ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി നിയമസഭയില്‍

Posted on: December 4, 2018 11:08 am | Last updated: December 4, 2018 at 2:06 pm

തിരുവനന്തപുരം : ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിന് മുഖ്യമന്ത്രിയുടെ പിന്തുണ. മന്ത്രി ജലീല്‍ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ബന്ധുനിയമന വിവാദം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി ജലീല്‍ ബന്ധുവായ അദീബിനെ ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ എംഡിയായി നിയമിച്ചതില്‍ അപാകതയില്ല. ഇത് സംബന്ധിച്ച വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. ആദ്യം അഭിമുഖത്തിനെത്തിയവര്‍ക്ക് നിശ്ചിത യോഗ്യത ഇല്ലായിരുന്നു.അദീബ് പിന്നീട് അപേക്ഷ നല്‍കി ജോലി ഏറ്റെടുക്കാന്‍ തയ്യാറായി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അദീബ് തല്‍സ്ഥാനം ഒഴിയുകയായിരുന്നു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷന് ഒരു രൂപയുടെ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അതേ സമയം ബന്ധുനിയമന വിവാദത്തെ ലാഘവ ബുദ്ധിയോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്ന് കെ മുരളീധരന്‍ ആരോപിച്ചു. എന്നാല്‍ നിയമന വിഷയത്തില്‍ തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍ പോതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മന്ത്രി കെടി ജലീലും പറഞ്ഞു.