Connect with us

Kerala

വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ കുഴപ്പമെന്താണെന്ന് കോടതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. ജനു: ഒന്നിന് നടത്തുന്ന പരിപാടിയില്‍ ആരെയും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കണമെന്ന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതില്‍ തടയണമെന്ന് ആവശ്യപ്പെട്ട് മലയാള വേദിയെന്ന സംഘടന നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സര്‍ക്കാറുകള്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതില്‍ തെറ്റൊന്നും കാണാനാകില്ല. ഒരു പൗരന് ഏതെങ്കിലും പരിപാടിയില്‍ പങ്കെടുക്കാനോ പങ്കെടുക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യവും അവകാശവും ഭരണഘടന അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആരെയെങ്കിലും സമ്മര്‍ദം ചെലുത്തി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതായി തോന്നുന്നില്ല.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുണ്ടോയെന്നും പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമോയെന്നും കോടതി ആരാഞ്ഞു. ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി നിര്‍ദേശിച്ചു.

Latest