ഫൈനല്‍ മത്സരത്തിന് പന്തുരുളും മുമ്പ്‌

ഫൈനല്‍ മത്സരത്തിന് മുമ്പുള്ള പ്രാക്ടിക്കല്‍ മാച്ചുകളില്‍ മര്‍മമറിഞ്ഞ് ജാഗ്രതയോടെ കളിക്കളത്തില്‍ നിലകൊണ്ടാല്‍ മാത്രം ഫൈനലും കഴിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാം. ഒപ്പം നില്‍ക്കാന്‍ താത്പര്യമുള്ള ഏതു പ്രാദേശിക ചെറുസംഘങ്ങളെയും തങ്ങളുടെ കൂടെ ചേര്‍ക്കാനുള്ള വിശാല മനസ്‌കത കാണിച്ചാല്‍ മാത്രമേ ഈയൊരു ലക്ഷ്യം കൈവരിക്കാന്‍ രാഹുലിനാകൂ. ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ സ്വീകരിച്ച 'ഞങ്ങളും ഹിന്ദുത്വത്തിന്റെ വക്താക്കള്‍' എന്ന നയസമീപനം ആര്‍ എസ് എസിനെ ചെറുക്കാനുള്ള ഒരു താത്കാലിക തന്ത്രം എന്നതിനപ്പുറത്തേക്ക് വളര്‍ന്നാല്‍ അത് മതേതരത്വം തിരിച്ചുപിടിക്കലിന് സഹായകമാകില്ലെന്ന തിരിച്ചറിവും ഉണ്ടാകണം.
Posted on: December 19, 2018 10:21 am | Last updated: December 19, 2018 at 10:23 am

ഇന്ത്യയിലെ കലുഷിതമായ ജനാധിപത്യത്തിന്റെ മൈതാനിയില്‍ ഒരു സെമി ഫൈനല്‍ പോരാട്ടം കഴിഞ്ഞിരിക്കുന്നു. ശക്തമായ പോരാട്ടത്തില്‍ നേരിയ മാര്‍ജിനിലാണെങ്കിലും മോദിയും അമിത് ഷായും നേതൃത്വം കൊടുത്ത വര്‍ണവെറിയന്‍ ടീമിനെ രാഹുല്‍ ഗാന്ധിയുടെ ക്യാപ്റ്റന്‍സിയില്‍ കളത്തിലിറങ്ങിയ കോണ്‍ഗ്രസ് ടീം പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൈക്കരുത്തും മെയ്ക്കരുത്തും ധനക്കരുത്തുമുള്ള മോദി, അമിത് ഷാകളുടെ ബി ജെ പി ടീം ദുര്‍ബലാവസ്ഥയിലായിരുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിനോട് ഒന്നാംഘട്ട പോരാട്ടത്തില്‍ അടിയറവ് പറഞ്ഞ സ്ഥിതിക്ക് മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തിന് പ്രസക്തിയേറിയിരിക്കുന്നു. ഇന്ത്യ ആര് ഭരിക്കണം എന്ന ലളിതവത്‌രണത്തിലേക്ക് ചുരുട്ടിക്കെട്ടാനാവില്ല വരാനുള്ള കലാശപ്പോരാട്ടത്തെ. അതിനുമപ്പുറം സ്വതന്ത്ര ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ഇവിടെ നിലനില്‍ക്കണോ അതോ ഇന്ത്യ ഒരു സമ്പൂര്‍ണ സവര്‍ണ ഫാസിസത്തിന്റെ മേല്‍വിലാസത്തിലേക്ക് മാറണോ എന്ന് തീരുമാനിക്കാനുള്ള പരീക്ഷണമാണ് അരങ്ങേറാന്‍ പോകുന്നത്.
