‘നിരോധനാജ്ഞകൊണ്ട് എന്ത് ദോഷമുണ്ടായി’; ശബരിമലയില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ പിന്തുണ

Posted on: December 6, 2018 1:06 pm | Last updated: December 6, 2018 at 4:00 pm

കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ പിന്തുണ. ശബരിമല നിരീക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാറിനെ പിന്തുണക്കുന്ന നിലപാട് കോടതിയെടുത്തത്. ശബരിമലയില്‍ ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബുധനാഴ്ച മാത്രം ഇവിടെ 80000 പേരെത്തിയെന്ന് നിരീക്ഷണ സമതി അറിയിച്ചതായും കോടതി വ്യക്തമാക്കി.

നിരോധനാജ്ഞകൊണ്ട് ശബരിമലയില്‍ എന്ത് ദോഷമാണുണ്ടായതെന്നും കോടതി ചോദിച്ചു. നിരോധനാജ്ഞക്കെതിരെ പ്രതിപക്ഷവും ബിജെപിയും സര്‍ക്കാറിനെ അക്രമിക്കുമ്പോളാണ് സര്‍ക്കാറിന് പിന്തുണക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയില്‍നിന്നുണ്ടായത്. ശബരിമലയിലെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കോടതി നേരത്തെ സര്‍ക്കാറിനെ വാക്കാല്‍ വിമര്‍ശിച്ചിരുന്നു. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് വേണ്ടി എഡിഎം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും സുരക്ഷയൊരുക്കാനാണ് നിരോധനാജ്ഞയെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.