എന്നിട്ട് മുല്ലപ്പള്ളി എന്തുചെയ്തു എന്നാണ് പറഞ്ഞത്?

മോദിയെയും അമിത് ഷായെയും സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രി ചിദംബരത്തിനും സഹമന്ത്രിമുല്ലപ്പള്ളിക്കും ബോധ്യപ്പെടണമെങ്കില്‍ ഇശ്‌റത് ജഹാന്‍ കേസില്‍ മോദിക്കും അമിത് ഷാക്കും പങ്കുണ്ടെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെയുണ്ടായിരുന്നുവെന്നാണ് അര്‍ഥം. ആ വിവരം എങ്ങനെ ലഭിച്ചുവെന്നും അങ്ങനെ വിവരം ലഭിച്ചിരുന്നുവെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നോ എന്നും വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര സഹമന്ത്രി സ്ഥാനം വഹിച്ചിരുന്ന കെ പി സി സി പ്രസി ഡന്റിനുണ്ട്. ഇശ്‌റത് ജഹാന്‍ കേസുള്‍പ്പെടെ 2003 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ നിരവധിയായ വ്യാജ ഏറ്റുമുട്ടലുകള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറുകള്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ എന്നും പറയണം.
Posted on: December 4, 2018 10:52 am | Last updated: December 4, 2018 at 10:52 am

കേരള പോലീസിന്റെ മേധാവി എന്ന നിലയില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പ്രവര്‍ത്തനം മികച്ചതാണെന്ന അഭിപ്രായമില്ല. അദ്ദേഹം പോലീസ് മേധാവിയായതിന് ശേഷമുണ്ടായ പോലീസ് അതിക്രമങ്ങള്‍ അനവധിയാണ്. അവയില്‍ ജീവന്‍ നഷ്ടപ്പെട്ടവരും കുറവല്ല. പോലീസിന്റെ അറിവോടെ നടന്ന അതിക്രമങ്ങള്‍ വേറെയുമുണ്ട്. അന്വേഷണം അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളും കുറവല്ല. ഇതില്‍ പലതിന്റെ പേരിലും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഖേദം പ്രകടിപ്പിക്കേണ്ടിവന്നിട്ടുണ്ട്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നോ സ്വീകരിക്കുമെന്നോ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ നിരന്തരം പറയേണ്ടിവന്നു. ഇത്രയൊക്കെ വേണ്ടിവന്നിട്ടും പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പാകത്തില്‍ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചോ എന്നതും സംശയമാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം നീക്കിയ സുപ്രീം കോടതി വിധി തുറന്നിട്ട ‘സുവര്‍ണാവസരം’ പ്രയോജനപ്പെടുത്താന്‍ അവിടെ സംഘര്‍ഷമുണ്ടാക്കി, രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ശ്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ തികഞ്ഞ സംയമനത്തോടെ നേരിട്ടതില്‍ മാത്രമാണ് പിണറായി വിജയന്‍ സര്‍ക്കാറിന്റെ പോലീസിനെ അല്‍പ്പമെങ്കിലും പ്രശംസിക്കാനാകുക. അതില്‍ ലോക്‌നാഥ് ബെഹ്‌റയുടെ പോലീസ് ബുദ്ധിയേക്കാളേറെ, സി പി എമ്മിന്റെ രാഷ്ട്രീയ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. എന്നിട്ടും ‘ഭക്തരെ’ പോലീസ് തല്ലിച്ചതക്കുന്നുവെന്ന ആരോപണവുമായി ബി ജെ പിയും ഇതര സംഘ്പരിവാര സംഘടനകളും രംഗത്തുണ്ട്. ഏതാണ്ട് സമാനമായ ആരോപണമാണ് കോണ്‍ഗ്രസും യു ഡി എഫും ഉന്നയിക്കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭ സ്തംഭിപ്പിക്കാന്‍ യു ഡി എഫ് തയ്യാറാകുന്നത്, പോലീസ് അതിക്രമം കാട്ടുന്നുവെന്ന വിശ്വാസത്തിലാണല്ലോ? ഏതാനും ദിവസം മുമ്പ്, സന്നിധാനത്ത് ‘നാമജപ’മെന്ന പേരില്‍ സമരത്തിന് നേതൃത്വം നല്‍കിയത് രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവര്‍ത്തകനായിരുന്നുവെന്ന് വ്യക്തമായതിന് ശേഷവും ‘ഭക്തരെ’ പോലീസ് ഉപദ്രവിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.
ഇതിങ്ങനെ ഒരു ഭാഗത്ത് പുരോഗമിക്കെയാണ് കെ പി സി സിയുടെ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ ആരോപണവുമായി രംഗത്തുവരുന്നത്. വ്യാജ ഏറ്റുമുട്ടലുള്‍പ്പെടെ കേസുകളില്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും സംരക്ഷിക്കും വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റയെന്നും ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്ത് ആ ഫയലുകള്‍ കണ്ട് വിസ്മയം കൂറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. മോദിയെയും അമിത് ഷായെയും സംരക്ഷിക്കും വിധത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിന്റെ ഉപകാരസ്മരണയാണ് ലോക്‌നാഥ് ബെഹ്‌റയുടെ കേരള പോലീസ് മേധാവി സ്ഥാനം. നരേന്ദ്ര മോദി ആവശ്യപ്പെട്ടതനുസരിച്ചാണ് പിണറായി വിജയന്‍ ബെഹ്‌റയെ പോലീസ് മേധാവി സ്ഥാനത്ത് ഇരുത്തിയതെന്നും മുല്ലപ്പള്ളി ആരോപിക്കുന്നു.

