Connect with us

Ongoing News

175 റണ്‍സ് ലീഡ്; ഓസീസ് ഒരടി മുന്നില്‍

Published

|

Last Updated

പെര്‍ത്ത്: ഇന്ത്യ-ആസ്‌ത്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് ഒരടി മുന്നില്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഓസീസ് നാലു വിക്കറ്റിന് 132 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ 175 റണ്‍സിന്റെ ലീഡായി. ഉസ്മാന്‍ ഖ്വാജ (41), ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസിലുള്ളത്.

56 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത എം എസ് ഹാരിസിന്റെ വിക്കറ്റ് ജസ്പ്രീത് ബുംറ പിഴുതു. അതിനിടെ 30ല്‍ 25 റണ്‍സോടെ കുതിക്കുകയായിരുന്ന അരോണ്‍ ജെ ഫിഞ്ച് ഷമിയുടെ പന്ത് വിരലില്‍ കൊണ്ടു പരിക്കേറ്റതിനെ തുടര്‍ന്ന് മടങ്ങിയത് ആസ്‌ത്രേലിയക്ക് തിരിച്ചടിയായി. അഞ്ച് റണ്‍സ് മാത്രമെടുത്ത ഷോണ്‍ മാര്‍ഷിനെ മുഹമ്മദ് ഷമി ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഹാന്‍ഡ്‌സ് കോമ്പിനെ (13) ഇഷാന്ത് ശര്‍മ വിക്കറ്റിനു മുന്നില്‍ കുരുക്കി. 19ല്‍ നില്‍ക്കെ ടിം ഹെഡ് ഷമിയുടെ പന്തില്‍ ശര്‍മയുടെ കൈകളിലൊതുങ്ങി.

നേരത്തെ ഇന്ത്യ 283 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ നഥാന്‍ ലിയോണും രണ്ട് വീതം വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍കും ഹാസില്‍വുഡും ചേര്‍ന്നാണ് ഇന്ത്യയുടെ കുതിപ്പ് തടഞ്ഞത്. നായകന്‍ വിരാട് കോഹ്ലിയുടെ 25ാം സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 257 പന്തുകളില്‍ നിന്ന് പതിമൂന്ന് ബൗണ്ടറിയും ഒരു സിക്സും സഹിതം കോഹ്ലി 123 റണ്‍സെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ (51), ഹനുമ വിഹാരി (20), ഋഷാഭ് പന്ത് (36), മുഹമ്മദ് ഷാമി (പൂജ്യം), ഇശാന്ത് ശര്‍മ (ഒന്ന്), ബുംറ (നാല്) എന്നിവരാണ് ഇന്ന് പുറത്തായ ബാറ്റ്സ്ന്മാമാര്‍. നാല് റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു.

മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ അജിങ്ക്യ രഹാനെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നഥാന്‍ ലിയോണിന്റെ പന്തില്‍ ടിം പെയ്ന്‍ പിടിച്ചാണ് രഹാനെ പുറത്തായത്. പിന്നാലെയെത്തിയ ഹനുന്‍ വിഹാരിയെ (20) ഹാസില്‍വുഡ് പെയ്നിന്റെ കൈകളിലെത്തിച്ചു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി പുനരാരംഭിച്ചത്. ആസ്ത്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 326 റണ്‍സിന് ആള്‍ ഔട്ടായിരുന്നു. ഓപണര്‍മാര്‍ നിരാശപ്പെടുത്തിയത് മികച്ച അടിത്തറ നഷ്ടമാക്കി. ലോകേഷ് രാഹുല്‍ (2), മുരളി വിജയ് (0) വന്നതും പോയതും പെട്ടെന്നായി. പതിനേഴ് പന്തുകളാണ് രാഹുല്‍ നേരിട്ടത്. മുരളി പന്ത്രണ്ട് പന്ത് നേരിട്ടിട്ടും റണ്‍സെടുത്തില്ല.
മാത്രമല്ല, സ്റ്റാര്‍ചിന്റെ തീപാറും പന്തില്‍ മുരളിയുടെ കുറ്റി തെറിക്കുകയായിരുന്നു. ആ കാഴ്ച ഇന്ത്യന്‍ ക്യാമ്പിനെയൊന്നടങ്കം പ്രതിരോധത്തിലാക്കുന്നതായി. ഭയപ്പെട്ടത് സംഭവിക്കുന്നതിന്റെ സൂചന.

എന്നാല്‍, ഡിഫന്‍ഡിംഗിന്റെ ആചാര്യനായ ചേതേശ്വര്‍ പുജാരക്ക് മുന്നില്‍ ഓസീസ് പേസര്‍മാര്‍ക്ക് പതിയെ നിരാശ ബാധിച്ചു. രാഹുല്‍ പുറത്തായി വിരാട് എത്തിയപ്പോള്‍ പുജാരക്ക് മികച്ച കൂട്ടായി. തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് ചേതേശ്വര്‍ പുജാര-വിരാട് സഖ്യമാണ്. ഹാസല്‍വുഡിന്റെയും സ്റ്റാര്‍ചിന്റെയും ആവേശം തണുപ്പിക്കാന്‍ ഇരുവരും കൂടുതല്‍ നേരം ക്രീസില്‍ നിന്നു. 103 പന്തുകള്‍ പുജാര നേരിട്ടു.
24 റണ്‍സെടുത്ത പുജാരയെ സ്റ്റാര്‍ചാണ് ഒടുവില്‍ വീഴ്ത്തിയത്. ഈ വിക്കറ്റ് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. ടീം സ്‌കോര്‍ 82 ല്‍ നില്‍ക്കുമ്പോഴാണ് പുജാര മടങ്ങിയത്. മൂന്നാം ഓവറില്‍ ക്രീസിലെത്തിയ പുജാര മടങ്ങുന്നത് മുപ്പത്തൊമ്പതാം ഓവറിലാണ്. ഈ പ്രതിരോധ ഗെയിം ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ഉയര്‍ച്ചക്ക് അടിത്തറയായെന്ന് നിസംശയം പറയാം.

പരമ്പരയില്‍ 1-0ന് പിറകില്‍ നില്‍ക്കുന്ന ഓസീസിന് പെര്‍ത്ത് പോലെ ഏറ്റവും അനുയോജ്യമായ വേദിയില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയുടെ ചരിത്രപരമായ ആധിപത്യം ഇത്തവണ ഉറപ്പിക്കാം.

---- facebook comment plugin here -----

Latest