Connect with us

Editorial

മഞ്ഞക്കുപ്പായക്കാര്‍ നല്‍കുന്ന സന്ദേശം

Published

|

Last Updated

ജനകീയ സമരത്തിന് മുന്നില്‍ ഫ്രാന്‍സിലെ ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ മുട്ടുമടക്കി. വര്‍ധിപ്പിച്ച ഇന്ധന നികുതി ഫ്രഞ്ച് സര്‍ക്കാര്‍ താത്കാലികമായി മരവിപ്പിച്ചു. വിലവര്‍ധന സംബന്ധിച്ച് ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാധ്യമാകുന്നതു വരെ വര്‍ധന നടപ്പില്‍ വരുത്തില്ലെന്നാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാ ഫിലിപ്പ് അറിയിച്ചത്. വൈദ്യുതിയുടെയും പാചകവാതകത്തിന്റെയും നികുതിയിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡീസലിന് 7.6 ശതമാനവും പെട്രോളിന് 3.9 ശതമാനവുമാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി വര്‍ധന വരുത്തിയത്. ഇതോടെ രാജ്യത്ത് ഇന്ധനവില 23 ശതമാനമായി ഉയര്‍ന്നു.

ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ജീവിതച്ചെലവ് ക്രമാതീതമായി വര്‍ധിച്ചതോടെയാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജിവെക്കണമെന്ന ആവശ്യവുമായി നവംബര്‍ 17 മുതല്‍ ജനങ്ങള്‍ രംഗത്തിറങ്ങിയത്. സര്‍ക്കാര്‍ അത് കണ്ടില്ലെന്ന ഭാവം നടിച്ച് മുന്നോട്ടുപോയതോടെ പ്രക്ഷോഭം ശക്തവും അക്രമാസക്തവുമായി. 50 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും രൂക്ഷമായ പ്രക്ഷോഭത്തിനാണ് പിന്നീട് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചത്. മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധമെന്ന പേരില്‍ മൂന്നാഴ്ചയായി രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തില്‍ നാല് പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൃത്യമായ സംഘടനയോ നേതൃത്വമോ ഇല്ലാതെയാണ് പ്രക്ഷോഭം നടന്നതെങ്കിലും വന്‍ ജനപിന്തുണയാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാക്രോണിന് അനുകൂലമായി വോട്ട് ചെയ്തവര്‍ വരെ പ്രക്ഷോഭത്തെ പിന്തുണച്ചു. ഗവേഷണ സ്ഥാപനമായ ഐ എഫ് ഒ പി നടത്തിയ സര്‍വേയില്‍ മാക്രോണിന്റെ ജനസമ്മതി 25 ശതമാനമായി ഇടിഞ്ഞതായി കണ്ടെത്തി. അതോടെയാണ് സര്‍ക്കാര്‍ മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതമായത്.