ഇശ്‌റത് ജഹാന്‍, മലയാളിയായ ജാവീദ് ഗുലാം ശൈഖ് (പ്രാണേഷ് കുമാര്‍ പിള്ള) എന്നിവരടക്കം നാല് പേരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസാണ് മുഖ്യമായും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടുന്നത്. ഈ കേസിന്റെ അന്വേഷണത്തില്‍ ഒരു കാലത്തും ലോക്‌നാഥ് ബെഹ്‌റയുണ്ടായിട്ടില്ലെന്നാണ് രാജ്യത്ത് ലഭ്യമായ രേഖകള്‍ പറയുന്നത്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായി കരുതപ്പെടുന്ന ഡെവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി രേഖപ്പെടുത്താന്‍ അമേരിക്കയില്‍ പോയ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) സംഘത്തിന്റെ തലവനായിരുന്നു ബെഹ്‌റ. അമേരിക്കയിലെത്തിയ എന്‍ ഐ എ സംഘം സി ഐ എ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹെഡ്‌ലിയെ ചോദ്യം ചെയ്തു. ഇതിനിടെ ഗുജറാത്തില്‍ ഭീകരാക്രമണം നടത്താന്‍ നിയോഗിച്ച സംഘത്തിലെ അംഗമായിരുന്നു ഇശ്‌റത് ജഹാന്‍ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട് എന്ന് ഹെഡ്‌ലി പറഞ്ഞതായാണ് കഥ. എന്നാല്‍ ഇതൊരു തെളിവായി കണക്കാക്കാനാകില്ലെന്നും കേട്ടുകേള്‍വി മാത്രമാണെന്നുമാണ് അന്ന് എന്‍ ഐ എക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചത്. ബെഹ്‌റയും ഇശ്‌റത് ജഹാന്‍ കേസും തമ്മിലുള്ള ബന്ധം ഇത്രമാത്രമാണെന്നാണ് ഇതിനകം പുറത്തുവന്ന വിവരം. അതിലപ്പുറം എന്തെങ്കിലും അന്ന് ബെഹ്‌റയും കൂട്ടരും സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെങ്കില്‍, മുല്ലപ്പള്ളിയെ വിസ്മയിപ്പിച്ച ആ സംഗതി എന്തെന്ന് തുറന്നുപറയേണ്ടത് അദ്ദേഹം തന്നെയാണ്. അങ്ങനെ തുറന്ന് പറയുമ്പോള്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും സംരക്ഷിക്കാന്‍ പാകത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് കൂടി അദ്ദേഹം പറയേണ്ടിവരും.

അക്കാലം പളനിയപ്പന്‍ ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി. മോദിയെയും അമിത് ഷായെയും സംരക്ഷിക്കും വിധത്തിലുള്ള റിപ്പോര്‍ട്ട് ബെഹ്‌റ നല്‍കിയെന്ന് മുല്ലപ്പള്ളിക്ക് അക്കാലത്ത് ബോധ്യപ്പെട്ടുവെങ്കില്‍ ചിദംബരത്തിന് അതിന് മുമ്പേ ബോധ്യപ്പെട്ടിട്ടുണ്ടാകണം. അതറിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് നടപടിയൊന്നുമെടുത്തില്ലെങ്കില്‍ കൂടുതല്‍ ഉത്തരവാദിത്വം ചിദംബരത്തിനാണ്. ഇവരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രിക്കും സഹമന്ത്രിക്കും ബോധ്യപ്പെടണമെങ്കില്‍ ഇശ്‌റത് ജഹാന്‍ കേസില്‍ നരേന്ദ്ര മോദിക്കും അമിത് ഷാക്കും പങ്കുണ്ടെന്ന വിവരം ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെയുണ്ടായിരുന്നുവെന്നാണ് അര്‍ഥം. ആ വിവരം എങ്ങനെ ലഭിച്ചുവെന്നും അങ്ങനെ വിവരം ലഭിച്ചിരുന്നുവെങ്കില്‍ അതേക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിരുന്നോ എന്നും വ്യക്തമാക്കേണ്ട ഉത്തരവാദിത്വം ആഭ്യന്തര സഹമന്ത്രി സ്ഥാനം വഹിച്ചിരുന്ന കെ പി സി സി പ്രസിഡന്റിനുണ്ട്.

