Connect with us

Editorial

മിന്നലാക്രമണത്തിലും രാഷ്ട്രീയ മുതലെടുപ്പ്

Published

|

Last Updated

നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാന്‍ സൈനിക താവളങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ കൂടുതല്‍ സൈനിക മേധാവികള്‍ രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്. 2016 സെപ്തംബര്‍ 29ലെ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ലഫ്. ജനറല്‍ (റിട്ട.) ഡി എസ് ഹുഡയാണ് സുപ്രധാനമായ ഈ സൈനിക നീക്കത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെയും ബി ജെ പിയുടെയും നിലപാടിനെ ആദ്യം വിമര്‍ശിച്ചത്. “അനിവാര്യമായ ഒരു ഘട്ടമെത്തിയപ്പോയാണ് സൈന്യം മിന്നലാക്രമണം നടത്തിയത്. നമുക്കത് ചെയ്‌തേ മതിയാകുമായിരുന്നുള്ളൂ. പൂര്‍ണമായും സൈനികമായി നടത്തിയ ആ ദൗത്യത്തിന്റെ വീഡിയോകളും ചിത്രങ്ങളും ചോരുകയും അവ ഉപയോഗിച്ച് രാഷ്ട്രീയപ്രചാരണം നടത്താന്‍ ശ്രമിക്കുകയുമാണ് ചിലര്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രാജ്യസ്‌നേഹ പ്രചാരണം മാത്രമായി ഒതുങ്ങിപ്പോവുകയാണ് ഇപ്പോള്‍ ഈ സൈനികസേവനം. ഇന്ത്യന്‍ സൈനികര്‍ക്ക് തിരിച്ചടി നേരിടേണ്ടിവരികയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമായിരുന്നോ എന്നും ഹുഡ ചോദിച്ചു. സൈനിക ദൗത്യങ്ങളില്‍ രാഷ്ട്രീയം പ്രതിഫലിക്കുന്നത് നല്ലതല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള മിന്നലാക്രമണത്തിന്റെ അമിതപ്രചാരണങ്ങള്‍ സൈന്യത്തിന് ഒരിക്കലും സഹായം ചെയ്തിട്ടില്ലെന്നും ചണ്ഡീസ്ഗഢില്‍ സൈനിക സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കവെ ഹുഡ വ്യക്തമാക്കുകയുണ്ടായി.

പിന്നീട് ഹുഡക്ക് പിന്തുണയുമായി റിട്ട. ബ്രിഗേഡിയര്‍ ബാല്‍കൃഷ്ണ യാദവ് രംഗത്തുവന്നു. പാക് ആക്രമണത്തിന് ഇന്ത്യ പകരം വീട്ടി എന്നുമാത്രമേ മിന്നലാക്രമണത്തെക്കുറിച്ച് പൊതുസമൂഹം അറിയേണ്ടതുള്ളൂ. അതിലപ്പുറം കേന്ദ്രത്തിനോ പ്രതിപക്ഷത്തിനോ രാഷ്ട്രീയനേട്ടങ്ങള്‍ കൊയ്യാനുള്ള ചര്‍ച്ചയാവാന്‍ പാടില്ല ഇതുപോലുള്ള സൈനിക നീക്കങ്ങള്‍. ഇത് രാഷ്ട്രീയചര്‍ച്ചകളുടെ ഭാഗമാകുന്നത് സൈനികരുടെ ആത്മവീര്യം തകര്‍ക്കുകയും ഒരു പരിധിവരെ ദേശീയ സുരക്ഷയെ ബാധിക്കുകയും ചെയ്യുമെന്നാണ് യാദവിന്റെ അഭിപ്രായം. 2012ല്‍ പാക്കിസ്ഥാനില്‍ രണ്ട് സൈനികരുടെ തലയറുത്ത സംഭവം രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചര്‍ച്ചയാക്കിയതിനെയും അദ്ദേഹം വിമര്‍ശിച്ചു.
പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യന്‍ സേന 2016 സെപ്തംബര്‍ 28 അര്‍ധരാത്രിയില്‍ മിന്നലാക്രമണം നടത്തിയത്. കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് സമീപം ഭീകര ക്യാമ്പുകള്‍ ഉണ്ടെന്ന് സംശയിക്കുന്ന എട്ട് സ്ഥലങ്ങളിലായിരുന്നു നിയന്ത്രണ രേഖയില്‍ നിന്ന് മൂന്ന് കി.മീറ്റര്‍ ഉള്ളില്‍ കടുന്നുചെന്നുള്ള ഈ സൈനിക നടപടിയെന്നാണ് പറയപ്പെടുന്നത്. ആദ്യമായാണ് ഇന്ത്യ ഇത്തരമൊരു ആക്രമണം നടത്തിയതെന്നും അത് മോദി സര്‍ക്കാറിന്റെ വന്‍നേട്ടമെന്ന നിലയിലുമാണ് പിന്നീട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ സെപ്തംബര്‍ 29ന് “പരാക്രം പര്‍വ് “എന്ന പേരില്‍ രാജ്യത്തെ പ്രധാന നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികം കെങ്കേമമായി ആഘോഷിക്കുകയുമുണ്ടായി. ഇതു സംബന്ധിച്ച് യു ജി സി സര്‍വകലാശാലകള്‍ക്കും കശ്മീരിലെ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. ആഘോഷത്തിന്റെ ഭാഗമായി സൈന്യത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകളും കാര്‍ഡുകളും തയ്യാറാക്കി അടുത്തുള്ള സൈനിക കേന്ദ്രത്തിന്റെ വിലാസത്തില്‍ അയക്കുക, ആഘോഷ പരിപാടികളെ സംബന്ധിച്ച ഒരു പേജുള്ള റിപ്പോര്‍ട്ടും തെളിവായി വീഡിയോയും ഫോട്ടോകളും സമര്‍പ്പിക്കുക, ആഘോഷം നടന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കുക തുടങ്ങി കശ്മീരിനായി ചില പ്രത്യേക നിര്‍ദേശങ്ങളും നല്‍കി. ഇത് വന്‍വിവാദമായതാണ്.

