കാര്‍ക്കറെയും ലോയയും ഇപ്പോള്‍ സുബോധും

Posted on: December 5, 2018 9:33 am | Last updated: December 5, 2018 at 9:33 am

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട അക്രമങ്ങളും കൊലകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിശിഷ്യാ യു പിയില്‍ സാധാരണമാണ്. സംസ്ഥാനത്ത് ഈ വര്‍ഷം മാത്രം ഇത്തരം പത്ത് സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പശുവിനെ അറുത്തെന്നോ കടത്താന്‍ ശ്രമിച്ചെന്നോ കേള്‍ക്കുന്നതോടെ ഹിന്ദുത്വ ഭീകരര്‍ നടത്തുന്ന അവിചാരിതമായ അക്രമങ്ങളാണ് ഇവയിലേറെയും. എന്നാല്‍ തിങ്കളാഴ്ച യു പിയിലെ ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവും കൊലകളും അവിചാരിതമല്ല, ആസൂത്രിതമാണെന്നും ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ലക്ഷ്യം വെച്ചാണ് കലാപം സൃഷ്ടിച്ചതെന്നുമാണ് ദൃക്‌സാക്ഷി മൊഴികളും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യക്തമാക്കുന്നത്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ 2015 സെപ്തംബറില്‍ ദാദ്രിയില്‍ നടന്ന ആള്‍ക്കൂട്ടക്കൊല അന്വേഷിക്കുകയും കേസിന് തുമ്പുണ്ടാക്കുകയും ചെയ്ത ഉദ്യോഗസ്ഥനായതിനാല്‍ ഹിന്ദുത്വ ഭീകരരുടെ നോട്ടപ്പുള്ളിയാണ്. വീട്ടില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ കൊന്നവരെ കണ്ടെത്താനും പിടികൂടാനും സഹായകമായത് സുബോധ് കുമാറിന്റെ അന്വേഷണമായിരുന്നു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ യു പി സര്‍ക്കാര്‍ അദ്ദേഹത്തെ വാരാണസിയിലേക്ക് മാറ്റുകയാണുണ്ടായത്.
ബുലന്ദ്ശഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ട്രാക്ടറില്‍ പശുവിന്റെ ജഡവുമായി ഗ്രാമത്തില്‍ നിന്നെത്തിയ ജനക്കൂട്ടം ചിങ്കാരവതി പോലീസ് പോസ്റ്റില്‍ എത്തുകയും പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയ പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെ ആള്‍ക്കൂട്ടം പോലീസിനെതിരേ ശക്തമായ കല്ലേറു നടത്തി. കല്ലേറില്‍ തലക്ക് പരുക്കേറ്റ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ ഡ്രൈവര്‍ ജീപ്പില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ അക്രമികള്‍ ഒരു വാഹനത്തില്‍ ജീപ്പിനെ പിന്തുടര്‍ന്ന് സുബോധ് കുമാറിനെ വെടിവെച്ചു കൊല്ലുകയായിരുന്നു. കല്ലേറിലല്ല, ഇടത് പുരികത്തിനേറ്റ ബുള്ളറ്റാണ് അദ്ദേഹത്തിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വെടിയുതിര്‍ത്ത ശേഷം ഇന്‍സ്‌പെക്ടറുടെ മൃതദേഹം ജീപ്പിന് പുറത്തേക്ക് തൂങ്ങിക്കിടക്കുന്നത് മൊബൈല്‍ വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമികളിലൊരാള്‍ ഗോലി മാരോ (വെടിവെച്ച് കൊല്ലൂ) എന്ന് വിളിച്ചു പറയുന്നതും കേള്‍ക്കാം. അക്രമം സുബോധ് കുമാറിനെ ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്തതാണെന്ന സന്ദേഹത്തിന് കാരണമിതാണ്.

