പണ്ടേപോലെ ഫലിക്കുന്നില്ല

Posted on: December 13, 2018 9:27 am | Last updated: December 13, 2018 at 9:27 am

തിരഞ്ഞെടുപ്പ് പ്രചാരണായുധമെന്ന നിലയില്‍ വര്‍ഗീയതയും ഹിന്ദുത്വ അജന്‍ഡകളും മുമ്പത്തെ പോലെ ഇപ്പോള്‍ ഏശുന്നില്ലെന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുഖ്യസന്ദേശം. കാര്യമായ ഭരണനേട്ടങ്ങള്‍ എടുത്തുകാണിക്കാനില്ലാത്ത രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി ജെ പി തിരഞ്ഞെടുപ്പ് പ്രചാണ വേദികളില്‍ വര്‍ഗീയ കാര്‍ഡും പ്രകോപനപരമായ പ്രസംഗങ്ങളുമാണ് മുഖ്യ ആയുധമായി പ്രയോഗിച്ചിരുന്നത്. ‘താര പ്രചാരകനാ’യി യോഗി ആദിത്യനാഥിനെ രംഗത്തിറക്കിയതും വര്‍ഗീയത ആളിക്കത്തിക്കാനായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന മറ്റു സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം മോദിയായിരുന്നു പ്രധാന ആകര്‍ഷണ കേന്ദ്രമെങ്കില്‍ ഇത്തവണ പാര്‍ട്ടി പകരം വെച്ചത് യോഗിയെയാണ്. ഏകദേശം 75 ഓളം തിരഞ്ഞെടുപ്പ് റാലികളില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലുമായി യോഗി പ്രസംഗിച്ചു. പ്രധാനമന്ത്രി മോദി പങ്കെടുത്തതാകട്ടെ 31 റാലികളിലും.

യോഗി ആദിത്യനാഥ് തന്റെ പ്രചാരണ പരിപാടികളിലുടനീളം അയോധ്യയിലെ രാമക്ഷേത്രം പോലുള്ള ഹിന്ദുത്വ അജന്‍ഡകളും ഹനുമാനെ ദളിതനാക്കിയുള്ള വിവാദ പ്രസ്താവനകളും പ്രകോപനപരമായ പരാമര്‍ശങ്ങളുമാണ് നടത്തിയത്. ഇതൊന്നും കാര്യമായ പ്രതിഫലനം സൃഷ്ടിച്ചില്ല. ഛത്തീസ്ഗഢില്‍ യോഗി 24 മണ്ഡലങ്ങളില്‍ പ്രസംഗിച്ചെങ്കിലും ഇവയില്‍ ബി ജെ പിയെ തുണച്ചത് എട്ട് മണ്ഡലങ്ങള്‍ മാത്രം. മധ്യപ്രദേശിലെ 13 പൊതുപരിപാടികളില്‍ യോഗി പങ്കെടുത്തെങ്കിലും അഞ്ച് മണ്ഡലങ്ങള്‍ മാത്രമേ ബി ജെ പിക്കൊപ്പം നിന്നുള്ളൂ. 2013ല്‍ ഈ 13 നിയോജക മണ്ഡലങ്ങളില്‍ എട്ടിലും ബി ജെ പിയാണ് വിജയിച്ചത്. രാജസ്ഥാനില്‍ 26 മണ്ഡലങ്ങളില്‍ പ്രസംഗിച്ചപ്പോള്‍ പാര്‍ട്ടി കഷ്ടിച്ചു രക്ഷപ്പെട്ടത് 13 എണ്ണത്തില്‍.

രാമക്ഷേത്രം ഉടന്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വസമ്മര്‍ദ സംഘടനകളെ രംഗത്തിറക്കിയതും ലോക്‌സഭാ തിരഞ്ഞെടുപ്പും പഞ്ച സംസ്ഥാന തിരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ടായിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണ തേടി വിശ്വഹിന്ദു പരിഷത്ത് അടുത്തിടെ സംഘടിപ്പിച്ച ‘ധര്‍മസഭ’യും ആവശ്യമെങ്കില്‍ 1992ലെ മാതൃകയില്‍ രാമക്ഷേത്രനിര്‍മാണത്തിനായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷിയുടെ പ്രസ്താവനയും വിഷയം കത്തിച്ചു നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ തകര്‍ത്തിട്ട് 26 വര്‍ഷം കഴിഞ്ഞു. ക്ഷേത്രത്തിനുള്ള ശിലാന്യാസം നേരത്തെ നടന്നു കഴിഞ്ഞതാണ്. നിര്‍മാണ സാമഗ്രികള്‍ ഏറെക്കുറെ ഒരുങ്ങിക്കഴിഞ്ഞിട്ടുണ്ട്. കേന്ദ്രവും ഉത്തര്‍ പ്രദേശും ബി ജെ പിയുടെ അധീനതയിലാണെന്നിരിക്കെ ജുഡീഷ്യറിയെയോ ഭരണഘടനയെയോ മാനിക്കാത്ത സംഘ്പരിവാര്‍ സംഘടനകള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഇതിനകം തന്നെ നിര്‍മാണം തുടങ്ങാമായിരുന്നു. എന്നാല്‍, അവരുടെ ലക്ഷ്യം രാമക്ഷേത്രമല്ല, അത് മുന്‍നിര്‍ത്തിയുള്ള വര്‍ഗീയ ധ്രുവീകരണമാണ്. 1980ല്‍ പാര്‍ലിമെന്റില്‍ രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന ബി ജെ പി കേന്ദ്രഭരണം എത്തിപ്പിടിക്കും വിധം ശക്തി പ്രാപിച്ചത് അയോധ്യാ പ്രക്ഷോഭത്തിലൂടെ സൃഷ്ടിച്ച സാമുദായിക ധ്രുവീകരണത്തിലുടെയായിരുന്നു. തുടര്‍ന്ന് ലൗജിഹാദ്, ഘര്‍വാപസി, ഗോരക്ഷ, പ്രതിമാ നിര്‍മാണം, സ്ഥലനാമങ്ങള്‍ ഹൈന്ദവവത്കരിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യത്തെങ്ങും ഹിന്ദുത്വ വികാരം നിലനിര്‍ത്തി വരികയാണ്. പക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ ഇത്തരം വിഷയങ്ങള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ടിരിക്കുകയാണ്.

രാമക്ഷേത്രമോ പ്രതിമകളോ അല്ല, കാര്‍ഷികോത്പന്ന വിലയിടിവിനും തൊഴിലില്ലായ്മക്കും പരിഹാരവും, പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വിലകുറച്ചു വിലയക്കയറ്റം പിടിച്ചു നിര്‍ത്തല്‍ തുടങ്ങിയവയാണ് ജനങ്ങള്‍ക്കിന്നാവശ്യം. 2014ലെ സാഹചര്യമല്ല ഇന്ന് ബി ജെ പിക്ക് മുമ്പിലുള്ളത്. യു പി എ സര്‍ക്കാര്‍ കാലത്ത് ഉയര്‍ന്നുവന്ന അഴിമതി കഥകളും കോര്‍പറേറ്റുകളുടെയും സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളുടെയും സഹായത്തോടെ മോദിക്ക് ചാര്‍ത്തിയ വികസന നായകനെന്ന പരിവേഷവുമായിരുന്നു കോണ്‍ഗ്രസിനെ കേവലം 44 സീറ്റില്‍ ഒതുക്കി ബി ജെ പി ഒറ്റക്ക് ഭൂരിപക്ഷം നേടിക്കൊടുത്തത്. വന്‍ അഴിമതി ആരോപണങ്ങളാണ് നിലവിലെ ഭരണത്തില്‍ ഉയര്‍ന്നു വന്നത്. നോട്ട്‌നിരോധം, മുന്നൊരുക്കമില്ലാതെയുള്ള ജി എസ് ടി തുടങ്ങി ജനങ്ങളെ പ്രയാസത്തിലാക്കുന്ന നടപടികളല്ലാതെ പറയത്തക്ക വികസന പദ്ധതികളൊന്നും സര്‍ക്കാറിന് മുന്‍വെക്കാനുമില്ല. ഇതേ ചൊല്ലി മോദിയോടും ബി ജെ പിയോടും ദേശീയ തലത്തില്‍ ഉയര്‍ന്നു വരുന്ന രോഷത്തിന്റെ പ്രതിഫലനമാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. ഹിന്ദുത്വ വികാരം കത്തിച്ചു നിര്‍ത്തുന്നത് കൊണ്ട് ജനങ്ങള്‍ പ്രാരാബ്ധങ്ങളും പ്രയാസങ്ങളും മറന്ന് തങ്ങളെ തുണക്കുമെന്ന ധാരണ ഇനിയെങ്കിലും ബി ജെ പി നേതൃത്വം തിരുത്തണം.