Connect with us

National

റഫേല്‍: ആരോപണത്തിലുറച്ച് രാഹുല്‍, ജെ പി സി അന്വേഷിക്കണം

Published

|

Last Updated

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന ആരോപണത്തിലുറച്ച് കോണ്‍. അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസില്‍ കേന്ദ്ര സര്‍ക്കാറിന് അനുകൂലമായ സുപ്രീം കോടതി വിധിയെ കുറിച്ച് പ്രതികരിക്കവെയാണ് രാഹുല്‍ ആരോപണം ആവര്‍ത്തിച്ചത്.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയാണ്. അനില്‍ അംബാനിക്കു വേണ്ടി 30,000 കോടിയുടെ അഴിമതിയാണ് പ്രധാന മന്ത്രി നടത്തിയിട്ടുള്ളത്. ഇത്രയും ഉയര്‍ന്ന തുകയുടെ കരാര്‍ അംബാനിക്കു നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇടപാടുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ സംയുക്ത പാര്‍ലിമെന്ററി സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മാധ്യമങ്ങളെ കാണാനും അദ്ദേഹം തയാറാകുന്നില്ല. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പി എ സി) മുമ്പാകെ സി എ ജിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് സുപ്രീം കോടതി വിധിയിലുള്ളത്. എന്നാല്‍, അങ്ങനെയൊരു റിപ്പോര്‍ട്ട് പി എ സി അംഗങ്ങള്‍ ആരെങ്കിലും കണ്ടതായി വിവരമില്ല. കോടതി മാത്രം എങ്ങനെയാണ് റിപ്പോര്‍ട്ട് കണ്ടതെന്നു മനസ്സിലാകുന്നില്ല- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.