നിലവിലുള്ള ജേതാക്കള്‍ക്ക് തന്നെയാണ് ഇനിയും ട്രോഫി ലഭിക്കുന്നതെങ്കില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന്റെ കളി മൈതാനങ്ങളില്‍ ഇനി പന്തുരുളണമെന്നില്ല. സെമിയില്‍ വിജയമുറപ്പിക്കാന്‍ ഭോപ്പാലിലും ജയ്പൂരിലും ഛത്തീസ്ഗഢിലും പുറത്തെടുത്ത കളി മതിയാകുമോ ഇന്ത്യന്‍ ജനാധിപത്യത്തിന് കരുത്തേകി വെറുപ്പിന്റെ ശക്തികള്‍ക്ക് മേല്‍ അന്തിമ വിജയം നേടാന്‍ എന്നത് ഇഴകീറി പരിശോധിക്കേണ്ട സമയമായിരിക്കുന്നു. അതിന് കളമൊരുക്കാന്‍ തീര്‍ച്ചയായും അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് മത്സരങ്ങളുടെ ഫലം കാരണമാകുന്നുണ്ട്. മധ്യപ്രദേശിലും രാജസ്ഥാനിലും വലിയ തിളക്കമുള്ള വിജയമൊന്നുമല്ല കോണ്‍ഗ്രസ് നേടിയതെങ്കിലും അപ്രതിരോധ്യമെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്ന രണ്ട് കോട്ടകൊത്തളങ്ങളെയും പിടിച്ചുകെട്ടി വിജയക്കൊടി നാട്ടാനായി എന്നത് അത്ര നിസ്സാരവത്കരിക്കേണ്ടതല്ല. തന്നെയുമല്ല, ഒന്നര ദശകത്തോളം കാലം ബി ജെ പി അടക്കി ഭരിച്ചിരുന്ന ഛത്തീസ്ഗഢില്‍ ശരിക്കും എതിരാളിയെ നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് നേടിയെടുത്ത വിജയം കൂടി ചേര്‍ത്തുവെക്കുമ്പോള്‍ വരാനുള്ള ഫൈനല്‍ മത്സരം കൊഴുപ്പിക്കാനുള്ള സാധ്യത ഏറെയാണു താനും.

അഞ്ചില്‍ മൂന്നിടത്തേ വിജയം നേടാനായുള്ളു എന്നതും വടക്കുകിഴക്കന്‍ മേഖലയിലും തെക്ക് തെലങ്കാനയിലും ഗംഭീര പരാജയങ്ങളായിരുന്നു കോണ്‍ഗ്രസിനെന്നതും ഫൈനലിന് ഒരുങ്ങുന്നതിനിടയില്‍ ചിന്തക്ക് വിഷയീഭവിക്കേണ്ടതുമാണ്. ചുരുക്കത്തില്‍ ഇന്ത്യയില്‍ ബി ജെ പിയും ആര്‍ എസ് എസും നേതൃത്വം നല്‍കി നടന്നു കൊണ്ടിരിക്കുന്ന അര്‍ധ ഫാസിസ്റ്റ് ഭരണത്തെ എളുപ്പത്തില്‍ താഴെ ഇറക്കി ഇന്ത്യയെ രക്ഷിച്ചെടുക്കാമെന്ന ധാരണ ചിലപ്പോള്‍ അമിത ആത്മവിശ്വാസം മാത്രമായി കലാശിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതേ സമയം, ഇനി തളക്കാന്‍ പറ്റാത്തത്ര ഉയരത്തിലാണ് മോദിയും അമിത് ഷായും നിലകൊള്ളുന്നത് എന്ന സങ്കല്‍പ്പത്തേയും ഒന്നാഞ്ഞു പിടിച്ചാല്‍ തകര്‍ത്ത് നിലംപരിശാക്കാവുന്നതേയുള്ളൂ എന്ന സാധ്യതയും കഴിഞ്ഞ തിരഞ്ഞെടുപ്പ് നല്‍കുന്ന സന്ദേശങ്ങളിലുണ്ട്. കളിക്കളത്തിലെ അലസത വെടിഞ്ഞ് എതിര്‍ നീക്കങ്ങള്‍ക്ക് തന്ത്രങ്ങളും ചടുലതകളും വേണമെന്നു മാത്രം. ഒന്നാമത് ഇന്ത്യയുടെ ഹൃദയഭൂമിയെന്നും ഹിന്ദുബെല്‍റ്റെന്നും പറയുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, എന്നിവിടങ്ങളില്‍ ഭരണം നഷ്ടപ്പെട്ടുവെങ്കിലും ബി ജെ പിയും ആര്‍ എസ് എസും തകര്‍ന്നടിഞ്ഞു എന്നൊന്നും വിലയിരുത്തിക്കൂടാ. വോട്ടിംഗ് ശതമാനത്തില്‍ പോലും ബി ജെ പിയും കോണ്‍ഗ്രസും പറയത്തക്ക അന്തരങ്ങളൊന്നുമില്ലെന്നാണ് വെളിപ്പെടുന്ന കണക്കുകള്‍. അപ്പോള്‍ ഇനി അവശേഷിക്കുന്ന കാലം ഇവിടങ്ങളില്‍ ഭരണം ഏത് രീതിയില്‍ മുന്നോട്ടുപോകും എന്നതിനെ അടിസ്ഥാനമാക്കിത്തന്നെയാകും ഫൈനല്‍ കാലത്തെ വോട്ടെടുപ്പിലെ വിജയം.

