Connect with us

Articles

കരിപ്പൂരിന് നീതി ലഭിക്കുമ്പോള്‍

Published

|

Last Updated

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മലബാറിന്റെ വികസന കവാടമാണ്. മലപ്പുറത്തിനും കോഴിക്കോടിനും അഭിമാനമായി അത് പ്രതാപത്തിന്റെ കൊടുമുടിയിലിരിക്കുമ്പോഴാണ് 2015 ല്‍ പൊടുന്നനെ കാര്യങ്ങള്‍ മാറിമറിയുന്നത്. മൂന്നര വര്‍ഷക്കാലം വലിയ വിമാനങ്ങള്‍ തടയപ്പെട്ട് ചിറകൊടിഞ്ഞു കിടന്ന വിമാനത്താവളം വീണ്ടും വലിയ യന്ത്രപ്പക്ഷികളുടെ ചിറകടിക്കായി കാതോര്‍ക്കുന്ന ഈ ഘട്ടത്തില്‍ ചില യാഥാര്‍ഥ്യങ്ങള്‍ പറയേണ്ടതായിട്ടുണ്ട്.

റണ്‍വേ പുനരുദ്ധാരണമെന്നു പറഞ്ഞാണ് 2015 മെയ് ഒന്ന് മുതല്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തപ്പെടുന്നത്. അതൊരു സാധാരണ നടപടിക്രമമായിരിക്കുമെന്നും, തത്കാലത്തേക്കായിരിക്കുമെന്നും എല്ലാവരും വിചാരിച്ചു. എന്നാല്‍ അന്നു തന്നെ അതിലെ അസാധാരണത്വം മനസ്സിലാക്കിയ ചിലരെങ്കിലുമുണ്ട്. വ്യക്തമായ ഗൂഢാലോചന അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞവരും എഴുതിയവരും ഉണ്ടായിട്ടുണ്ട്. പക്ഷേ അധികമാരും അന്നതിനു ചെവി കൊടുത്തില്ലായിരുന്നു.

ചില ലോബികളുടെ ഇടപെടലും അവര്‍ക്കു വേണ്ടി ഉന്നത ഉദ്യോഗസ്ഥ തല ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നത് നൂറു തരം. മാസങ്ങള്‍ പിന്നിട്ടിട്ടും റണ്‍വേയുടെ പുനരുദ്ധാരണം ഒച്ചിഴയും വേഗത്തില്‍ പോലും നടക്കാതിരിക്കുകയും തത്കാലത്തേക്ക് നിറുത്തല്‍ ചെയ്ത വലിയ വിമാനങ്ങളുടെ സര്‍വീസ് പിന്നീടങ്ങോട്ട് സ്ഥിരമായി നിരോധിക്കുകയും ചെയ്തു. ഡല്‍ഹി കേന്ദ്രീകരിച്ച് ഒരു മലയാളി ഉദ്യോഗസ്ഥനാണ് കരിപ്പൂരിനെതിരെ നടന്ന ഗൂഢാലോചനക്ക് ചുക്കാന്‍ പിടിച്ചത്. കരിപ്പൂരിനായി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റമോ ദുരനുഭവങ്ങളോ ഉണ്ടായിക്കൊണ്ടിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച് ചിലര്‍ നന്നായി കളിച്ചു.

കരിപ്പൂരിന് വലിയ വിമാനങ്ങള്‍ നിഷേധിച്ചതു കാരണം ഗള്‍ഫില്‍ ജോലി ചെയ്യുന്ന മലബാറിലെ ലക്ഷക്കണക്കിന് പ്രവാസികളാണ് ദുരിതത്തിലായത്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകള്‍ പൂര്‍ണമായും, കണ്ണൂര്‍, തൃശൂര്‍ ജില്ലകള്‍ ഭാഗികമായും കരിപ്പൂരിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാത്രമല്ല ഹജ്ജ്, ഉംറ സര്‍വീസുകളേയും അതു കാര്യമായി ബാധിച്ചു. ഗള്‍ഫ് പ്രവാസികളാകട്ടെ 90 ശതമാനവും ഈ മേഖലകളില്‍ നിന്നുള്ളവരായിരുന്നുതാനും.