ഇശ്‌റത് ജഹാന്‍ കേസുള്‍പ്പെടെ 2003 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ നിരവധിയായ വ്യാജ ഏറ്റുമുട്ടലുകള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചായിരുന്നുവെന്ന ആരോപണം അന്ന് തന്നെ ഉയര്‍ന്നിരുന്നു. അതേക്കുറിച്ച് അന്വേഷിക്കാന്‍ 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറുകള്‍ (അതിലൊന്നിലാണല്ലോ മുല്ലപ്പള്ളി ആഭ്യന്തര സഹമന്ത്രിയായിരുന്നത്) എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നോ എന്നും പറയണം. ഇശ്‌റത്തിനെയും ജാവീദ് ഗുലാം ശൈഖിനെയും മറ്റ് രണ്ട് പേരെയും വെടിവെച്ചുകൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത് കറുത്ത താടിയുടെയും വെളുത്ത താടിയുടെയും നിര്‍ദേശമനുസരിച്ചാണെന്ന് കേസില്‍ പ്രതിയായ ഗുജറാത്തിലെ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഡി ജി വന്‍സാര പറഞ്ഞത് യു പി എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ്. അതിലെ വസ്തുത അന്വേഷിക്കണമെന്ന് യു പി എ നേതൃത്വത്തിന് തോന്നിയിരുന്നോ എന്നും പറയണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും സി ബി ഐ ധൈര്യം കാട്ടിയെന്നത് മറക്കുന്നില്ല. പക്ഷേ, അതൊരു കേസില്‍ മാത്രമാണ്. അധികാരം മാറിയതോടെ കൂറുമാറിയ സി ബി ഐ, അമിത് ഷായുടെ വിടുതല്‍ ഹരജി പാസ്സായിപ്പോകാന്‍ അവസരമൊരുക്കുകയും ചെയ്തു. വിടുതല്‍ ഹരജി അനുവദിച്ച വിചാരണക്കോടതി വിധി ചോദ്യംചെത് മേല്‍ക്കോടതിയില്‍ പോകാന്‍ അവര്‍ ശ്രമിച്ചതുമില്ല.
മുല്ലപ്പള്ളി, ഇപ്പോഴിക്കാര്യങ്ങള്‍ പറയുന്നതിലെ തത്കാല രാഷ്ട്രീയോദ്ദേശ്യം മനസ്സിലാക്കാന്‍ പ്രയാസമൊന്നുമില്ല. ബി ജെ പിയെയും സംഘ്പരിവാരത്തെയും ശക്തമായി എതിര്‍ക്കുന്നത് താനും തന്റെ പാര്‍ട്ടിയും മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നേരിടണമെങ്കില്‍ നരേന്ദ്ര മോദിയുമായുള്ള ബന്ധം ആരോപിക്കുകയാണ് എളുപ്പവഴി. അതങ്ങനെ പറഞ്ഞുപോകുമ്പോള്‍ മറ്റു ചിലത് മുംബൈയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ അരങ്ങേറുന്നുണ്ടെന്നത് മുല്ലപ്പള്ളി ഓര്‍ക്കണം. സൊഹ്‌റാബുദ്ദീന്‍ – തുള്‍സിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയില്‍ അന്വേഷണ ഉദ്യോഗസ്ഥരും സാക്ഷിപ്പട്ടികയിലെ ശേഷിക്കുന്നവരും മൊഴി കൊടുക്കുകയാണ്. സൊഹ്‌റാബുദ്ദിനെ വധിച്ചതിന്റെ രാഷ്ട്രീയ – സാമ്പത്തിക ലാഭം അമിത് ഷാക്കാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മൊഴി കൊടുത്തു. കേസിലെ മറ്റൊരു സാക്ഷിയായ അസം ഖാനാണ് കൂടുതല്‍ പ്രഹരശേഷിയുള്ള മറ്റൊന്ന് കോടതിയില്‍ പറഞ്ഞത്. ബി ജെ പി നേതാവും അമിത് ഷാക്ക് മുമ്പ് ഗുജറാത്തില്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന ഹരേണ്‍ പാണ്ഡ്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഡി ജി വന്‍സാര എന്ന പോലീസ് ഉദ്യോസ്ഥനാണെന്നാണ് അസം ഖാന്റെ മൊഴി. കറുത്ത താടിയുടെയും വെളുത്ത താടിയുടെയും പങ്കിനെക്കുറിച്ച് പറഞ്ഞ അതേ വന്‍സാര. ആ മൊഴി എത്രമാത്രം വിശ്വസനീയമാണെന്നതും കേസില്‍ എന്തെങ്കില്‍ തുടര്‍ നടപടിയുണ്ടാകുമോ എന്നതും തത്കാലം വിടാം.