കഴിഞ്ഞ മെയില്‍ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ഒരു വനിത തുടങ്ങി വെച്ച പ്രചാരണ പരിപാടിയാണ് വന്‍ ജനകീയ പ്രക്ഷോഭമായി വളര്‍ന്നത്. ഒക്ടോബര്‍ മാസത്തോടെ ഈ പ്രചാരണം ഫേസ്ബുക്കില്‍ വ്യാപകമാകുകയും റോഡുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ആഹ്വാനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയത്. നികുതിയിളവുകളും ചില സാമ്പത്തിക വിഭാഗങ്ങളെ നികുതിയില്‍ നിന്നും ഒഴിവാക്കലും വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇമ്മാനുവല്‍ മാക്രോണ്‍ ധനികരെയും വന്‍കിട വ്യവസായികളെയും സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉദാര സാമ്പത്തിക നയങ്ങളിലേക്ക് മാറിയിരിക്കുകയാണെന്നാണ് പ്രക്ഷോഭകരുടെ വാദം. എന്നാല്‍ ഇന്ധനത്തിന് അധിക നികുതിയേര്‍പ്പെടുത്തിയതിനെക്കുറിച്ച് ഇമ്മാനുവല്‍ മാക്രോണിന് പറയാനുള്ളത് മറ്റൊന്നാണ്. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന ഇന്ധനമാണ് ഡീസല്‍. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയുമെല്ലാം കെടുതികള്‍ വലിയ തോതില്‍ ബാധിച്ചിട്ടുള്ള ഫ്രാന്‍സില്‍ ഡീസല്‍ വിലയും മറ്റു ഭൗമ ഇന്ധനങ്ങളും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഭൗമ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കുകയാണ് നികുതി വര്‍ധനയിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറയുന്നു. ഈ വിശദീകരണം അപ്പടി വിഴുങ്ങാന്‍ പക്ഷേ ജനങ്ങള്‍ ഒരുക്കമല്ല.
ജനങ്ങളുടെ ദൃഢനിശ്ചയത്തിനും ആര്‍ജവത്തിനും ഏത് ഭരണകൂടത്തെയും വഴിക്കുകൊണ്ടു വരാന്‍ സാധിക്കുമെന്ന പാഠമാണ് ഫാന്‍സിലെ മഞ്ഞക്കുപ്പായക്കാര്‍ നല്‍കുന്നത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇമ്മാനുവല്‍ മാക്രോണ്‍ എല്ലാ അടവും പയറ്റിയതാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നീക്കം പോലുമുണ്ടായി. അതുകൊണ്ടൊന്നും ജനങ്ങളെ അടക്കി നിര്‍ത്താനാവില്ലെന്ന ബോധ്യമാണ് അദ്ദേഹെത്ത പിന്തിരിപ്പിച്ചത്. ഫ്രഞ്ചുകാരെ പ്രക്ഷോഭത്തിലേക്ക് നയിക്കാന്‍ ഫ്രാന്‍സില്‍ ഉടലെടുത്ത സാഹചര്യമെന്തന്നായിരുന്നോ അതിനേക്കാള്‍ മോശമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലവിലുള്ളത്. ആഗോള വിപണിയില്‍ ഇന്ധനവില കുത്തനെ ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ച് വിലയിടിവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നിഷേധിച്ചു. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അടിസ്ഥാന നികുതി ലിറ്ററിന് 1.20 രൂപയില്‍ നിന്നും 8.48 രൂപയായും അഡീഷനല്‍ എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് രണ്ട് രൂപയില്‍ നിന്നും ആറ് രൂപയായും സ്‌പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടി ലിറ്ററിന് ആറ് രൂപയില്‍ നിന്നും ഏഴായും ഉയര്‍ത്തി. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11 രൂപ 48 പൈസ ആയിരുന്നത് ഇന്ന് 19 രൂപ 48 പൈസയാണ്. ഡീസലിന്റെ നികുതി 3.46 രൂപയില്‍ നിന്നും 15.33 രൂപയായും ഉയര്‍ന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണക്ക് വില വര്‍ധിക്കുമ്പോള്‍ അതിന്റെ ഭാരം ഉപഭോക്താവിനെത്തിക്കാതെ ആഭ്യന്തരവില പിടിച്ചു നിര്‍ത്താനാണ് എക്‌സൈസ് നികുതി വര്‍ധിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്രത്തിന്റെ അന്നത്തെ ന്യായീകരണം. എന്നാല്‍, അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില ഉയര്‍ന്നപ്പോള്‍ ഈ വാഗ്ദാനം മനഃപൂര്‍വം വിസ്മരിച്ചു. ഇന്ധന വില ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവന്നാല്‍ നികുതി 28 ശതമാനമായി കുറക്കാന്‍ സാധിക്കും. ഈ ആവശ്യം പലരും ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ കേട്ടഭാവം നടിച്ചില്ല. നോട്ട് നിരോധം ജനങ്ങളെ അതിലേറെ ദുരിതത്തിലാക്കി. എന്നിട്ടും രാജ്യത്തൊരു ചലനവുമുണ്ടായില്ല. ഇന്ത്യക്കാരന്റെ പ്രതികരണശേഷി എവിടെയോ കൈമോശം വന്നിരിക്കുന്നു. വില വര്‍ധനവിനെതിരെ ഹര്‍ത്താലിലോ മുദ്രാവാക്യങ്ങളിലോ ഒതുങ്ങുന്നു ഇവിടെ പ്രതിഷേധം. ഭരണകൂടം വര്‍ഗീയ, വൈകാരിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ അതില്‍ തളച്ചിടുകയാണ്. ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ആര്‍ജവം പ്രതിപക്ഷത്തിനുമില്ല.

Latest