അപേക്ഷകയുടെ സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ട് സെന്റ് സ്ഥലം (പരമാവധി 25 സെന്റ് വരെ) ഉള്ളവരും, സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ വീട് നിര്‍മാണ ആവശ്യത്തിലേക്ക് ധനസഹായം ലഭിച്ചിട്ടില്ലാത്തവരെയുമാണ് ഈ പദ്ധതിക്കായി പരിഗണിക്കുക. അപേക്ഷക കുടുംബത്തിലെ ഏകവരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബങ്ങള്‍, വിധവകളോ അവരുടെ മക്കളോ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, പെണ്‍കുട്ടി/പെണ്‍കുട്ടികള്‍ മാത്രമുള്ള വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. ഭവന പുനര്‍ നിര്‍മാണത്തിന്് 50,000/ രൂപ വീതമാണ് നല്‍കുന്നത്.

വ്യക്തിത്വ വികസന- കരിയര്‍ ഗൈഡന്‍സ് പരിശീലനം
ജില്ലകളിലെ തിരഞ്ഞെടുക്കപ്പെടുന്ന ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ് ഈ ക്യാമ്പുകള്‍ സംഘടിപ്പിക്കുക. വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നതിനും ഭാവിയില്‍ ഉചിതമായ ഉപരിപഠന മേഖലകള്‍ കണ്ടെത്തുന്നതിനുമായി ജില്ലാടിസ്ഥാനത്തില്‍ നൂറ് ക്യാമ്പുകള്‍ വര്‍ഷം തോറും നടത്തി വരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന എസ് എസ് എല്‍ സി, പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തുടങ്ങിയ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളാണ് പദ്ധതിയുടെ മുഖ്യഗുണഭോക്താക്കള്‍. പ്രവേശനം, അപേക്ഷകരുടെ തൊട്ടുമുമ്പുള്ള അധ്യയന വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷയില്‍ നേടിയ മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷയുടെ മാര്‍ക്ക് യോഗ്യതാ മാനദണ്ഡമായി പരിഗണിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് ക്യാമ്പുകള്‍ പൂര്‍ത്തീകരിക്കുക.

പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
എസ് എസ് എല്‍ സി/പ്ലസ്ടു/വി എച്ച് എസ് ഇ കോഴ്‌സുകള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയവര്‍ക്കും (10,000/- രൂപ) ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക് യഥാക്രമം 80 ശതമാനം, 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും (15,000/- രൂപ) നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണനയുണ്ടെങ്കിലും വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെയും താഴ്ന്ന വരുമാന പരിധിയുടെയും അടിസ്ഥാനത്തിലായിരിക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ബി പി എല്‍ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ ആറ് ലക്ഷം രൂപ വരുമാന പരിധിയിലുള്ള അവരിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കും ഈ അവാര്‍ഡ് ലഭിക്കും.

സി എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്
ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പുരോഗതി ലക്ഷ്യം വെച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണിത്. മുസ്‌ലിം-നാടാര്‍ വിദ്യാര്‍ഥിനി സ്‌കോളര്‍ഷിപ്പ് എന്ന പേരിലാണ് ഇതറിയപ്പെട്ടിരുന്നത്.

ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 6000 രൂപ വീതവും പ്രൊഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് 7000 രൂപ വീതവും ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവര്‍ക്ക് 13,000 രൂപ വീതവും പ്രതിവര്‍ഷം നല്‍കുന്ന ഈ സ്‌കോളര്‍ഷിപ്പിന് 2018 വരെ ബഡ്ജറ്റ് അലോക്കേഷനു തുല്യമായ അപേക്ഷകരുണ്ടായിരുന്നില്ല.

ഫീ റീഇംബേഴ്‌സ്‌മെന്റ് സ്‌കീം
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ ടി ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അടച്ച ഫീസ് തിരിച്ചു നല്‍കുന്ന പദ്ധതിയാണിത്. രണ്ട് വര്‍ഷം/ ഒരു വര്‍ഷം കോഴ്‌സുകള്‍ക്ക് യഥാക്രമം 20,000 രൂപ, 10,000 രൂപ തോതിലാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അംഗീകൃത ഐ ടി ഐകളില്‍ പഠിക്കുന്ന എല്ലാ അംഗീകൃത ഏകവര്‍ഷ ദ്വിവര്‍ഷ കോഴ്‌സുകള്‍ക്കും ഈ ആനുകൂല്യം ലഭ്യമാണ്.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി, കോസ്റ്റ് വര്‍ക്ക് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ്പ് സ്‌കോളര്‍ഷിപ്പ്: ഫിനാന്‍സ് മേഖലയുടെ വിവിധ ശ്രേണികളില്‍ പഠന പരിശീലനം ആഗ്രഹിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ മിടുക്കരായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പാണിത്. ഫൗണ്ടേഷന്‍, കോമണ്‍ പ്രൊഫിഷന്‍സി ടെസ്റ്റിന് പഠിക്കുന്നവര്‍ക്കും ഇന്റര്‍ മീഡിയേറ്റ്, എക്‌സിക്യൂട്ടീവ് ഫൈനല്‍, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും 15,000 രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്.