കരിപ്പൂരില്‍ നിന്ന് നേരിട്ടുള്ള ജിദ്ദാ സര്‍വീസ് പൂര്‍ണമായും നിര്‍ത്തി വെക്കപ്പെട്ടത് ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ യാത്രകള്‍ ദുഷ്‌കരമാക്കി. അങ്ങനെ 2015 ലെ ഹജ്ജ് സര്‍വീസ് നെടുമ്പാശ്ശേരിയിലേക്കു മാറ്റി.കോടികള്‍ ചെലവഴിച്ചു പണി തീര്‍ത്ത കരിപ്പൂരിലെ ഹജ്ജ് ഹൗസ് മാറാല പിടിച്ചു കിടന്നു. ഹജ്ജ് ക്യാമ്പ് അടക്കം കൊച്ചിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. അങ്ങനെ കോഴിക്കോടിന് സ്വന്തമായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയിലേക്കു പറിച്ചു നടപ്പെട്ടു. തുടര്‍ന്നങ്ങോട്ടുള്ള നാല് ഹജ്ജ് കാലങ്ങളില്‍ നെടുമ്പാശ്ശേരി നിന്നാണ് ഹാജിമാര്‍ വിമാനം കയറിയത്. മലബാറില്‍ നിന്നുള്ള നിരവധി ഉംറ ഗ്രൂപ്പുകാരും ഇത്തരം ബുദ്ധിമുട്ടുകളുടെ ഇരകളാക്കപ്പെട്ടു.

ഗള്‍ഫ് നാടുകളില്‍ നിന്ന് അവധിക്ക് നാട്ടിലേക്കു പറക്കുന്ന പ്രവാസികളും ഈ ദുരിതത്തിന്റെ പ്രയാസം പേറി. ദീര്‍ഘദൂര യാത്രയില്‍ ഗതാഗത തടസ്സം കാരണം പലര്‍ക്കും ഫ്‌ളൈറ്റ് മിസ്സാകുന്നത് വരെ പതിവായി. ഗര്‍ഭിണികളും കുട്ടികളുമടങ്ങുന്നവര്‍ക്ക് റോഡ് മാര്‍ഗമുള്ള ദൂരയാത്ര വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചു. വലിയ വിമാനങ്ങളുടെ നിഷേധം സഊദിയുമായി നേരിട്ടുള്ള വ്യോമ ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. അത് കരിപ്പൂര്‍ വഴിയുള്ള പച്ചക്കറി അടക്കമുള്ള ഭക്ഷ്യ കയറ്റുമതി ദുഷ്‌കരമാക്കി. കാര്‍ഗോ, ടൂറിസം മേഖലകളെയും ബാധിച്ചു. കരിപ്പൂരിലെ പ്രതിസന്ധി കോഴിക്കോട്ടേയും കൊണ്ടോട്ടിയിലേയും തൊഴില്‍, കച്ചവട മേഖലകളെ തകര്‍ത്തു കളഞ്ഞു. പ്രതാപകാലത്തെ കരിപ്പൂരും പരിസരവും ഇപ്പോഴത്തെ കരിപ്പൂരും പറഞ്ഞറിയിക്കാനാകാത്ത വിധം വ്യത്യാസപ്പെട്ടു.

എന്നാല്‍, ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോട്ടമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാരും ഇത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിച്ചില്ല.
മലബാറിലെ പ്രധാനപ്പെട്ട എല്ലാ കക്ഷികളും ഇക്കാര്യത്തില്‍ ഒരേപോലെ പ്രതികളാണ്. അവര്‍ ഗൗരവത്തിലെടുത്തിരുന്നെങ്കില്‍ ഇത് ഇത്രയധികം വെച്ചു നീളുമായിരുന്നില്ല. കാരണം ഡല്‍ഹി കേന്ദ്രമായി ചില ഉദ്യോഗസ്ഥര്‍ ആര്‍ക്കോ വേണ്ടി നടത്തുന്ന കരുതിക്കൂട്ടിയുള്ള “പാരകള്‍” മാത്രമായിരുന്നു കരിപ്പൂരിനു മുമ്പിലുണ്ടായിരുന്ന മാര്‍ഗ തടസ്സം. അതാകട്ടെ നമ്മുടെ ജനപ്രതിനിധികള്‍ ഒന്നുറക്കെ ഒച്ച വെച്ചാല്‍ തീര്‍ക്കാമായിരുന്നു. എന്നാല്‍, അതുണ്ടായില്ലെന്ന് മാത്രമല്ല, ഗൂഢാലോചനക്ക് പിന്നില്‍ കളിക്കുന്നു എന്ന് സംശയിക്കപ്പെടുന്ന ലോബിയുടെ വക്താക്കളാണോ നമ്മുടെ ജന പ്രതിനിധികള്‍ എന്നുപോലും സംശയിക്കാവുന്ന അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായി. കരിപ്പൂരില്‍ പുതുതായി വന്ന ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ കരിപ്പൂരിന് നീതി ലഭിക്കാന്‍ ഒന്നുത്‌സാഹിച്ചു നോക്കി. വൈകാതെ അദ്ദേഹത്തിന് ഗുവാഹത്തിയിലേക്കു സ്ഥലം മാറ്റം ലഭിച്ചു. വൈഡ് ബോഡി വിമാനത്തിനായി അദ്ദേഹം ശ്രമിച്ചത് ഡല്‍ഹിയിലെ ചിലര്‍ക്ക് പിടിച്ചില്ലായിരുന്നു.

കരിപ്പൂരിന്റെ മോചനത്തിനായി കോഴിക്കോട്ടെ ഏതാനും ചിലര്‍ മുന്‍കൈയെടുത്ത് 2015 സെപ്തംബറില്‍ രൂപീകരിച്ച സമരക്കൂട്ടായ്മയാണ് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം. മുന്‍ പ്രവാസി കൂടിയായ കെ എം ബശീര്‍ പ്രസിഡന്റായ ഫോറം കരിപ്പൂരിനായുള്ള മുറവിളികള്‍ ഏകോപിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കു വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളേയും ഒന്നിച്ചിരുത്തുന്നതില്‍ വിജയിച്ചു. ഗള്‍ഫിലേയും നാട്ടിലേയും മാധ്യമപ്രവര്‍ത്തകരും പ്രമുഖ പ്രവാസി നേതാക്കളും എം ഡി എഫിന്റെ നീക്കങ്ങള്‍ക്ക് സര്‍വപിന്തുണയും നല്‍കി. മലബാറിലെ പ്രവാസികളായ പതിനായിരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കരിപ്പൂരിനു വേണ്ടിയുള്ള സമര നീക്കങ്ങള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. പിന്നീടങ്ങോട്ട് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും എം ഡി എഫിന്റെ സമര പോരാട്ടങ്ങളുമായി സഹകരിക്കാനും സ്വയം സമരത്തിലേക്കിറങ്ങാനും നിര്‍ബന്ധിതരായി. എം ഡി എഫ് നേതൃത്വം സമര പരമ്പരകള്‍ തന്നെ സംഘടിപ്പിച്ചു.