ഇപ്പോള്‍ ഈ സെമി പോരാട്ടത്തില്‍ വിജയിച്ച ഘടകങ്ങള്‍ പരിശോധിച്ച് വിലയിരുത്തുമ്പോള്‍ അതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ കരുത്തല്ല പ്രധാനമായും പ്രതിഫലിച്ചത്. തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ ഛത്തീസ്ഘഢില്‍ കോണ്‍ഗ്രസ് സംഘടനാ ദൗര്‍ബല്യത്തിന്റെ പരകോടിയില്‍ പെട്ടുഴലുകയായിരുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നിട്ടും അവിടെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ബി ജെ പി യെ പുറം തള്ളാനായത് ജനത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു ബി ജെ പിയുടെയും സംഘ് പരിവാരത്തിന്റേയും ചെയ്തികള്‍ എന്നത് കൊണ്ട് തന്നെയാണ്.
ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഒരു സൂചന വെറും ഹിന്ദുത്വ വൈകാരികത ഊതി വീര്‍പ്പിച്ചതുകൊണ്ടു മാത്രം ഇനി ഹിന്ദു ബെല്‍റ്റിലടക്കം ബി ജെ പിക്കും സംഘ്പരിവാരത്തിനും പിടിച്ചു നില്‍ക്കാനാവില്ല എന്നതാണ്. രാജസ്ഥാനില്‍ പശുവിറച്ചിയുടെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറിയ മേഖലകളിലെല്ലാം ബി ജെ പിക്ക് കനത്ത തോല്‍വി സംഭവിച്ചതില്‍ നിന്നു തന്നെ ഇതു വ്യക്തമാണ്. ജനത്തിന്റെ ജീവല്‍ പ്രശ്‌നങ്ങളായ കാര്‍ഷിക കടം, ഇന്ധനവില വര്‍ധനവ്, നോട്ട് അസാധുവാക്കലിന്റെ പേരില്‍ ഏല്‍ക്കേണ്ടി വന്ന വലിയ ബുദ്ധിമുട്ടുകള്‍….. ഇത്തരം പ്രശ്‌നങ്ങളില്‍ മോദിയും അമിത് ഷായും എടുത്ത കടുത്ത ജനവിരുദ്ധ നിലപാടുകള്‍ എല്ലാം ജനം നിശബ്ദമായി നോക്കിക്കണ്ടു എന്നു വേണം വിലയിരുത്താന്‍. അത്തരം ആപത്ഘട്ടങ്ങളിലൊന്നും ശരിക്കുള്ള പ്രതിഷേധമോ പ്രതിരോധമോ സംഘടിപ്പിക്കാന്‍ കഴിയാതിരുന്നിട്ടും കോണ്‍ഗ്രസിനെത്തന്നെ ഹിന്ദുബെല്‍റ്റിലടക്കം ജനം പിന്തുണച്ചതില്‍ നിന്ന് തന്നെ മോദി ഭരണത്തിനെതിരെയുള്ള ജനരോഷത്തിന്റെ ആഴം വ്യക്തമാവും. അതുപോലെ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മോദിയും സംഘവും ഇന്ത്യയിലെ കര്‍ഷക ലക്ഷങ്ങളെ നാള്‍ക്കുനാള്‍ കടക്കെണിയില്‍ കുടുക്കി പാപ്പരാക്കിക്കൊണ്ടിരുന്നപ്പോള്‍ അതിനെതിരെ ശക്തമായ ബഹുജന്‍ മാര്‍ച്ചുകള്‍ നടത്തി ഭരണത്തിന്റെ സിരാ കേന്ദ്രങ്ങളെ സ്തംഭിപ്പിച്ച കിസാന്‍സഭയുടെ പോരാട്ടം ശരിക്കും ലക്ഷ്യം കണ്ടതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ ഒരു സവിശേഷത. അതില്‍ ഉത്തരേന്ത്യയില്‍ ദുര്‍ബലമെന്ന് നമ്മള്‍ എഴുതിത്തള്ളാറുള്ള ഇടതുപക്ഷം പ്രത്യേകിച്ച് സി പി എമ്മിന്റെ കര്‍ഷക സംഘടനയുടെ ഇടപെടല്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നു. രാജസ്ഥാനില്‍ ഇന്നത്തെ സാഹചര്യത്തില്‍ ബി ജെ പിയില്‍ നിന്ന് രണ്ട് സീറ്റുകള്‍ പിടിച്ചെടുക്കുകയും ഏതാനും മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനമടക്കം നല്ല മുന്നേറ്റങ്ങള്‍ കാഴ്ചവെക്കാന്‍ സി പി എമ്മിനായത് ഇടതു പക്ഷത്തിനും ശുഭ സൂചനയാണ്.

