Connect with us

Ongoing News

അതിജീവനത്തിന്റെ അക്ഷരശ്ലോകവുമായി കുട്ടനാട്ടില്‍ നിന്ന് മഹേശ്വര്‍

Published

|

Last Updated

കുട്ടനാട്: മഹാപ്രളയം നാടിനെ കവര്‍ന്നപ്പോഴും പഠിക്കുന്ന വിദ്യാലയമുള്‍പ്പെടെ നിലംപൊത്തിയിട്ടും അതിജീവനത്തിന്റ് ശബ്ദമായി മാറിയിരിക്കുകയാണ് വെളിയനാട് ഈര ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ടി എം മഹേശ്വര്‍.
സ്‌കൂളിലെ റേഡിയോ ക്ലബ് കലാ പരിശീലനം നടത്തിവന്ന കെട്ടിടമായിരുന്നു പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നു വീണത്. എം ആര്‍ മാടപ്പള്ളിയുടെ പരിശീലനത്തില്‍ പത്തിലേറെ കുട്ടികള്‍ ഇവിടെ അക്ഷരശ്ലോകവും, പദ്യപരായണവും പരിശീലിച്ചിരുന്നു. പ്രളയം സ്‌കൂള്‍ കെട്ടിടം ഇല്ലാതാക്കിയതോടെ എല്ലാം താളം തെറ്റി. പകച്ചു നിക്കാതെ പ്രളയം അതിജീവിച്ചെത്തിയ കുട്ടികള്‍ക്ക് സ്‌കൂളിനടുത്ത വീടുകളില്‍ വെച്ച് പിന്നീട് പരിശീലനം നല്‍കുകയായിരുന്നു. ചില കുട്ടികള്‍ പരിശീലനത്തിന് എത്താതിരുന്നപ്പോഴും ചെറുകരയില്‍ മഹേശ് – സീതാലക്ഷമി ദമ്പതികളുടെ മകന്‍ മഹേശ്വര്‍ പരിശീലനം മുടക്കിയില്ല.

പ്രളയത്തിന്റെ തീവ്രത കൂടി മഹേശ്വര്‍ ഏറ്റുവാങ്ങിയപ്പോള്‍ ജില്ലാ കലോത്സവത്തില്‍ മലയാളം അക്ഷരശ്ലോകത്തില്‍ ഒന്നാം സ്ഥാനവും, മലയാളം പദ്യം ചൊല്ലലില്‍ രണ്ടാം സ്ഥാനവും ഈ മിടുക്കന് ലഭിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്‌കൂളിനെ പ്രതിനിധീകരിക്കുന്ന ഏക വിദ്യാര്‍ത്ഥികൂടിയാണ് മഹേശ്വര്‍. മുന്‍വര്‍ഷങ്ങളിലെ സംസ്ഥാന സ്‌കൂള്‍ മത്സരങ്ങളില്‍ മൂന്നിലേറെ ഇനങ്ങളില്‍ സ്‌കൂളിന്് പങ്കാളിത്തം ഉണ്ടായിരുന്നുവെങ്കില്‍ പ്രളയം എല്ലാം തകര്‍ത്തപ്പോള്‍ മഹേശ്വറിലൂടെയാണ് സ്‌കൂള്‍ യുവജനോത്സവ വേദിയിലെത്തുന്നത്. ഇത്തവണയാണ് എട്ടാം ക്ലാസിലേക്ക് മഹേശ്വര്‍ ചേരുന്നത്. പ്രളയത്തെ കൈകോര്‍ത്ത് തോല്‍പ്പിച്ച അതേ ചടുലതയാണ് പുതിയ വിദ്യാര്‍ത്ഥിയായ മഹേശ്വറില്‍ നിന്ന് സ്‌കൂള്‍ പ്രതീക്ഷിക്കുന്നത്. കുട്ടനാടെന്ന നാടും അതിനായി പ്രാര്‍ത്ഥിക്കുകയാണ് .