കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം ; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു

Posted on: December 18, 2018 10:11 am | Last updated: December 18, 2018 at 7:42 pm

തിരുവനന്തപുരം : എം പാനല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ കാരണം രണ്ടാം ദിവസവും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇന്നലെ മാത്രം 815 സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇന്ന് അതില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങാനാണ് സാധ്യത . ഇതോടെ ജനം കൂടുതല്‍ ദുരിതത്തിലാകും. രാവിലെ തുടങ്ങേണ്ട സര്‍വീസുകളില്‍ പത്ത് ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്.

അതേ സമയം പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ ജോലി സമയം കൂട്ടും. അധിക ജോലിക്ക് അധിക വേതനം നല്‍കും. ഇതിന് പുറമെ കണ്ടക്ടര്‍ ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരായി നിയോഗിക്കാനും തീരുമാനമുണ്ട്. ഇന്ന് രാവിലെ എട്ട് മണിയോടെ മാത്രം 313 സര്‍വീസുകളാണ് മുടങ്ങിയത്.

മുഴുവന്‍ താല്‍ക്കാലിക കണ്ടക്ടര്‍മാരേയും പിരിച്ചുവിട്ടതായി കെഎസ്ആര്‍ടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി കോടതിയില്‍ സത്യവാങ്മൂലം നല്‍കും. പിരിച്ചുവിട്ട നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താല്‍ക്കാലിക ജീവനക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹരജികളില്‍ ഡിവിഷന്‍ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.