മിന്നലാക്രമണം ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ഒരു പുതുമയുള്ള കാര്യമല്ല. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ തുടരെതുടരെ പ്രകോപനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അടക്കം കെട്ടാന്‍ മിന്നലാക്രമണം നടത്തുന്നത് മുമ്പേ തുടര്‍ന്നു വരുന്ന സൈനിക നടപടികളുടെ ഭാഗമാണ്. ഇക്കാര്യം 2017 ആഗസ്റ്റ് 26ന് പാര്‍ലിമെന്ററി പാനലിന്റെ ചോദ്യോത്തരവേളയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തന്നെ വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ സൈന്യം ആദ്യമായാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയതെന്ന് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അവകാശപ്പെട്ടപ്പോള്‍ അതിനെ ഖണ്ഡിച്ചു കൊണ്ടാണ് ജയശങ്കര്‍ ഈ പ്രസ്താവന നടത്തിയത്. യു പി എ സര്‍ക്കാറിന്റെ കാലത്തും ഉണ്ടായിട്ടുണ്ട് ഇത്തരം സൈനിക നീക്കങ്ങള്‍. 2012,13,14 വര്‍ഷങ്ങളില്‍ മിന്നലാക്രമണം നടത്തിയതായി മുന്‍പ്രതിരോധ മന്ത്രി എ കെ ആന്റണി പറയുന്നു. എന്നാല്‍ അതൊന്നും അന്നത്തെ സര്‍ക്കാര്‍് രാഷ്ട്രീയ

നേട്ടത്തിനുപയോഗപ്പെടുത്തുകയോ തങ്ങളുടെ ഭരണ നേട്ടമായി പ്രചരിപ്പിക്കുകയോ ചെയ്തിരുന്നില്ല. പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന് സൈന്യം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയാണ് പതിവ്. അതിന്റെ സമയവും സന്ദര്‍ഭവുമൊക്കെ തീരുമാനിക്കുന്നത് സൈനിക കേന്ദ്രങ്ങളാണ്. സര്‍ക്കാറിന് അതില്‍ ഒരു പങ്കുമില്ല. കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ ദേവ്‌രാജ് അന്‍പു അഭിപ്രായപ്പെട്ടതു പോലെ ശത്രുവിന്റെ താവളത്തില്‍ കടന്നു ചെന്ന് നടത്തുന്ന മിന്നലാക്രമണം സൈന്യത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. സര്‍ക്കാറിന്റെ മികവിനെയല്ല. സൈന്യത്തിന് ഈ കഴിവും ശക്തിയും സംഘ്പരിവാര്‍ അവകാശപ്പെടുന്നത് പോലെ 2014ന് ശേഷമുണ്ടായതല്ല. സ്വാതന്ത്ര്യാനന്തരം രാജ്യം ഭരിച്ച സര്‍ക്കാറുകളുടെയെല്ലാം ശ്രമഫലമായാണ് ലോകത്തെ മികച്ചൊരു പ്രതിരോധ ശക്തിയായി നമ്മുടെ സൈന്യത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചത്.

Latest