Connect with us

Articles

കര്‍ണാടക: ബി ജെ പി വെറുതെയിരിക്കുന്നില്ല

Published

|

Last Updated

കര്‍ണാടകയില്‍ ഒരു വയസ്സ് പിന്നിട്ട കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിന്റെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന തരത്തിലുള്ള അശുഭകരമായ വാര്‍ത്തകള്‍ പിന്നെയും വന്നുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി വീണ്ടും നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങള്‍ ഇപ്പോള്‍ കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയാണ്. കോണ്‍ഗ്രസിലെ പത്ത് എം എല്‍ എമാരെ പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് തങ്ങളുടെ പക്ഷത്തെത്തിച്ച് ഭരണം പിടിച്ചെടുക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ ശ്രമം. ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ജനാധിപത്യവിരുദ്ധമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബി ജെ പിയുടെ ബി എസ് യെദ്യൂരപ്പ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെ മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത് ഇന്ത്യന്‍ ജനാധിപത്യം കണ്ടതാണ്. കോണ്‍ഗ്രസില്‍ നിന്നും എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ നടത്തിയ നീക്കങ്ങള്‍ ഫലിക്കാതായതോടെയാണ് മുഖ്യമന്ത്രിക്കസേര ഉപേക്ഷിച്ച് യെദ്യൂരപ്പക്ക് ഇറങ്ങിപ്പോകേണ്ടി വന്നത്. ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നറിഞ്ഞിട്ടും യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ രാജ്ഭവനിലെ വേദിയിലേക്ക് ക്ഷണിച്ച ഗവര്‍ണറുടെ നടപടിയും അന്ന് ചോദ്യം ചെയ്യപ്പെട്ടു. കാര്യങ്ങള്‍ ഇവിടെ അവസാനിച്ചുവെന്നാണ് കര്‍ണാടക ജനത കരുതിയത്.

ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തി ഭരണം പിടിച്ചെടുക്കാന്‍ ബി ജെ പി നടത്തിയ നീക്കം പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് ജനതാദള്‍- എസുമായി കൈകോര്‍ത്ത് സര്‍ക്കാര്‍ രൂപവത്കരിച്ചത്. എന്നാല്‍, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനും അലോസരപ്പെടുത്താനുമായിരുന്നു നാളിതുവരെയായി ബി ജെ പി പ്രത്യക്ഷമായും പരോക്ഷമായും കരുക്കള്‍ നീക്കിയതെന്ന് വേണം പറയാന്‍. ഈ നീക്കം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട ഫോണ്‍ സംഭാഷണം. ഖനി സാമ്രാജ്യമായി അറിയപ്പെടുന്ന ബെല്ലാരിയിലെ ബി ജെ പി നേതാവും എം എല്‍ എയുമായ ബി ശ്രീരാമലുവിന്റെ സഹായി ദുബൈയിലെ ഒരു വ്യവസായിയുമായി നടത്തുന്ന സംഭാഷണങ്ങളാണ് പുറത്തായത്.

എം എല്‍ എമാരെ ചാക്കിട്ട് പിടിക്കുന്നതിന് ആവശ്യമായ പണത്തിന് വേണ്ടിയാണ് സഹായി ഫോണ്‍ വിളിച്ചതെന്നത് സംഭാഷണത്തില്‍ നിന്ന് വ്യക്തമാണ്. സഖ്യസര്‍ക്കാറില്‍ അതൃപ്തരായ എം എല്‍ എമാരെ പണവും മന്ത്രിപദവിയും നല്‍കി തങ്ങള്‍ക്കൊപ്പം കൊണ്ടുവരികയാണ് ബി ജെ പിയുടെ ലക്ഷ്യം. ആനന്ദ് സിംഗ്, നാഗേന്ദ്ര, ബി സി പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, രമേഷ് ജാര്‍ക്കിഹോളി, പ്രതാപഗൗഡ പാട്ടീല്‍ എന്നിവര്‍ ബി ജെ പി ലക്ഷ്യമിടുന്ന എം എല്‍ എമാരില്‍ ഉള്‍പ്പെടുന്നുണ്ട്. ഡിസംബര്‍ പകുതിയോടെ 10 എം എല്‍ എമാരെയെങ്കിലും രാജിവെപ്പിക്കണമെന്ന് ശ്രീരാമലുവിന്റെ അനുയായി ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു. എത്ര പണം കൊടുക്കേണ്ടി വരും എന്ന വ്യവസായിയുടെ ചോദ്യത്തിന് ഓരോ എം എല്‍ എമാര്‍ക്കും 20 മുതല്‍ 25 കോടി രൂപ വരെ നല്‍കേണ്ടി വരുമെന്നാണ് സഹായി നല്‍കുന്ന മറുപടി. ഇത് ശരിവെച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സതീഷ് ജാര്‍ക്കിഹോളിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പണവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തുകൊണ്ട് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് ഫലത്തിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ബി ജെ പി ഈ ശ്രമം തല്‍ക്കാലത്തേക്ക് നിര്‍ത്തിയിരുന്നുവെന്നാണ് കരുതിയത്. ഓപ്പറേഷന്‍ കമല എന്ന പേരില്‍ പണവും സ്വാധീനവും ഉപയോഗിച്ച് എം എല്‍ എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്ക് പാര്‍ട്ടി കേന്ദ്രനേതൃത്വവും അനുവാദം നല്‍കിയിരിക്കുകയാണെന്ന് വേണം കരുതാന്‍.

