Connect with us

Articles

അറബി ഭാഷയുടെ ചക്രവാളങ്ങള്‍

Published

|

Last Updated

സഹസ്രാബ്ദങ്ങള്‍ക്ക്‌ ശേഷവും വിനിമയ സാഹിത്യ രംഗങ്ങളില്‍ ക്ലാസിക്കല്‍ ഭാഷകളില്‍ അദ്വിതീയ സ്ഥാനം അറബി ഭാഷ അലങ്കരിക്കുന്നതിന്റെ പ്രധാന ഹേതു അതിന്റെ ഔന്നത്യവും മഹത്തായ പൈതൃകവുമാണ്. പ്രവാചകനായ നൂഹ് (അ)മിന്റെ മകന്‍ സാമിന്റെ കാലം മുതല്‍ സംസാരിച്ചു തുടങ്ങിയ സെമിറ്റിക്ക് ഭാഷകളില്‍ പലതും കാലക്രമേണ നാമാവശേഷമായെങ്കിലും ഇന്നും അറബി പുതിയ ലോകത്തിന്റെ പുരോഗതിക്കൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ലോക ജനംസഖ്യയില്‍ നാലിലൊന്ന് പേര്‍ സംസാരിക്കുന്നതും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം നേടിയ ആറ് ഭാഷകളിലൊന്നും ഏഷ്യനാഫ്രിക്കന്‍ പ്രവിശ്യകളിലെ 22 രാജ്യങ്ങളിലെ 40 കോടി ജനങ്ങളുടെ ഔദ്യോഗിക ഭാഷയും 160 കോടി മുസ്‌ലിംകളുടെ ആരാധനാ ഭാഷയുമാണ് അറബി. ലോക രാജ്യങ്ങളുമായി അഭേദ്യബന്ധം സ്ഥാപിച്ച അറബി ഭാഷയാണ് ലോക സഞ്ചാരികളുടെ ഭൂപടഭാഷകളിലൊന്ന്. കൊളംബസും വാസ്‌കോഡ ഗാമയും സഞ്ചാരത്തിന്റ ഗതിവിഗതികള്‍ നിര്‍ണയിക്കുന്നതിന് അറബികളുടെ സഹായം തേടിയതായി ചരിത്രം പറയുന്നു. പ്രാചീന അറബികളുടെ കാലം മുതല്‍ സജീവമായ രാജ്യാന്തര സമ്പര്‍ക്കങ്ങളും വാണിജ്യ ബന്ധങ്ങളും ദേശാടനവും ഇതര നാട്ടുകാരുടെ ഹജ്ജ് യാത്രകളും അറബി ഭാഷക്ക് പ്രചുരപ്രചാരം നല്‍കി.

ഇസ്‌ലാമിന്റെ വ്യാപനത്തോടെ അറബി ഭാഷ കേരളത്തില്‍ ജനപ്രീതി നേടി. കേരളത്തിന്റെ നാമകരണത്തില്‍ അറബിയുടെ സ്വാധീനം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ വിഭവ സമൃദ്ധിയും ഹരിതാപവും പ്രകൃതി രമണീയതയും കണ്ട് ആശ്ചര്യപ്പെട്ട് പറഞ്ഞ “ഖൈറല്ലാഹ്” എന്നത് കാലാന്തരത്തില്‍ ലോപിച്ചാണ് കേരളം എന്നു പേര് വന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. 14ാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്‌നു ബത്തൂത്ത, രിഹ്‌ല എന്ന കൃതിയില്‍ കേരളത്തിലെ അറബിയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്.

പ്രവാചകര്‍ (സ)യുടെ കാലത്ത് കേരളത്തിലെത്തിയ മാലിക് ബ്‌നു ദീനാറും (റ) സംഘവും പല ഭാഗങ്ങളിലായി പളളികള്‍ നിര്‍മിച്ച് ജനങ്ങളുമായി ഇടപഴകാന്‍ തുടങ്ങിയതോടെ വാണിജ്യമേഖലയില്‍ ഒതുങ്ങി നിന്ന അറബി ഭാഷ സാംസ്‌കാരിക മണ്ഡലങ്ങളിലേക്ക് കൂടി വ്യാപിച്ചു. അറബി ഭാഷയുമായുള്ള നിരന്തര ബന്ധത്തിലൂടെ അറബി ലിപിയില്‍ മലയാളമെഴുതുന്ന അറബി മലയാളം ഉടലെടുത്തു. തെലുങ്ക്, തമിഴ്, കന്നട, ഉര്‍ദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളില്‍ അറബി ഭാഷയുടെ സ്വാധീനം കാണാം. ലാ, റദ്ദ്, ഖലാസ്, ബദല്‍, വകീല്‍, മുന്‍സിഫ്, അദാലത്, മുഖ്തിയാര്‍, കീസ്, ദല്ലാള്‍, അസ്സല്‍, സാബൂന്‍ തുടങ്ങിയവ മലയാളികളുടെ നിത്യോപയോഗ പദങ്ങളാണ്. അറബി ഭാഷയുടെ പ്രചാരണത്തിന് കോഴിക്കോട്ടെ ഖാളിമാരുടെയും മഖ്ദൂമുമാരുടെയും സാന്നിധ്യം ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) ഒന്നാമന്‍ രചിച്ച “തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തി സ്സുല്‍ബാന്‍” എന്ന 150 വരികളുള്ള കാവ്യവും പൗത്രനും ലോകപ്രശസ്ത പണ്ഡിതനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ) രചിച്ച “തുഹ്ഫതുല്‍ മുജാഹിദീനും” ലോക ശ്രദ്ധ പിടിച്ചുപറ്റിയ പുസ്തകങ്ങളാണ്.

