മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ നിറയുന്നു; നൂറുകണക്കിന് മ്യാന്മര്‍ സൈനികരുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

Posted on: December 19, 2018 9:58 pm | Last updated: December 19, 2018 at 9:58 pm

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വംശഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മ്യാന്മര്‍ സൈന്യത്തിലെ നൂറുക്കണക്കിന് പേരുടെ ഫേസ് ബുക്ക് പേജുകളും അക്കൗണ്ടുകളും കമ്പനി അധികൃതര്‍ നീക്കം ചെയ്തു. സൈന്യവുമായി ബന്ധപ്പെട്ട 425 ഫേസ്ബുക്ക് പേജുകളും 17 ഗ്രൂപ്പുകളും 135 അക്കൗണ്ടുകളും 15 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും കമ്പനി ഒഴിവാക്കിയിട്ടുണ്ട്. സൈനികര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും തടയുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെടുന്നുവെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ഇവരുടെ അക്കൗണ്ടുകള്‍ റദ്ദാക്കാന്‍ ഫേസ്ബുക്ക് തീരുമാനിച്ചത്.

റോഹിംഗ്യന്‍ വംശജരായ മുസ്‌ലിംകള്‍ക്കെതിരെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തിയതിന്റെ പേരില്‍ മ്യാന്മറിലെ പല സൈറ്റുകളും വന്‍ വിമര്‍ശനത്തിന് വിധേയമായിരുന്നു. കഴിഞ്ഞ വര്‍ഷം ലക്ഷണക്കിന് റോഹിംഗ്യന്‍ വംശജരെ രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ട വംശഹത്യാ ശ്രമങ്ങളാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയിരുന്നത്. ഇതിന് ശേഷം സൈന്യത്തിനെതിരെ അന്താരാഷ്ട്രാ മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഫേസ്ബുക്ക് പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ റോഹിംഗ്യന്‍വിരുദ്ധ വികാരം ജനങ്ങളില്‍ കത്തിക്കാന്‍ സൈന്യം നന്നായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും മുന്നിലുണ്ടായിരുന്നത് ഫേസ്ബുക്ക് ആയിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതി കണ്ടെത്തിയിരുന്നു.