സര്‍ക്കാറില്‍ അതൃപ്തരായ എം എല്‍ എമാര്‍ ബി ജെ പിയുടെ ഈ ചാക്കില്‍ അകപ്പെട്ടാല്‍ കര്‍ണാടക ഭരണം കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ആവശ്യത്തില്‍ കൂടുതല്‍ പരിഗണന നല്‍കിയും പദവികള്‍ വാഗ്ദാനം ചെയ്തുമാണ് എം എല്‍ എമാരെ കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്വം ഇക്കാലമത്രയും തങ്ങളുടെ പാളയത്തില്‍ സംരക്ഷിച്ച് നിര്‍ത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന എം എല്‍ എമാരെയും നേതാക്കളെയും 22ന് നടക്കുന്ന രണ്ടാംഘട്ട മന്ത്രിസഭാ വികസനത്തിലും ഒഴിഞ്ഞുകിടക്കുന്ന കോര്‍പ്പറേഷന്‍- ബോര്‍ഡ് ചെയര്‍മാന്‍ പദവികളിലും ഉള്‍പ്പെടുത്തുന്നതോടെ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് സഖ്യ കക്ഷികളുടെ നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. എന്നാല്‍, കാര്യങ്ങള്‍ അത്ര സുഖകരവും ശുഭകരവുമല്ലെന്ന സൂചനകളാണ് അവസാന നിമിഷവും പുറത്തുവരുന്നത്.
ഭരണം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ എല്ലാ നീക്കങ്ങളും അസ്ഥാനത്തായെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് -ജെ ഡി എസ് സര്‍ക്കാര്‍ ഉടന്‍ നിലംപതിക്കുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറയുന്നത്. കര്‍ണാടകയില്‍ നിന്നുള്ള എം പിയും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡയും പ്രകാശ് ജാവേദ്കറിന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാറിനെ താഴെ വീഴ്ത്താന്‍ ബി ജെ പി പുറത്ത് നിന്ന് ശ്രമങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും സര്‍ക്കാറിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയും അനൈക്യവും രൂക്ഷമാണെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാറിനെ വീഴ്ത്താന്‍ പണവും സ്വാധീനവും നല്‍കി എം എല്‍ എമാരെ സ്വന്തം പക്ഷത്ത് എത്തിക്കാനുള്ള ബി ജെ പിയുടെ നീക്കം അധികം വൈകാതെ ലക്ഷ്യം കാണുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അവകാശവാദം. ഇതിന് ശക്തിപകരുന്നതാണ് കോണ്‍ഗ്രസ് നേതാവായ സതീഷ് ജാര്‍ക്കിഹോളിയുടെ പ്രസ്താവന. കോണ്‍ഗ്രസ് വിടാന്‍ ഏഴ് എം എല്‍ എമാര്‍ തയ്യാറായിട്ടുണ്ടെന്നും ഏത് സമയവും അത് സംഭവിക്കാമെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. അര്‍ഹിക്കുന്ന പദവി ലഭിച്ചില്ലെങ്കില്‍ ബി ജെ പിയുമായി സന്ധി ചെയ്യുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്ന നേതാക്കള്‍ തന്നെയാണ് വീണ്ടും പാര്‍ട്ടിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി രംഗത്തെത്തിയതെന്നതും സ്ഥിതിഗതികളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. കര്‍ണാടക മന്ത്രിസഭയില്‍ മന്ത്രിമാരെ നിശ്ചയിച്ചതിലും ഇവര്‍ക്കുള്ള വകുപ്പുകള്‍ വീതം വെച്ചതിലുമെല്ലാം കോണ്‍ഗ്രസിലെ ഒരുവിഭാഗം ഇപ്പോഴും അസന്തുഷ്ടരാണെന്നതാണ് യാഥാര്‍ഥ്യം. വിമത നീക്കവുമായി നേരത്തെ രംഗം കൊഴുപ്പിച്ച ജാര്‍ക്കിഹോളി സഹോദരന്മാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടാണ് അനുനയിപ്പിച്ചിരുന്നത്.

