ശബരിമല: എസ്പി യതീഷ്ചന്ദ്രക്കെതിരെ കേന്ദ്രമന്ത്രി ലോക്‌സഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കി

Posted on: December 19, 2018 1:47 pm | Last updated: December 19, 2018 at 8:45 pm

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിനെത്തിയ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരേ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ അവകാശലംഘനത്തിനു നോട്ടിസ് നല്‍കി. നോട്ടിസ് പരിഗണിക്കാമെന്നു സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. നോട്ടീസ് പരിഗണിക്കുമ്പോള്‍ എസ്പി യതീഷ് ചന്ദ്രയെ വിളിച്ചുവരുത്തി വിശദീകരണം തേടുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകും.

ശബരിമലയില്‍ ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നു ചോദിച്ച് ലോക്‌സഭാംഗമായ തന്നോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് പൊന്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യതീഷ് ചന്ദ്ര വ്യക്തമായ മറുപടി നല്‍കിയില്ലെന്നും മന്ത്രി പറഞ്ഞു. നവംബര്‍ 21നു ശബരിമല ദര്‍ശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും നിലയ്ക്കലില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയും തമ്മില്‍ തര്‍ക്കമുണ്ടായത്. പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തിവിടമ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തതെന്താണെന്ന് മന്ത്രി എസ്പിയോട് ചോദിച്ചു. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്ന് എസ് പി തിരികെ ചോദിച്ചതാണ് വിവാദമായതത്. എസ്പിക്കെതിരേ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു.