ഡിജിറ്റല്‍ വിപ്ലവം രാജ്യത്തിനു അനിവാര്യം: മന്ത്രി രവിശങ്കര്‍ പ്രസാദ്

Posted on: December 16, 2018 7:46 pm | Last updated: December 16, 2018 at 7:46 pm

പനാജി: വ്യാവസായിക വിപ്ലവം നഷ്ടപ്പെട്ടതു പോലെ ഡിജിറ്റല്‍ വിപ്ലവം നമുക്കു നഷ്ടപ്പെട്ടു കൂടെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ്. 2014ലെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയം മുന്നോട്ടു വച്ചിരുന്ന കാര്യം മന്ത്രി ഓര്‍മിപ്പിച്ചു. ഗോവയില്‍ ഐ ടി ദിനാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എഴുപതുകളിലും എണ്‍പതുകളിലും നടന്ന വ്യാവസായിക വിപ്ലവം ഇന്ത്യക്കു നഷ്ടമായി. എന്നാല്‍, അത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പാടില്ല. ഡിജിറ്റല്‍ വിപ്ലവത്തിനു ഒരു നായകന്‍ ആവശ്യമാണ്- രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇടയിലൊരു പാലമായി വര്‍ത്തിക്കാന്‍ ഡിജിറ്റല്‍ സംവിധാനം വ്യാപകമാക്കുന്നതിലൂടെ സാധ്യമാകും. രാജ്യത്തെ ഒരുലക്ഷം ഗ്രാമ പഞ്ചായത്തുകളെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി ബന്ധിപ്പിക്കുന്ന പ്രക്രിയ വഴി ബന്ധിപ്പിച്ചു കഴിഞ്ഞു. രണ്ടര ലക്ഷം ഗ്രാമ പഞ്ചായത്തുകളെ കൂടി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരികയാണ്- മന്ത്രി പറഞ്ഞു.