സഖ്യസര്‍ക്കാറുമായി വളരെ നാളായി ഇടഞ്ഞുനില്‍ക്കുകയാണ് ബെല്‍ഗാവിയില്‍ നിന്നുള്ള മന്ത്രിസഭാംഗമായ രമേശ് ജാര്‍ക്കിഹോളി. മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കാതെയാണ് അദ്ദേഹം സര്‍ക്കാറിനെതിരെയുള്ള എതിര്‍പ്പ് പ്രകടമാക്കുന്നത്. താന്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അസന്തുഷ്ടനാണ്. ബി ജെ പിയിലേക്ക് പോകാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ അത് തള്ളിക്കളയില്ല- ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ജാര്‍ക്കിഹോളി പറഞ്ഞത് ഇങ്ങനെയാണ്. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന സതീഷ് ജാര്‍ക്കിഹോളിയുടെ സഹോദരനാണ് രമേശ് ജാര്‍ക്കിഹോളിയെന്നതും ശ്രദ്ധേയമാണ്. രമേശ് ജര്‍ക്കിഹോളി ബി ജെ പിയിലേക്ക് ഉടന്‍ വരുമെന്നും രമേശ് തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബി ജെ പിയിലേക്ക് ആര് വന്നാലും ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നുമാണ് പാര്‍ട്ടി നേതാവ് കോട്ട ശ്രീനിവാസ പൂജാരി കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ദിവസം വിധാന്‍ സൗധയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലും രമേശ് ജാര്‍ക്കിഹോളി പങ്കെടുത്തിരുന്നില്ല. സര്‍ക്കാറിനെ മറിച്ചിടാന്‍ ബി ജെ പി നീക്കങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇത്തരം വാദങ്ങളെല്ലാം തള്ളുകയാണ്. സര്‍ക്കാറിന്റെ നിലനില്‍പ്പില്‍ യാതൊരു ആശങ്കയുമില്ലെന്നും ഭരണ കാലാവധി തികക്കുമെന്നും അദ്ദേഹം നിസ്സംശയം പറയുന്നു. കോണ്‍ഗ്രസ് എം എല്‍ എമാല്ലൊം തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നും ആരും മറുകണ്ടം ചാടില്ലെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് സംസ്ഥാന പി സി സി അധ്യക്ഷന്‍ ഡോ. ദിനേശ്ഗുണ്ടു റാവു.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഈ മാസം പുറത്തുവരാനിരിക്കുകയാണ്. ബി ജെ പിയെ നിലംപരിശാക്കി കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. തെലങ്കാനയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് സി വോട്ടര്‍ സര്‍വേ ഫലം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ തുരത്തി ജനാധിപത്യ- മതേതര കക്ഷികള്‍ അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത ഇന്ത്യന്‍ജനത സജീവമായി ചര്‍ച്ച ചെയ്തുവരുന്നതിനിടയിലാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഈ ഫലങ്ങള്‍ അനുകൂലമായാല്‍ അടുത്ത വര്‍ഷം ലോക്‌സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണത്തിലെത്താന്‍ കോണ്‍ഗ്രസിന് അധികം വിയര്‍പ്പൊഴുക്കേണ്ടിവരില്ല. കാര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി പരിണമിക്കുമെന്ന ഘട്ടം എത്തിനില്‍ക്കുന്നതിനിടെയാണ് കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ മലര്‍ത്തിയടിക്കാന്‍ ബി ജെ പി നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ഇതിനെ പല്ലുംനഖവും ഉപയോഗിച്ച് നേരിടാന്‍ ഇരുകക്ഷികളുടെയും നേതൃത്വം ഒറ്റക്കെട്ടായ മനസ്സോടെ പോരാടേണ്ട സമയമാണിത്. ഇടഞ്ഞുനില്‍ക്കുന്ന എം എല്‍ എമാരെ അനുനയിപ്പിക്കുകയും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കുകയും ചെയ്യുന്നതോടൊപ്പം സര്‍ക്കാറില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും വാഗ്ദാനങ്ങള്‍ പാലിക്കുകയും ചെയ്യുകയാണ് അനിവാര്യമായിട്ടുള്ളത്. അതല്ലെങ്കില്‍ കര്‍ണാടക വീണ്ടും വര്‍ഗീയ- വിധ്വംസക ശക്തികള്‍ക്ക് വിളയാടാനുള്ള വേദിയായി പരിണമിക്കും.

---- facebook comment plugin here -----

Latest