വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും; വിശ്വാസികള്‍ക്ക് അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാം: എന്‍എസ്എസ്

Posted on: December 17, 2018 3:15 pm | Last updated: December 17, 2018 at 4:19 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിസ്വാസം സംരക്ഷിക്കാന്‍ കൂടെ നിന്നവരെ പിന്തുണക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്നും വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആരെയും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാറിന്റെ നടപടി ധാര്‍ഷ്ട്യമാണ്. മുഖ്യമന്ത്രി എന്ന രീതിയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നത്. ആരുടേയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയിലെ ആചാരങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍എസ്എസ് സര്‍ക്കാറില്‍നിന്നും ഒന്നും നേടിയിട്ടില്ല. സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് മാറിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിത നിലപാടാണ് സ്വീകരിക്കുക. വിശ്വാസം കാക്കാന്‍ ഒപ്പം നിന്നവരെ പിന്തുണക്കും. വനിതാമതിലുമായി സഹകരിച്ചാല്‍ ബാലക്യഷ്ണപ്പിള്ളയുമായി എന്‍എസ്എസ് സഹകരിക്കില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ സുകുമാരന്‍ നായര്‍ വ്യക്തമാക്കി.