നിയമ ശാസ്ത്രം, വ്യാകരണ ശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, കാവ്യ മീമാംസ എന്നിവയില്‍ അഗാധമായ അവഗാഹമുള്ള ശൈഖ് മഖ്ദൂം രണ്ടാമന്റെ ഫത്ഹുല്‍ മുഈന്‍ ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥമായി ഗണിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, യമന്‍, ഏതോപ്യ തുടങ്ങിയ രാജ്യങ്ങളിലെ ഉന്നത കലാലയങ്ങളില്‍ പാഠ്യവിഷയമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖാളി മുഹമ്മദ്(റ)വിന്റെ “അല്‍ ഫത്ഹുല്‍ മുബീന്‍” എന്ന അധിനിവേശത്തിന്റെ കിരാതചിത്രങ്ങള്‍ അനാവരണം ചെയ്യുന്ന ഗ്രന്ഥം അറബിയുടെ ഭാഷാ സൗന്ദര്യവും വിഷയ ഗാംഭീര്യവും വിളിച്ചോതുന്നു. വെളിയങ്കോട് ഉമര്‍ ഖാളി (റ) വിന്റെ “മഖാസിദുന്നികാഹ്”, “സ്വല്ലല്‍ ഇലാഹ്”, “നഫാഇസുദുറര്‍” തുടങ്ങിയ കാവ്യങ്ങളും മമ്പുറം തങ്ങളുടെ “സൈഫുല്‍ ബത്താര്‍”, ജിഫ്രി തങ്ങളുടെ “കന്‍സുല്‍ ബറാഹീന്‍” എന്നിവയും അറബി സാഹിത്യ കൃതികളില്‍ പ്രസിദ്ധമാണ്.

തിരുവിതാംകൂര്‍ മഹാരാജാവായ ശ്രീമൂലം തിരുനാളാണ് കേരളത്തില്‍ ആദ്യമായി സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ അറബി ഉള്‍പ്പെടുത്തിയത്. 1909ല്‍ മര്‍ഹൂം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(റ)വാഴക്കാട്ട് തുടങ്ങിയ സ്ഥാപനമാണ് കേരളത്തിലെ ആദ്യ അറബി ഭാഷാ കോളജ്. സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അറബി ഭാഷയുടെ ഗതി മാറി. 1956ല്‍ നിലവില്‍ വന്ന മദ്‌റസാ ബോര്‍ഡിന് കീഴില്‍ പതിനെണ്ണായിരത്തിലേറെ മദ്‌റസകള്‍ക്ക് പുറമെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവയിലൂടെ അറബി ഭാഷ പഠിപ്പിക്കപ്പെട്ടു. തകഴിയുടെ ചെമ്മീന്‍, ബഷീറിന്റെ യാ ഇലാഹീ, കമലാ സുറയ്യയുടെ യാ അല്ലാഹ്, കുമാരനാശാന്റെ വീണപൂവ്, ബെന്യാമീന്റെ ആടുജീവിതം, പെരുമ്പടവം ശ്രീധരന്റെ “ഒരു സങ്കീര്‍ത്തനം പോലെ” തുടങ്ങിയവ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടു.

1980നു ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പത്രമാധ്യമങ്ങള്‍, പെട്രോളിയം കമ്പനികള്‍, മസ്ജിദുകള്‍, മതസ്ഥാപനങ്ങള്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യകള്‍ വര്‍ധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന കേരളീയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിലൊന്നുണ്ട്. ടൂറിസം മേഖല മെച്ചപ്പെട്ടതോടെ അറബികളുടെ ഉല്ലാസ കേന്ദ്രമായി മാറി കേരളം. കേരളത്തിലെ അഞ്ച് സര്‍വകലാശലയിലും അതിന്റെ കീഴിലുള്ള ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളിലും അറബി ഭാഷാ പഠനം സജീവമായതോടെ പഠിതാക്കളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.

ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ തുറന്നു കിടക്കുന്നു. തൊഴില്‍ വാണിജ്യ മേഖലകളിലെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ മനസ്സിലാക്കി അമേരിക്ക, ജപ്പാന്‍, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അറബി ഭാഷ മുഖ്യപഠന വിഷയമാക്കിയിരിക്കുന്നു.

സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസീ ഗവേര്‍ണിംഗ് സിസ്റ്റം മിക്ക ഗള്‍ഫ് രാജ്യങ്ങളും പ്രാവര്‍ത്തികമാക്കിത്തുടങ്ങി. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഭരണഭാഷ മാതൃഭാഷയാക്കണമെന്ന ആശയം രംഗത്ത് വരികയും എല്ലാ രംഗങ്ങളിലും അറബിഭാഷയെ അവരോധിക്കാനുള്ള ശ്രമങ്ങള്‍ താത്വികമായി അംഗീകരിക്കുകയും ചെയ്തു. സ്വദേശിവത്കരണത്തോടൊപ്പം കടന്നുവരുന്ന മാതൃഭാഷാവത്കരണം, അറബി ഭാഷ പഠിച്ചവര്‍ക്ക് ഒട്ടനവധി തൊഴില്‍ സാധ്യതകള്‍ തുറന്നുവെക്കുകയാണ് ചെയ്യുന്നത്. ട്രാന്‍സ്ലേഷന്‍, ട്രാന്‍സ്‌ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്ഷന്‍, ഫംഗ്ഷണല്‍ അറബിക്, അറബിക് വെബ് എഡിറ്റിംഗ് തുടങ്ങിയ ഒട്ടനവധി പുതിയ കവാടങ്ങളാണ് അറബി പഠിതാക്കളെ കാത്തിരിക്കുന്നത്.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമീഷന്റെ ശിപാര്‍ശയില്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയം മുന്നോട്ട് വെച്ചിരുന്നു. പിന്നീട് വന്ന യു ഡി എഫ് വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് അറബിക് സര്‍വകലാശാല സ്ഥാപിക്കാനുള്ള നിര്‍ദേശം സമര്‍പ്പിച്ചു. എന്നാല്‍, അന്നത്തെ ധനവകുപ്പ് ഇത് തടയുകയായിരുന്നു. സംസ്ഥാനത്തെ അറബിക് കോളജുകളെ കുറിച്ച് പഠിച്ച സമിതിയുടെ പ്രധാന നിര്‍ദേശത്തില്‍ ഒന്ന് അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്നായിരുന്നു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഇത് സര്‍ക്കാറിന്റെ പരിഗണനക്കായി സമര്‍പ്പിച്ചെങ്കിലും ഇതുവരെ യാതൊരു വിധ ചുവടുവെപ്പുകളും നടന്നിട്ടില്ല.

ഒരു അറബിക് സര്‍വകലാശാല കേരളത്തിന് അനിവാര്യമാണ്. അറബിഭാഷ സാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും ഇടപെടലുകളും ക്രിയാത്മകമായി നടക്കേണ്ടതുണ്ട്. അറബി സാഹിത്യ മത്സരങ്ങളില്‍ ഭാഷാനൈപുണ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അതിനു പുറമെ സ്‌കൂള്‍/മദ്‌റസാ തലം മുതല്‍ അറബി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനും അറബി ശബ്ദാവലിയെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനും നൈപുണ്യവും മികവും നിറഞ്ഞ ഭാഷാവിദഗ്ധരെ സൃഷ്ടിക്കുന്നതിനും വിവര സാങ്കേതിക മേഖലകള്‍ ഉപയോഗപ്പെടുത്തി പഠനം എളുപ്പമാക്കുന്നതിനും വിദ്യാര്‍ഥികളെ അറബിയില്‍ സംസാരിപ്പിക്കുന്നതിനും അറേബ്യന്‍ ശൈലിയില്‍ പരിശീലിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്ന കരിക്കുലവും സിസ്റ്റവും രൂപപ്പെടുത്തിയെടുക്കല്‍ ഇന്നിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു.

അറബി ഭാഷയുടെ സ്വാധീനവും പ്രാധാന്യവും തിരിച്ചറിഞ്ഞ് 1960ല്‍ യുനെസ്‌കോ അതിന്റെ ഭരണഘടനയും രേഖകളും പ്രസിദ്ധീകരണങ്ങളും അറബിയില്‍ കൂടി ഉള്‍പ്പെടുത്തി. 1966 ല്‍ അറബിയിലേക്കും അറബിയില്‍ നിന്നും തര്‍ജമ ചെയ്യാന്‍ വേണ്ടി യുനെസ്‌കോയുടെ പ്ലീനറി സെക്ഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 1973 ലാണ് അറബിയെ മറ്റ് ഔദ്യോഗിക ഭാഷക്കൊപ്പം ഐക്യരാഷ്ട്ര സഭ ചേര്‍ക്കുന്നത്. അത് ഡിസംബര്‍ 18ന് ആയിരുന്നു. 2010 മുതലാണ് യുനെസ്‌കോയുടെ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് അറബി ഭാഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ലോകഭാഷകളിലും ആഗോള മേഖലകളിലുമുള്ള അറബി ഭാഷയുടെ അനന്ത സാധ്യതകളും സ്വാധീനവും കണക്കിലെടുത്ത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നിതാനമാകുന്ന ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ നമുക്കും അധികാരികള്‍ക്കുമാവട്ടെ!

Latest