ശബരിമലയിലെ വധശ്രമ കേസ്; കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെ ജാമ്യം

Posted on: December 7, 2018 11:46 am | Last updated: December 7, 2018 at 3:31 pm

കൊച്ചി: ശബരിമലയില്‍ സ്ത്രീയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നുള്‍പ്പെടെയുള്ള ഉപാധികളിന്‍മേലാണ് ജാമ്യം. 21 ദിവസത്തിന് ശേഷമാണ് സുരേന്ദ്രന്റെ ജാമ്യം.

അതേ സമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്‍ ജാമ്യത്തിലിറങ്ങിയാല്‍ ശബരിമലയില്‍ വീണ്ടും കലാപത്തിന് ശ്രമിക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. എന്തൊക്കെ ഉപാധികള്‍ വെക്കണമെന്ന് സര്ക്കാറിനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ സുരേന്ദ്രന്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും സുരേന്ദ്രന്‍ കോടതിയില്‍ കെട്ടിവെക്കണം.