ഗോകുലത്തെ തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍

Posted on: December 8, 2018 8:19 pm | Last updated: December 8, 2018 at 8:19 pm

കൊല്‍ക്കത്ത: ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനോട് തോറ്റ ഗോകുലം കേരള എഫ് സി ഏഴാം സ്ഥാനത്തേക്ക് പതിച്ചു. തങ്ങളുടെ ഏഴാം മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് അടിയറവു പറഞ്ഞാണ് ഗോകുലം സീസണിലെ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയത്.

കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ബ്രാന്‍ഡോണിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി. ആദ്യ ഗോള്‍ വീണ് മിനുട്ടുകള്‍ക്കകം തന്നെ അവര്‍ ലീഡ് ഉയര്‍ത്തി. ഇത്തവണ മലയാളി താരം ജോബി ജസ്റ്റിലാണ് സ്‌കോര്‍ ചെയ്തത് (2-0). രണ്ടാം പകുതിയുടെ 12 ാം മിനുട്ടിലാണ് ഗോകുലത്തിന്റെ ഏക ഗോള്‍ പിറന്നത്. വിദഗ്ധമായി മുന്നേറിയ ഡാനിയല്‍ എഡോയുടെ പാസ് സ്വീകരിച്ച ക്രിസ്റ്റ്യന്‍ സാബ പോസ്റ്റിലേക്ക് കണക്ട് ചെയ്തപ്പോള്‍ ബംഗാള്‍ ഗോളിക്ക് ഒന്നും ചെയ്യാനായില്ല.

ഒരു ഗോള്‍ കൂടിയടിച്ച് സമനില നേടാന്‍ ഗോകുലം കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ബംഗാള്‍ വീണ്ടും ഗോള്‍ നേടുകയും ചെയ്തു. 82ാം മിനുട്ടില്‍ ലാല്‍റാം ചുല്ലോവയുടെതായിരുന്നു ഗോള്‍. ഏഴു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റാണ് ഗോകുലത്തിന്റെ സമ്പാദ്യം.