Connect with us

Kerala

ഇപി ജയരാജന് നാക്കുപിഴ, ഇത്തവണ എം എന്‍ വിജയനെ ഫുട്‌ബോള്‍ താരമാക്കി !

Published

|

Last Updated

തിരുവനന്തപുരം: വീണ്ടും നാക്കു പിഴച്ച് മന്ത്രി ഇപി ജയരാജന്‍. നിയമസഭയില്‍ ചോദ്യോത്തര വേളക്കിടെയാണ് ജയരാജന് ഇത്തവണ അമളി പറ്റിയത്. ഇടതു ചിന്തകനും പ്രഭാഷകനുമായ എം എന്‍ വിജയനെ ഫുട്‌ബോള്‍ താരമാക്കിയായിരുന്നു നിയമസഭയില്‍ മന്ത്രിയുടെ പ്രസംഗം. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയവേ, എം എന്‍ വിജയനൊപ്പം ഓടിക്കളിച്ചതിന്റെ ഗുണം കോവൂര്‍ കുഞ്ഞുമോന് ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. മന്ത്രി ഉദ്ദേശിച്ചത് ഫുട്‌ബോള്‍ താരം ഐഎം വിജയനെയായിരുന്നുവെങ്കിലും എംഎന്‍ വിജയന്‍ എന്ന് മാറിപ്പോകുകയായിരുന്നു. ഉടന്‍ നന്നെ സമീപത്തിരുന്നവര്‍ മന്ത്രിയെ തിരുത്തി. നേരത്തെ,
ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയെ കേരളത്തിന്റെ അഭിമാന താരമെന്ന് അന്ന് കായിക മന്ത്രിയായിരുന്ന ജയരാജന്‍ വിശേഷിപ്പിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയിലെ പ്രതികരണത്തിലാണ് അബദ്ധം പിണഞ്ഞത്. അന്ന് ജയരാജന് വന്ന നാക്കുപിഴ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായിരുന്നു.

കഴിഞ്ഞ ദിവസം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും പ്രസംഗത്തിനിടെ വന്‍ അബദ്ധം പിണഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുമായിരുന്നു ഫിറോസിന്റെ പ്രസംഗം. പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്രസംഗത്തെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. തനിക്ക് വന്ന പിഴവുകളെ ന്യായീകരിക്കാനില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഫിറോസ് പിന്നീട് വ്യക്തമാക്കി.
തെറ്റിനെ തെറ്റായി പറയുകയും അത് തിരുത്തുകയും ചെയ്യുന്നതാണ് ശരിയുടെ പക്ഷം എന്ന് കരുതുന്നു. അത് കൊണ്ട് തെറ്റ് ഏറ്റ് പറയുകയും അത് തിരുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

---- facebook comment plugin here -----