ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ ഇത്തിഹാദ്

Posted on: December 15, 2018 6:18 pm | Last updated: December 15, 2018 at 6:18 pm

ദുബൈ: നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ജെറ്റ് എയര്‍വേയ്‌സിനെ രക്ഷിക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ശ്രമം. മലയാളി വ്യവസായി എം എ യൂസുഫലിയാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നതെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജെറ്റ് എയര്‍വേയ്‌സ് ചെയര്‍മാന്‍ നരേഷ് ഗോയലാണ് ഇത്തിഹാദുമായുള്ള ചര്‍ച്ചകള്‍ക്കിടെ എം എ യൂസുഫലിയെ സമീപിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തിഹാദുമായുള്ള ചര്‍ച്ചകള്‍ വിജയിച്ചാല്‍ അബുദാബി രാജകുടുംബവുമായി അടുത്ത ബന്ധമുള്ള എം എ യൂസുഫലിയും ജെറ്റ് എയര്‍വേയ്‌സില്‍ കാര്യമായ മുതല്‍മുടക്കിന് തയ്യാറാകുമെന്നാണ് സൂചന.

2013ലും ജെറ്റ് എയര്‍വേയ്‌സും ഇത്തിഹാദും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തത് എം എ യൂസുഫലിയായിരുന്നു. എന്നാല്‍ അന്ന് ചര്‍ച്ചകള്‍ വിജയം കണ്ടില്ല. അതേസമയം യൂസുഫലിക്ക് പുറമെ മറ്റൊരു ഇന്ത്യന്‍ വ്യവസായിയും ജെറ്റ് എയര്‍വേയ്‌സിന്റെ രക്ഷാശ്രമങ്ങളില്‍ പങ്കാളിയാവുമെന്ന റിപ്പോര്‍ട്ടും ചില മാധ്യമങ്ങള്‍ പുറത്തുവിടുന്നു. ഏറ്റെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇത്തിഹാദിന്റെ ഗ്യരന്റിയില്‍ 15 കോടി ഡോളറിന്റെ വായ്പ ലഭ്യമാക്കാമെന്ന് സമ്മതിച്ചതായും വിവരമുണ്ട്. വരുന്ന ഏപ്രിലിന് മുന്‍പ് 50 കോടി ഡോളറെങ്കിലും ലഭ്യമായാല്‍ മാത്രമേ ജെറ്റ് എയര്‍വേയ്‌സിന് പിടിച്ചുനില്‍ക്കാനാവൂ. ഇപ്പോള്‍ തന്നെ വിമാനങ്ങള്‍ ലീസിനെടുത്തതിന്റെ പണം പോലും കമ്പനി നല്‍കിയിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉന്നത പദവിയിലുള്ളവര്‍ക്കും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പോലും ശമ്പളവും മുടങ്ങിയിരിക്കുകയാണ്.

ജനുവരിക്ക് ശേഷം ജെറ്റിന്റെ ഓഹരികളില്‍ 66 ശതമാനം ഇടിവാണ് നേരിട്ടത്. വായ്പകള്‍ തിരിച്ചടക്കാത്തതിനാല്‍ റേറ്റിങ് ഏജന്‍സിയായ ഐ സി ആര്‍എ, കമ്പനിയെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. ഇതുകാരണം ഇനി വായ്പകള്‍ സംഘടിപ്പിക്കാനും പ്രയാസമാണ്. വായ്പ നല്‍കിയ സ്ഥാപനങ്ങളുമായി ഇത്തിഹാദിന്റെയും ജെറ്റ് എയര്‍വേയ്‌സിന്റെയും ഉദ്ദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പെടെയുള്ള സ്ഥാപനങ്ങള്‍ ജെറ്റ് എയര്‍വേയ്‌സിന് വായ്പ നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നിടത്താണ് ഇത്തിഹാദിന്റെ രക്ഷാദൗത്യം.