വനിതാ മതില്‍: മഞ്ജുവിന് പിന്തുണയുമായി ജോയ് മാത്യു

Posted on: December 19, 2018 10:01 am | Last updated: December 19, 2018 at 11:48 am

കോഴിക്കോട്: വനിതാ മതിലിന് പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു. സ്വതന്ത്ര ചിന്തയെ പേടിക്കുന്ന കമ്യൂണിസ്റ്റുകാരെന്ന് ഒരു വിഭാഗം തങ്ങളുടെ മണ്ടത്തരങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തവരെ പാര്‍ട്ടി ഫാന്‍സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും മടിക്കാത്തവരാണ്. മഞ്ജു വാര്യര്‍ക്കെതിരായ അസഭ്യ വര്‍ഷം ഈ രാഷ്ട്രീയ പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജോയ് മാത്യു പറഞ്ഞു.

മതിലുകളില്ലാത്ത ആകാശം സ്വപ്‌നം കാണുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതുകൊണ്ട് മതില്‍ കെട്ടുകയെന്ന ചിന്ത തന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നു. വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ചാരി നില്‍ക്കില്ലെന്നും മഞ്ജു അതാണ് ചെയ്തതെന്നും ജോയ് മാത്യു പറഞ്ഞു. സര്‍ക്കാര്‍ നേത്യത്വം കൊടുക്കുന്ന വനിതാ മതിലിന് മഞ്ജു വാര്യര്‍ ആദ്യം പിന്തുണ അറിയിച്ചിരുന്നുവെങ്കിലും , വനിതാ മതിലില്‍ രാഷ്ട്രീയം ഉണ്ടെന്ന് പറഞ്ഞ് പിന്‍മാറുകയായിരുന്നു. മഞ്ജുവിന്റെ പിന്‍മാറ്റത്തിനെതിരെ മന്ത്രി ജി സുധാകരനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.