തെരുവിലെ സമര പരിപാടികളില്‍ ഒതുക്കാതെ നിയമ പോരാട്ടത്തിനും മലബാര്‍ ഡെവലപ്‌മെന്റ് ഫോറം മുന്നിട്ടിറങ്ങി. ഹജ്ജ് ക്യാമ്പ് കോഴിക്കോട്ടു നിന്നു മാറ്റിയതും വലിയ വിമാനങ്ങള്‍ കാരണം കൂടാതെ കരിപ്പൂരിനു വിലക്കിയതും ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.
2016 മേയ് മാസത്തോടെ റണ്‍വേ ജോലികള്‍ പൂര്‍ത്തിയായിരുന്നു. എന്നിട്ടും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കോഡ് ഇ വിമാനങ്ങള്‍ കരിപ്പൂരിന് നിഷേധിക്കുകയായിരുന്നു. ഡി ജി സി എ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ 2016 ഏപ്രിലില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയത് 777200 േേബസ് മോഡല്‍ വിമാനം കരിപ്പൂരിനാകാമെന്നാണ്. പക്ഷേ ലോകത്തെവിടെയും നിലവിലില്ലാത്ത മോഡല്‍ വിമാനം കരിപ്പൂരിനായി നിര്‍ദ്ദേശിച്ചത് കരിപ്പൂരിനെ തകര്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു. മലയാളിയായ ഒരുന്നത ഉദ്യോഗസ്ഥനാണ് ഇതിനെല്ലാം പിന്നിലെന്ന് എം ഡി എഫ് ആരോപിച്ചിരുന്നു. അയാള്‍ തരം കിട്ടുമ്പോഴൊക്കെ അനാവശ്യ തടസ്സവാദങ്ങളുന്നയിച്ച് കരിപ്പൂരിനു പാര വെച്ചുകൊണ്ടിരുന്നു. അയാള്‍ക്കെതിരേയും എം ഡി എഫ് സെന്‍ട്രല്‍ വിജിലന്‍സിലും, സി ബി ഐ വിജിലന്‍സിലും പരാതി നല്‍കി. പരാതി ഫയലില്‍ സ്വീകരിച്ച സി ബി ഐ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അതേസമയം എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥരില്‍ കരിപ്പൂരിന്റെ വീണ്ടെടുപ്പിനായുള്ള ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണ നല്‍കിയവരും ഉണ്ടായിരുന്നു. ഉയര്‍ന്ന സാങ്കേതിക വിദഗ്ധനായ ഒ വി മാര്‍ക്‌സിസ് ഒരു മാസം സമയമെടുത്ത് തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോര്‍ട്ട് കരിപ്പൂരിലെ റണ്‍വേക്കനുകൂലമായിരുന്നു. കോഡ് ഇ ഗണത്തില്‍ പെട്ട എല്ലാ വിമാനങ്ങള്‍ക്കുമിറങ്ങാന്‍ റണ്‍വേ പാകമാണെന്നായിരുന്നു അതിലെ ഉള്ളടക്കം.

നീതിക്കും ന്യായത്തിനും വേണ്ടിയുള്ള എം ഡി എഫ് പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകരുന്നതായിരുന്നു സമര രംഗത്തേക്കുള്ള എസ് വൈ എസിന്റെ കടന്നു വരവ്. 2016 നവംബര്‍ മൂന്നിന് പതിനായിരങ്ങള്‍ അണിനിരന്ന എസ് വൈ എസിന്റെ എയര്‍പോര്‍ട്ട് മാര്‍ച്ചില്‍ എം ഡി എഫ് നേതൃത്വവും മുന്‍നിരയില്‍ പങ്കുകൊണ്ടു. ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന പാര്‍ലിമെന്റ്മാര്‍ച്ചിലടക്കം തുടര്‍ന്നങ്ങോട്ടുള്ള എല്ലാ സമര പരിപാടികളിലും എസ് വൈ എസിന്റെ സജീവ സാന്നിധ്യമുണ്ടായി. പിന്നീട് കൂടുതല്‍ സംഘടനകളും സമര മുന്നേറ്റങ്ങള്‍ക്ക് പിന്തുണയുമായി രംഗം സജീവമാക്കി.
അതേസമയം മലബാറിലെ മുഖ്യധാരാ രാഷ്ട്രീയ സംഘടനകള്‍ അര്‍ഹിക്കുന്ന ഗൗരവം കരിപ്പൂര്‍ പ്രശ്‌നത്തിനു നല്‍കാത്തതില്‍ പ്രവാസ ലോകത്ത് പ്രതിഷേധം കത്തി. യുവജന സംഘടനകളും കരിപ്പൂര്‍ വിഷയം കാര്യമായെടുത്തില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നു പലര്‍ക്കും കരിപ്പൂര്‍ ഓര്‍മ വരാന്‍. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ യൂത്ത്‌ലീഗ് ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചു. ഇ അഹമ്മദ് കരിപ്പൂരിനു വേണ്ടി ആവും വിധം ശബ്ദമുയര്‍ത്തിയിരുന്നു. എന്നാല്‍ ലീഗിന്റെ ഉന്നത നേതാവടക്കം പലരും കരിപ്പൂരിനായി പറഞ്ഞു തുടങ്ങാന്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ടി വന്നു! നാട്ടിലും വിദേശത്തും ലീഗണികളില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു പാര്‍ട്ടിയുടെ കരിപ്പൂരിനോടുള്ള സമീപനത്തില്‍. ഒരു പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ ചില തത്പരകക്ഷികള്‍ ഗൂഢാലോചന ചെയ്തിട്ടും ജന ലക്ഷങ്ങളെ ബാധിക്കുന്ന പ്രശ്‌നമായിട്ടും ഇടതു യുവജന പ്രസ്ഥാനങ്ങളെയും സമര രംഗത്ത് കണ്ടില്ല.

