ദിലീപിന്റെ ആവശ്യം തള്ളി; നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണ്ട-ഹൈക്കോടതി

Posted on: December 19, 2018 11:10 am | Last updated: December 19, 2018 at 4:15 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച ഹൈക്കോടതി തള്ളി. കൃത്യമായ അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാന്‍ കഴിയില്ലെന്നും വിവിധ ഹരജികള്‍ കൊണ്ടുവന്ന് വിചാരണ വൈകിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

പോലീസ് പക്ഷപാതപരമായി അന്വേഷിച്ച് കേസില്‍ പ്രതിയാക്കുകയായിരുന്നുവെന്ന് ഹരജിയില്‍ ദിലീപ് ആരോപിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ മൊഴിമാത്രം ആടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും നിര്‍മാതാവായ ലിബര്‍ട്ടി ബഷീറും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്നെ കേസില്‍ക്കുടുക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ദിലീപ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങളില്‍ തെളിവൊന്നുമില്ലെന്ന് നിരീക്ഷിച്ച കോടതി കേസില്‍ ക്യത്യമായ അന്വേഷണം നടന്നിട്ടുണ്ടെന്നും വ്യക്തമാക്കി.