രാജസ്ഥാനില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് മിന്നും വിജയം

Posted on: December 13, 2018 9:54 am | Last updated: December 13, 2018 at 9:54 am

ജയ്പൂര്‍: ജനകീയ പ്രശ്‌നങ്ങള്‍ക്കു മുമ്പില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറെക്കാലം പിടിച്ചു നില്‍ക്കാനാകില്ലെന്ന് തെളിയിക്കുന്നതാണ് ഹിന്ദി ബെല്‍റ്റില്‍ ബി ജെ പിയെ മറികടന്ന് കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയം. ബി ജെ പി യെ നേരിടാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പേരിന് മാത്രം മുസ്‌ലിംകളെ സ്ഥാനാര്‍ഥികളാക്കിയത് മൃദുഹിന്ദുത്വ നയത്തിന്റെ പ്രതിഫലനമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഹിന്ദുത്വം ബി ജെ പി ശക്തിയുക്തം പ്രചാരണായുധമാക്കുമെന്നും ഭരണവിരുദ്ധ വികാരം ശക്തമല്ലെന്നിരിക്കെ തരതമ്യേന കടുത്ത പോരാട്ടം നടക്കുമെന്ന് കണക്കുകൂട്ടിയ കോണ്‍ഗ്രസ് മൂന്ന് പേരെ മാത്രമാണ് എട്ട് ശതമാനം മുസ്‌ലിം വോട്ടുകളുള്ള മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളാക്കിയത്.

പക്ഷേ ഭരണവിരുദ്ധ വികാരം ശക്തമായ രാജസ്ഥാനില്‍ കോണ്‍ഗ്രസ് പോരാട്ടത്തിന് നിര്‍ത്തിയത് 15 മുസ്‌ലിം സ്ഥാനാര്‍ഥികളെയാണ്. ഇവരില്‍ ഏഴ് പേര്‍ ജയിച്ച് കയറുകയും ചെയ്തു. രാജസ്ഥാനില്‍ മുസ്‌ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള’ടോങ്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റിനെതിരെ ബി ജെ പി നിര്‍ത്തിയ ഏക മുസ്‌ലിം സ്ഥാനാര്‍ഥി യൂനുസ് ഖാന്‍ തോറ്റത് 54,179 വോട്ടിനാണ്. ഹിന്ദുത്വ ഫാക്ടര്‍ എല്ലായ്‌പ്പോഴും ഏശില്ലെന്ന ചൂണ്ടുപലകയാണ് രാജസ്ഥാനിലെ മുസ്‌ലിം സ്ഥാനാര്‍ഥികളില്‍ പകുതിയിലേറെ പേരുടെയും വിജയം വ്യക്തമാക്കുന്നത്. ഇവരില്‍ പലരും ജയിച്ചത് വന്‍ ഭൂരിപക്ഷത്തിനാണെന്നതും ശ്രദ്ധേയമാണ്. ജയ്പൂര്‍ ജില്ലയിലെ കിഷന്‍പോളില്‍ ആര്‍ എസ് എസിന്റെ കരുത്തനായ മോഹന്‍ലാല്‍ ഗുപ്തയെ അമീന്‍ കസകി 71189 വോട്ടുകള്‍ക്കാണ് മലര്‍ത്തിയടിച്ചത്. ജില്ലയിലെ മറ്റൊരു മണ്ഡലമായ ആദര്‍ശ് നഗറില്‍ കൂടുതലൊന്നും അറിയപ്പെടാത്ത റഫീഖ് ഖാന്‍ പരാജയപ്പെടുത്തിയത് മുന്‍ ബി ജെ പി മേയര്‍ അശോക് പ്രണാമിയെയാണ്. ഭൂരിപക്ഷം- 88541.

2014 മുതല്‍ 2018 വരെ ബി ജെ പി സംസ്ഥാന അധ്യക്ഷ പദവി കൈയാളിയയാളാണ് പ്രണാമി. സാമുദായിക ധ്രുവീകരണം ശക്തമായ പൊഖ്‌റാനില്‍ ആള്‍ദൈവം സ്വാമി പ്രതാപ് പൂരി കോണ്‍ഗ്രസിലെ സ്വാലിഹ് മുഹമ്മദിനോട് തോറ്റതാകട്ടെ 82964 വോട്ടുകള്‍ക്ക്. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കയറിയ മറ്റു സ്ഥാനാര്‍ഥികള്‍. ദാനിഷ് അബ്‌റാര്‍ (സവായ് – മധോപൂര്‍), അമീന്‍ ഖാന്‍- (ഷിയോ), സാഹിദാ ഖാന്‍ (കമാന്‍), ഹകം ഖാന്‍ (ഫതേഹ്പൂര്‍).