കരിപ്പൂരിന്റെ സമര പോരാട്ടങ്ങളുടെ ഗതി മാറുന്നത് 2018 ജൂലൈ മാസത്തിലാണ്. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഡല്‍ഹിയില്‍ നടത്തിയ ചില നയതന്ത്രതല നീക്കങ്ങള്‍ കുറിക്കു കൊള്ളുകയായിരുന്നു. 2018 മാര്‍ച്ച് മാസത്തില്‍ വ്യോമയാന വകുപ്പിന്റെ ചുമതല സുരേഷ്പ്രഭു ഏറ്റെടുക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. കരിപ്പൂരിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പഠിക്കാനും അദ്ദേഹം തയ്യാറായി. ജൂണില്‍ എം ഡി എഫ് നേതാക്കള്‍ ദൂതന്‍മാര്‍ മുഖേന ഫയലുകള്‍ മന്ത്രിക്ക് ഡല്‍ഹിയിലെത്തിച്ചു കൊടുത്തു. ഫയലുകള്‍ പഠിക്കാന്‍ സന്‍മനസ്സ് കാണിച്ച അദ്ദേഹം കരിപ്പൂരിന്റെ ആവശ്യം ന്യായമാണെന്നും കരിപ്പൂരിനെതിരെ ചിലര്‍ കളിക്കുകയാണെന്നും മനസ്സിലാക്കി. മലബാര്‍ ഡെവലപ്‌മെന്റ് ഫോറം ഭാരവാഹികളെ അദ്ദേഹം ഡല്‍ഹിക്ക് വിളിപ്പിച്ചു. അങ്ങനെ വി മുരളീധരന്‍ എം പിയോടൊപ്പം ജൂലൈ 13 ന് മന്ത്രിയുമായി കൂടിക്കാഴ്ച നടന്നു.

കെ എം ബശീര്‍, ഹസന്‍ തിക്കോടി, കെ സൈഫുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കരിപ്പൂരിന്റെ പ്രശ്‌നത്തില്‍ എത്രയും വേഗത്തില്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി അവിടെ വെച്ചു തന്നെ നിര്‍ദേശം നല്‍കി. ഈ ചര്‍ച്ചയാണ് കരിപ്പൂരിന്റ പ്രശ്‌ന പരിഹാരത്തില്‍ വഴിത്തിരിവായത്. ഏതായാലും മൂന്നരക്കൊല്ലങ്ങള്‍ക്കു ശേഷം കരിപ്പൂരിനു നീതി ലഭിച്ചിരിക്കയാണ്. ഡിസംബര്‍ അഞ്ചിന് കാലത്ത് സഊദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം കരിപ്പൂരിന്റെ ടാര്‍മാക്കില്‍ മുത്തമിടുകയാണ്. ഇത് പൊരുതി നേടിയ വിജയമാണ്. ഇത് ജനങ്ങളുടെ വിജയമാണ്. ലക്ഷക്കണക്കായ പ്രവാസികളുടെ വിജയമാണ്. സമരക്കൂട്ടായ്മയായ മലബാര്‍ ഡെവലപ്‌മെന്റ് ഫോറത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന്റേയും പോരാട്ട വീര്യത്തിന്റേയും വിജയമാണ്.