അടിസ്ഥാന വര്‍ഗങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനായാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ദരിദ്രര്‍ അധിവസിക്കുന്ന ഉത്തരേന്ത്യന്‍ ഇടങ്ങളിലും ഇടതുപക്ഷത്തിന് സാവധാനത്തിലെങ്കിലും കടന്നുകയറാം എന്ന സന്ദേശം കൂടിയുണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. അതുപോലെ ബി ജെ പിയുടെ തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ‘ഞങ്ങളും ഹിന്ദുത്വത്തിന്റെ വക്താക്കള്‍’ എന്ന നയസമീപനം ആര്‍ എസ് എസിനെ ചെറുക്കാനുള്ള ഒരു താത്കാലിക തന്ത്രം എന്നതിനപ്പുറത്തേക്ക് വളര്‍ന്നാല്‍ അത് മതേതരത്വം തിരിച്ചുപിടിക്കലിന് സഹായകമാകില്ലെന്ന തിരിച്ചറിവും ഉണ്ടാകണം. ഫൈനല്‍ മത്സരത്തിന്റെ മുമ്പുള്ള കുറഞ്ഞ മാസങ്ങളിലെ ഭരണകൂട ചെയ്തികള്‍ ബി ജെ പി യുടെ തനിയാവര്‍ത്തനം തന്നെയായാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് നേടിയെടുക്കാന്‍ കഴിഞ്ഞ വിശ്വാസ്യത മുമ്പത്തേക്കാളും വലിയ പതനത്തില്‍ എത്താനും സാധ്യതകള്‍ ഏറെയാണ്.
കോണ്‍ഗ്രസിനകത്ത് ബി ജെ പിയിലേക്ക് ചേക്കേറാന്‍ കണ്ണും നട്ടിരുന്ന ഒരു വിഭാഗം ഉണ്ട് എന്ന സത്യത്തെ കാണാതിരിക്കരുത്. തീര്‍ച്ചയായും ഇപ്പോള്‍ നേടിയെടുത്ത വിജയം ആ മറുകണ്ടം ചാടാന്‍ കാത്തിരിക്കുന്നവരെ തടഞ്ഞു നിര്‍ത്താന്‍ ഉപകരിക്കും. കേരളത്തില്‍ പോലും എല്‍ ഡി എഫ്, യു ഡി എഫ് ദ്വന്ദത്തില്‍ വിടവുകള്‍ വീഴ്ത്തി അതിനെ എല്‍ ഡി എഫ്, എന്‍ ഡി എ എന്ന തലത്തിലേക്ക് മാറ്റാന്‍ ബി ജെ പി കൊണ്ടുപിടിച്ചു ശ്രമിച്ചിരുന്നത് കോണ്‍ഗ്രസിലെ ഈ മറുകണ്ടംചാടികളില്‍ കണ്ണും നട്ടായിരുന്നു. തത്കാലത്തേക്കെങ്കിലും അത്തരം നീക്കങ്ങള്‍ക്ക് തിരിച്ചടിയേകാന്‍ ഈ വിജയിക്കലിനാകുന്നുണ്ട്.
ചുരുക്കത്തില്‍ വരാനുള്ള ഫൈനല്‍ മത്സരത്തിന് മുമ്പുള്ള പ്രാക്ടിക്കല്‍ മാച്ചുകളില്‍ മര്‍മമറിഞ്ഞ് ജാഗ്രതയോടെ കളിക്കളത്തില്‍ നിലകൊണ്ടാല്‍ മാത്രം ഫൈനലും കഴിഞ്ഞ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിന്റെ പഴയ പ്രതാപം വീണ്ടെടുക്കാം. അതുവഴി ഇന്ത്യയെ വിഴുങ്ങാന്‍ കാത്തുനില്‍ക്കുന്ന ഫാസിസ്റ്റ് കഴുകന്‍മാരില്‍ നിന്നും ഈ രാജ്യത്തെ മോചിപ്പിച്ചെടുക്കാനുമാകും. ഒപ്പം നില്‍ക്കാന്‍ താത്പര്യമുള്ള ഏതു പ്രാദേശിക ചെറുസംഘങ്ങളെയും തങ്ങളുടെ കൂടെ ചേര്‍ക്കാനുള്ള വിശാല മനസ്‌കത കാണിച്ചാല്‍ മാത്രമേ ഈയൊരു ലക്ഷ്യം കൈവരിക്കാന്‍ രാഹുലിനും കോണ്‍ഗ്രസിനുമാകൂ. ചുവടു പിഴച്ചാല്‍ തിരിച്ചു കയറാന്‍ പറ്റാത്ത പടുകുഴിയില്‍ കോണ്‍ഗ്രസ് മാത്രമല്ല ഇന്ത്യയെന്ന മഹത്തായ രാജ്യ സങ്കല്‍പ്പവും മുങ്ങിപ്പോകും എന്ന സന്ദേശമാണ് തിരഞ്ഞെടുപ്പാനന്തര ചിന്തകളില്‍ പ്രധാനം.