Gulf
സിയാല്‍ പശ്ചിമേഷ്യന്‍ ഭക്ഷ്യ മേളക്ക് തുടക്കമായി

അബുദാബി : ഒമ്പതാമത് സിയാല്‍ ഭക്ഷ്യ മേളക്ക് അബുദാബി പ്രദര്‍ശന നഗരിയില്‍ തുടക്കമായി.യു എ ഇ ഉപ പ്രധാനമന്ത്രിയും, പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. അബുദാബി ദേശീയ പ്രദര്‍ശന നഗരിയുമായി സഹകരിച്ചു അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റിയാണ് പ്രദര്‍ശനം ഒരുക്കിയത്. ജി സി സി യിലെ വിവിധ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് പുറമെ, വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പങ്ങളുമായി കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
ഭക്ഷ്യ മേളയിലെ പവലിയനുകള്‍ നോക്കിക്കണ്ട ശൈഖ് മന്‍സൂര്‍ അവര്‍ കൊണ്ട് വന്ന ഭക്ഷ്യോത്പന്നങ്ങളുടെ ഗുണ നിലവാരത്തെ സംബന്ധിച്ചും സേവനങ്ങളുള്‍ സംബന്ധിച്ചും ചോദിച്ചറിഞ്ഞു. സുസ്ഥിര വികസനത്തിനായി, ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ ദര്‍ശനത്തെ അടിസ്ഥാനമാക്കി ആധുനിക ആവശ്യകതകളെ സംരക്ഷിക്കുകയും വിഭവങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന സവിശേഷമായ വികസന മോഡല്‍ കെട്ടിപ്പടുക്കാന്‍ യു എ ഇക്ക് സാധിച്ചതായി ശൈഖ് മന്‍സൂര്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഭക്ഷ്യമേള ഡിസംബര്‍ 12 ന് സമാപിക്കും. വാണിജ്യപരമായ ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഗുണനിലവാരമുള്ള സാധനങ്ങളുടെ ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതാണ് സിയാല്‍ മിഡില്‍ ഈസ്റ്റ് ഭക്ഷ്യ മേള കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ തനി ബിന്‍ അഹമ്മദ് അല്‍ സഊദി, ഭക്ഷ്യകാര്യ സുരക്ഷ വകുപ്പ് മന്ത്രി മറിയം ബിന്‍ത് മുഹമ്മദ് സഈദ് ഹറബ് അല്‍ മഹരി എന്നിവര്‍ സംബന്ധിച്ചു . ലോകത്ത് നടക്കുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍കൊണ്ട് ലുലു പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കുമെന്ന് ലുലു ഗ്രൂപ്പ് എം ഡി എം എ യൂസുഫ് അലി വ്യക്തമാക്കി. ഓര്‍ഗാനിക്ക് ഉല്‍പ്പനങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സാധനങ്ങള്‍ക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിപണിയുടെ മാറ്റത്തിന് അനുസൃതമായി പുതിയ നിരവധി ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ലുലു വിപണിയിലിറക്കും, അതിനുള്ള പരിശ്രമത്തിലാണ്. അബുദാബി പ്രദര്‍ശന നഗരിയില്‍ നടക്കുന്ന സിയാല്‍ ഭക്ഷ്യ മേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.