Connect with us

Gulf

ഖസര്‍ അല്‍ ഹുസ്ന്‍ പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഖസര്‍ അല്‍ ഹുസ്ന്‍ സന്ദര്‍ശിക്കുന്നു

അബുദാബി: അബുദാബിയിലെ ഏറ്റവും ചിരിത്ര പ്രാധാന്യമുള്ളതും പഴക്കമുള്ളതുമായ സാംസ്‌കാരിക കേന്ദ്രം ഖസര്‍ അല്‍ ഹൊസന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കിപ്പണിത ചരിത്ര സ്മാരകത്തില്‍ അല്‍ ഹുസ്ന്‍ പാലസ്, നാഷണല്‍ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. അബുദാബി നഗരത്തിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഖസര്‍ അല്‍ ഹുസ്ന്‍ കൊട്ടാരം ലോകത്തെ ആധുനിക അന്തര്‍ദേശീയ നഗരങ്ങളിലുള്ള കൊട്ടാരങ്ങളുമായി കിടപിടിക്കുന്നതാണെന്ന് സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ഒരാഴ്ച പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കി.

അബുദാബിയിലെ പുരാതന ചരിത്രം പ്രദര്‍ശിപ്പിക്കുന്ന പ്രദേശമാണ് ഖസര്‍ അല്‍ ഹൊസന്‍ കൊട്ടാരം, പിതാമഹന്മാര്‍ ദൃഢനിശ്ചയത്തോടെ കൊട്ടാരം നിര്‍മിച്ചതുപോലെ, അവരുടെ കൂട്ടായ്മ ഐക്യദാര്‍ഢ്യവും, അവരുടെ ത്യാഗങ്ങള്‍കൊണ്ടും ആധുനിക രാജ്യത്ത് ജീവിക്കുന്നു, ശൈഖ് മുഹമ്മദ് വ്യക്തമാക്കി. യു എ ഇയിലെ പുരാതന സമൂഹത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെയും ചരിത്രപരമായ നാഴികക്കല്ലാണ് ഈ കൊട്ടാരം, നവീകരിച്ചു വീണ്ടും തുറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ചടങ്ങില്‍ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ഭരണാധികാരിയുടെ അല്‍ ഐന്‍ മേഖല പ്രതിനിധി ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, സുറൂര്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍, അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ഈസ ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ക്രൗണ്‍പ്രിന്‍സ് കോര്‍ട്ട് മേധാവി ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ശൈഖ് ത്വയ്യിബ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, സായിദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ നീഡ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഖാലിദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ഗതാഗത വകുപ്പ് ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ സംബന്ധിച്ചു.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അബുദാബിയില്‍ സംഭവിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങളാണ് അല്‍ ഹുസ്ന്‍ കോട്ടയില്‍ സ്ഥാപിച്ച മ്യൂസിയത്തിലൂടെ പങ്കുവെക്കുന്നത്. യു എ ഇയുടെ ഭരണ സിരാകേന്ദ്രമായി മാറുകയും നിരവധി തന്ത്രപ്രധാന യോഗങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും വേദിയായ കോട്ടയിലെത്തിയ പ്രമുഖരുടെ ചിത്രങ്ങള്‍, സാധ്യമായ വീഡിയോ ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്.
നാടോടികളായ ബനിയാസ് ഗോത്രവര്‍ഗം 1760 കളില്‍ ലിവയിലെ മരുപ്രദേശത്ത് നിന്ന് അബുദാബി തീരത്തെത്തുകയും മുത്ത് വാരലും മീന്‍പിടുത്തവുമായി സമൂഹമായി കഴിയാന്‍ ആരംഭിക്കുകയും ചെയ്തു. സ്വാഭാവികമായും ശത്രുക്കളുടെ വരവും നീക്കങ്ങളും അറിയാനുള്ള മാര്‍ഗം എന്ന നിലക്ക് 1795 കളിലാണ് കോട്ടയുടെ നിര്‍മാണം നടക്കുന്നത്.

യു എ ഇ രാഷ്ടപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ചുമതലയേറ്റതോടെയാണ് കോട്ട അബുദാബിയുടെ തന്ത്രപ്രധാന കേന്ദ്രമായി പരിണമിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള മജ്ലിസിന്റെ നിര്‍മാണംകൂടി പൂര്‍ത്തിയായതോടെ സാംസ്‌കാരിക കേന്ദ്രമെന്ന നിലക്കും ഖസ്ര്‍ അല്‍ ഹൊസന്‍ അറിയപ്പെടാന്‍ തുടങ്ങി. അബുദാബിയിലെ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം, തൊഴില്‍ സാഹചര്യങ്ങള്‍, എണ്ണയുടെ കണ്ടെത്തല്‍ രാജ്യത്തുണ്ടാക്കിയ മാറ്റം, സൃഷ്ടിക്കപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയെല്ലാം കാലം ബാക്കിയാക്കിയ കോട്ടയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.