ബുലന്ദ്ശഹര്‍: എസ് ഐക്കു നേരെ വെടിയുതിര്‍ത്ത ജവാന്‍ അറസ്റ്റില്‍

Posted on: December 9, 2018 9:50 am | Last updated: December 9, 2018 at 11:21 am

ശ്രീനഗര്‍: ബുലന്ദ്ശഹറില്‍ ഗോവധവുമായി ബന്ധപ്പെട്ട കലാപത്തിനിടെ സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനു നേരെ വെടിവെച്ച സൈനികനെ 22 രാഷ്ട്രീയ റൈഫിള്‍സ് സേന പിടികൂടി. ജിത്തു ഫൗജിയെന്ന ജിതേന്ദ്ര മാലിക്കിനെയാണ് ഇന്നലെ അര്‍ധരാത്രിയോടെ ജമ്മു കശ്മീരിലെ സോപോറില്‍ വച്ച് പിടികൂടിയത്. ഇയാളെ പിന്നീട് യു പി പോലീസിലെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

ശ്രീനഗറില്‍ രാഷ്ട്രീയ റൈഫിള്‍സ് സേനയിലെ ജവാനായ ജിതേന്ദ്ര 15 ദിവസത്തെ അവധിയിലാണ്ബു ലന്ദ്ശഹറിലെത്തിയത്. കലാപത്തിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട വീഡിയെ ദൃശ്യങ്ങളിലാണ് ജിതേന്ദ്ര വെടിയുതിര്‍ക്കുന്നതായി കണ്ടത്. എന്നാല്‍, ഇതേ തുടര്‍ന്നാണോ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു