Connect with us

National

പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം

Published

|

Last Updated

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി എം കെ) ചെന്നൈ അറിവാലയത്തിലെ പാര്‍ട്ടി ആസ്ഥാനത്തിനു മുന്നില്‍ സ്ഥാപിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ യു പി എ അധ്യക്ഷ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു. കരുണാനിധിയുടെ മകനും പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റുമായ എം കെ സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ച് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള വിവിധ കക്ഷി നേതാക്കള്‍ ചടങ്ങിനെത്തിയിരുന്നു.

സംസ്ഥാനത്തെ എ ഐ ഡി എം കെ സര്‍ക്കാരിനും കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാരിനുമെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ പ്രദര്‍ശനം കൂടിയായി ചടങ്ങ് മാറി. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപവത്കരിക്കുന്നതിനു മുന്‍കൈയെടുക്കുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുശ്ശേരി മുഖ്യമന്ത്രി വി നാരായണ സ്വാമി തുടങ്ങിയവരും അനാച്ഛാദന പരിപാടിയില്‍ ക്ഷണിതാക്കളായെത്തി. നടന്‍ രജനീകാന്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

സി പി എം, സി പി ഐ, ജനതാദള്‍ (സെക്യുലര്‍), നാഷണലിസ്റ്റ് പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്), ആം ആദ്മി പാര്‍ട്ടി എന്നിവയുടെ നേതാക്കളെയും ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു.