കുംബ്ലെയെ പുറത്താക്കിയത് കോഹ്‌ലിയുടെ സന്ദേശം?

Posted on: December 13, 2018 9:05 am | Last updated: December 13, 2018 at 9:05 am

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ പുറത്തുപോകാനിടയായതിന് പിന്നില്‍ വിരാട് കോഹ്‌ലിയാണെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി സി സി ഐക്കെതിരെ സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി അംഗമായ ഡയാന എഡുല്‍ജിയുടെ ലീക്കായ ഇ മെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവര്‍ ഭരണ സമിതി തലവന്‍ വിനോദ് റായിക്ക് അയച്ച ഇ മെയിലുകളാണ് പുറത്തായത്.

‘നേരത്തെ പുരുഷ ടീം കോച്ചായിരുന്ന അനില്‍ കുംബ്ലെയെ പുറത്താക്കിയതിന് പിന്നില്‍ വിരാട് കോഹ്‌ലിയാണ്. കോഹ്‌ലിക്ക് ഇത്രയും സ്വാധീനമുണ്ടെങ്കില്‍ ഹര്‍മന്‍ പ്രീതിന് എന്തു കൊണ്ട് ലഭിക്കുന്നില്ല?- പുത്തായ ഇ മെയില്‍ സന്ദേശത്തില്‍ എഡുല്‍ജി ചോദിക്കുന്നു. ബി സി സി ഐ നിയമങ്ങള്‍ ലംഘിച്ചാണ് കഴിഞ്ഞ വര്‍ഷം കുംബ്ലെയെ നീക്കി രവി ശാസ്ത്രിയെ ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ചായി നിയമിച്ചത്. കരാര്‍ തീരാന്‍ ഒരു വര്‍ഷം ശേഷിക്കെ ബി സി സി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുംബ്ലെ രാജിവെക്കുകയായിരുന്നു.
കുംബ്ലെയുടെ പരിശീലന രീതികളുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി തീര്‍ത്തുപറഞ്ഞതിനാലാണ് ബി സി സി ഐ കുംബ്ലെയുടെ രാജി ചോദിച്ചു വാങ്ങിയത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഹ്‌ലി നിരന്തരം ബി സി സി ഐയുടെ സി ഇ ഒ രാഹുല്‍ ജോഹ്‌റിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നതായും എഡുല്‍ജി ആരോപിക്കുന്നു.

അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി വി എസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെട്ട ഉപദേശക സമിതിയായിരുന്നു കോച്ചിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കുംബ്ലെയുമായുള്ള അഭിപ്രായ വ്യതാസം പരിഹരിക്കാന്‍ ഇവര്‍ കോഹ്‌ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പരിശീലക സ്ഥാനത്തേക്ക് കുംബ്ലെയെ തന്നെയാണ് തങ്ങള്‍ പിന്തുണക്കുന്നതെന്ന് ഉപദേശക സമിതി ബി സി സി ഐ അറിയിച്ചിരുന്നു.

എന്നാല്‍, കോഹ്‌ലി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. പിന്നീട്, പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാ തീയതി നീട്ടിയ ബി സി സിഐ രവി ശാസ്ത്രിക്ക് കൂടി അവസരമൊരുക്കി. പിന്നാലെ കുംബ്ലെയുടെ രാജി എഴുതി വാങ്ങി രവി ശസ്ത്രിയെ 2019ലെ ലോകകപ്പ് വരെ നീളുന്ന കോച്ചായി നിയമിക്കുകയും ചെയ്തു- എഡുല്‍ജി ആരോപിക്കുന്നു.

പവാര്‍ വീണ്ടും വന്നേക്കും

ന്യൂഡില്‍ഹി: ഇന്ത്യ വനിതാ ക്രിക്കറ്റ് ടീമിം പരിശീലക സ്ഥാനത്തേക്ക് രമേശ് പവാര്‍ വീണ്ടും എത്തിയേക്കും. അദ്ദേഹം വീണ്ടും അപേക്ഷ നല്‍കി. പവാറിന്റെ കരാര്‍ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.
വനിതാ തരം മിതാലി രാജുമായുള്ള വിവാദങ്ങളെ തുടര്‍ന്ന് പവാറിന് ബി സി സി ഐ കരാര്‍ പുതുക്കി നല്‍കിയിരുന്നില്ല. എന്നാല്‍, അദ്ദേഹം വീണ്ടും പരിശീലക സ്ഥാനത്തേക്ക് വരാന്‍ താത്പര്യം അറിയിച്ച് അപേക്ഷ നല്‍കിയിരിക്കുകയാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറും സ്മൃതി മന്ഥാനയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിക്കുന്നതെന്നും പവാര്‍ പറയുന്നു.

പവാറിനെ കൂടാതെ കേരള കോച്ച് ഡേവ് വാട്ട്‌മോര്‍, ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹെര്‍ഷല്‍ ഗിബ്‌സ്, ഒവൈസ് ഷാ, മനോജ് പ്രഭാകര്‍ തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷകരുമായി സമിതി ഈ മാസം 20ന് മുംബൈയില്‍ അഭിമുഖം നടത്തും.