Connect with us

Kerala

ഭക്തിയുടെ പേരില്‍ കലാപമുണ്ടാക്കരുത്; കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സൂരേന്ദ്രനെതിരെ രൂക്ഷ ഭാഷയില്‍ ഹൈക്കോടതി. ശബരിമലയിലും നിലക്കലിലും സുരേന്ദ്രന്‍ കാണിച്ച കാര്യങ്ങള്‍ ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞ കോടതി ഏത് സഹചര്യത്തിലാണ് സുരേന്ദ്രന്‍ അവിടെ പോയതെന്നും ചോദിച്ചു. ഒരു പാര്‍ട്ടിയുടെ പ്രധാന പദവിയിലിരിക്കുന്നൊരാള്‍ പെരുമാറും വിധമല്ല സുരേന്ദ്രന്‍ പെരുമാറിയത്. ഭക്തിയുടെ പേരില്‍ കലാപം അഴിച്ചുവിടരുതെന്നും കോടതി പറഞ്ഞു.

അതേ സമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. സുരേന്ദ്രന്റെ പ്രവര്‍ത്തികള്‍ ന്യായീകരിക്കാനാകില്ലെന്നും ഭക്തന്‍ കാണിക്കുന്ന കാര്യങ്ങളല്ല സുരേന്ദ്രന്‍ ശബരിമലയില്‍ ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ശബരിമലയില്‍ കലാപം അഴിച്ച് വിടാന്‍ ശ്രമിച്ച ഒരു സംഘം ആളുകളില്‍പ്പെട്ടയാളാണ് സുരേന്ദ്രന്‍. സുരേന്ദ്രന്‍ സുപ്രീം കോടതി വിധിയെ മാനിച്ചില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ വാദിച്ചു.

അതേ സമയം ചിത്തിര ആട്ട വിശേഷ സമയത്തുണ്ടായ സംഘര്‍ഷത്തില്‍ സുരേന്ദ്രനെതിരെ വധശ്രമത്തിന് കേസെടുക്കേണ്ട സാഹചര്യം ശബരിമലയില്‍ ഇല്ലായിരുന്നുവെന്ന് സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെതിരെ എട്ട് വാറന്റുകളും നിരവധി കേസുകളുമുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിമാര്‍ക്കെതിരേയും കേസുകളില്ലേയെന്നും സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്ന് കോടതി തിരിച്ചു ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ നാളത്തേക്ക് മാറ്റി വെച്ചു

Latest