പശുവിന്റെ പേരില്‍ അവിചാരിതമായി പൊട്ടിപ്പുറപ്പെടുന്ന സംഘര്‍ഷങ്ങളില്‍ അക്രമികളുടെ വശം കല്ലും വടിയുമല്ലാതെ മറ്റു ആയുധങ്ങളുണ്ടാകാറില്ല. എന്നാല്‍ ബുലന്ദ്ശഹറില്‍ തോക്കുകളുമായാണ് അക്രമത്തിനെത്തിയത്. മാത്രമല്ല, ഗ്രാമവാസികളെ സംഘടിപ്പിച്ചതും കലാപത്തിന് നേതൃത്വം നല്‍കിയതും ബജ്‌റംഗ്ദള്‍ ഹിന്ദു യുവവാഹിനി എന്നീ തീവ്ര ഹിന്ദുത്വ സംഘടനകളും ബി ജെ പി നേതാക്കളുമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. പോലീസിനെ ആക്രമിക്കാനും പോലീസ് വാഹനങ്ങള്‍ തകര്‍ക്കാനും തീയിടാനുമെല്ലാം രംഗത്തുണ്ടായിരുന്നത് ഇവരാണ്. ബജ്‌റംഗ് ദള്‍ നേതാവ് യോഗേഷ് രാജാണ് സംഘര്‍ഷങ്ങളുടെ പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. സുബോധ് കുമാറിനെ പിന്തുടര്‍ന്ന് വെടിവെച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പേരില്‍ ഒരാളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനാണ്. കേസില്‍ പോലീസ് പ്രതി ചേര്‍ത്തവരില്‍ ബി ജെ പി നേതാവും ഉള്‍പ്പെടുന്നു.

വധത്തില്‍ പോലീസുകാര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹത്തെ തനിച്ചാക്കി മറ്റു പോലീസുകാര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും സൂബോധിന്റെ സഹോദരി ആരോപിക്കുന്നു. സംഘര്‍ഷത്തിനിടെ സുബോധ് കുമാര്‍ ഒറ്റപ്പെട്ടു പോകാനിടയായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണത്തിന് മീററ്റ് എ ഡി ജി പി പ്രശാന്ത്കുമാര്‍ ഉത്തരവിട്ടതോടെ പോലീസ് നേതൃത്വവും ഇക്കാര്യം ഗൗരവമായി കാണുന്നുവെന്ന് വ്യക്തം. കാട്ടില്‍ പശുവിന്റെ ജഡം എങ്ങനെ എത്തിയെന്നതും ദുരൂഹമാണ്. ഗോവധ നിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഗോവധത്തിന്റെ പേരില്‍ ഇവിടെ ഒരുപാട് അക്രമങ്ങള്‍ അരങ്ങേറുകയും ന്യൂനപക്ഷ, ദളിത് വിഭാഗത്തില്‍ പെട്ട നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരിക്കെ അവരാരും ഇതിന് ധൈര്യപ്പെടില്ല. ഗുജറാത്ത് കലാപത്തിന് മുന്നോടിയായി നടന്ന ഗോധ്ര തീവെപ്പ് പോലെ ഇതും കലാപത്തിന് വഴിമരുന്നിടാന്‍ ഹിന്ദുത്വ ഭീകരര്‍ തന്നെ ഒപ്പിച്ച വേലയായിരിക്കാനാണ് സാധ്യത.

മുംബൈ ഭീകര വിരുദ്ധ സ്‌ക്വാഡ് തലവനായിരുന്ന ഹേമന്ത് കാര്‍ക്കറെയുടെയും, ബി ജെ പി പ്രസിഡന്റ് അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദിന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെയും പിന്‍ഗാമിയാണ് സുബോധ് കുമാര്‍. രാജ്യത്തെ പല സ്‌ഫോടനങ്ങളുടെയും പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് കണ്ടെത്തുകയും കേണല്‍ പുരോഹിതിനെയും സാധ്വി പ്രാചിയെയും കൂട്ടാളികളെയും പിടികൂടുകയും ചെയ്തപ്പോഴാണ് ഹേമന്ത് കാര്‍ക്കറെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യപ്രതിയായിട്ടും കോടതിയില്‍ ഹാജരാകാതെ ഒഴിഞ്ഞു മാറിയ അമിത്ഷായോട് നിര്‍ബന്ധമായും ഹാജരായേ പറ്റൂ എന്ന് ജസ്റ്റിസ് ബി എച്ച് ലോയ ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ദുരൂഹ മരണം. അഖ്‌ലാഖ് വധക്കേസിലെ സത്യസന്ധമായ അന്വേഷണം സുബോധ് കുമാറിന്റെയും ജീവനെടുത്തു. ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച ദുശ്ശക്തികളെ നിയമത്തിന്റെ മുമ്പിലെത്തിക്കാന്‍ ആര്‍ജവമുള്ള ഭരണകൂടങ്ങളോ നീതിപീഠങ്ങളോ ഇല്ലെന്നതാണ് നമ്മുടെ രാജ്യം നേരിടുന്ന മുഖ്യപ്രശ്‌നങ്ങളിലൊന്ന്.