സിവില്‍ സര്‍വീസ് : ഫീ റീഇംബേഴ്‌സ് പദ്ധതി
സിവില്‍ സര്‍വീസ് മേഖലയിലേക്ക് ന്യൂനപക്ഷങ്ങളെ പ്രാപ്തരാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഒരു സ്‌കീമാണിത്. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീ, ഹോസ്റ്റല്‍ ഫീസ് എന്നിവ ഈ പദ്ധതിയിലൂടെ റീഇംബേഴ്‌സ് ചെയ്യാവുന്നതാണ്. കേരള സിവില്‍ സര്‍വീസ് അക്കാദമി, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് സ്റ്റഡീസ്-പൊന്നാനി.
യൂനിവേഴ്‌സിറ്റികള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പഠിതാക്കള്‍ക്ക് അപേക്ഷിക്കാം. ഒരു ഉദ്യോഗാര്‍ഥിക്ക് കോഴ്‌സ് ഫീ ഇനത്തില്‍ 20,000 രൂപയും, ഹോസ്റ്റല്‍ ഫീ ഇനത്തില്‍ 10,000 രൂപയും പരമാവധി ലഭിക്കുന്ന ഈ പദ്ധതി ഈ മേഖലയിലെ ശ്രദ്ധേയമായ കാല്‍വെപ്പാണ്. ഒരു സാമ്പത്തിക വര്‍ഷം 200 ഉദ്യോഗാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകും വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഉറുദു ക്യാഷ് അവാര്‍ഡ്
പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയുടെ ഒരു പ്രധാന ഇനമാണ് ഉറുദു ഭാഷാ പ്രോത്സാഹനമെങ്കിലും അതിന്റെ ഗുണഭോക്താക്കളാകുവാന്‍ ഉതകുംവിധം കേരളത്തില്‍ കേന്ദ്രഗവണ്‍മെന്റ് പദ്ധതികളൊന്നുമില്ല. ഉറുദു ഐച്ഛികഭാഷയായെടുത്ത് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. ഒരു വിദ്യാര്‍ഥിക്ക് 1000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കുന്നത് വലിയൊരു അംഗീകാരമായാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കാണുന്നത്.

കുടിവെള്ള വിതരണ പദ്ധതി
കേരള ജല അതോറിറ്റി മുഖേന ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണിത്. കേരള വാട്ടര്‍ അതോറിറ്റി മുഖേനയുള്ള പ്രൊപ്പോസലുകള്‍, എസ്റ്റിമേറ്റുകള്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അംഗീകാരത്തോടു കൂടി അസ്സല്‍ പ്രൊപ്പോസലുകള്‍ വകുപ്പിന് നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്. സംസ്ഥാനത്ത് അതത് ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ബന്ധപ്പെട്ട ജില്ലകളിലെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്്. തിരഞ്ഞെടുക്കപ്പെടുന്ന പ്രദേശങ്ങളിലെ പദ്ധതി പൂര്‍ത്തീകരിച്ചാല്‍ വരുംകാലങ്ങളിലെ മേല്‍നോട്ടം ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ നടത്തുമെന്ന സാക്ഷ്യപത്രം പ്രൊപ്പോസലിനോടൊപ്പം സമര്‍പ്പിക്കണമെന്ന നിബന്ധനയിലൂടെ പ്രാദേശിക പിന്തുണയും സഹകരണവും ഉറപ്പാക്കാന്‍ സാധിക്കുന്നു. അടിസ്ഥാന സൗകര്യമില്ലാതെയുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുന്നതിനാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന നിലയില്‍ ഈ പദ്ധതി ഏറെ ജനപ്രിയമാണ്. (തുടരും)