ഹരേണ്‍ പാണ്ഡ്യ കൊല്ലപ്പെട്ടത് 2003ലാണ്. അന്ന് എ ബി വാജ്പയിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ ആയിരുന്നു ഭരണത്തില്‍. അവര്‍ ചുമതലപ്പെടുത്തിയത് അനുസരിച്ച് അന്വേഷണം ആരംഭിച്ച സി ബി ഐ, ആന്ധ്രാ സ്വദേശിയായ അസ്‌കര്‍ അലി ഉള്‍പ്പെടെ 12 പേരെ പ്രതിചേര്‍ത്തു. അന്വേഷണം നേരായ വഴിക്കല്ലെന്നും ഗുജറാത്ത് ബി ജെ പിയിലെ പ്രമുഖര്‍ക്ക് കൊലയില്‍ പങ്കുണ്ടെന്നും ഹരേണ്‍ പാണ്ഡ്യയുടെ പിതാവ് വിതല്‍ ഭായ് അന്നേ ആരോപിച്ചിരുന്നു. പുനരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം 2006ല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അന്ന് യു പി എ സര്‍ക്കാറിന്റെ കീഴിലായിരുന്ന സി ബി ഐ, വിതല്‍ ഭായിയുടെ അപേക്ഷയെ ശക്തമായി എതിര്‍ത്തു! സി ബി ഐ പ്രതി ചേര്‍ത്ത 12 പേരെയും വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി തെളിവില്ലെന്ന് കണ്ട് വിട്ടയച്ചു. ഇതോടെ ഹരേണ്‍ പാണ്ഡ്യയെ കൊന്നതാരെന്ന ചോദ്യം വീണ്ടും ശക്തമായി ഉയര്‍ന്നു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരേണ്‍ പാണ്ഡ്യയുടെ ഭാര്യ ജാഗ്രുതി പാണ്ഡ്യ അന്നത്തെ യു പി എ സര്‍ക്കാറിനെ സമീപിച്ചു. അന്നത്തെ സി ബി ഐ ഡയറക്ടര്‍ക്കും അപേക്ഷ നല്‍കി. ഇതൊന്നും ഫലം കാണാഞ്ഞ്, അവര്‍ 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെത്തി. അപ്പോഴേക്കും അസ്‌കര്‍ അലിയുള്‍പ്പെടെ 12 പേരെ വിട്ടയച്ച ഹൈക്കോടതി വിധി ചോദ്യംചെയ്ത് സി ബി ഐ, സുപ്രീം കോടതിയെ സമീപിച്ചുകഴിഞ്ഞിരുന്നു. ഇക്കാരണത്താല്‍ ജാഗ്രുതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. ഹരേണ്‍ പാണ്ഡ്യ വധക്കേസില്‍ പുനരമ്പേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്താല്‍ മതിയെന്നുമുള്ള തീരുമാനം സി ബി ഐയുടേത് മാത്രമായിരുന്നില്ല, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന ചിദംബരമുള്‍പ്പെടെയുള്ള ഉന്നതരുടേത് കൂടിയായിരുന്നു. അന്നും ആഭ്യന്തര സഹമന്ത്രിയായിരുന്നു മുല്ലപ്പള്ളി.

ഇശ്‌റത്, സൊഹ്‌റാബുദ്ദീന്‍, ഹരേണ്‍ പാണ്ഡ്യ തുടങ്ങിയ കേസുകളില്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ ശ്രമമുണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം, ഈ കേസുകളിലൊക്കെ അന്വേഷണം നടക്കുന്ന കാലയളവില്‍ അധികാരത്തിലിരുന്ന യു പി എ സര്‍ക്കാറിന്റെ അതിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയാണ്. ഹിന്ദുത്വ ഭീകരവാദ ശൃംഖലകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതും യു പി എ കാലത്താണ്. ഭീകരാക്രമണങ്ങളുടെ ആസൂത്രണത്തില്‍ ആര്‍ എസ് എസ്സിന്റെ മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കാളിയായെന്ന് അസിമാനന്ദ കുറ്റസമ്മത മൊഴിയില്‍ പറഞ്ഞിട്ട്, അതേക്കുറിച്ച് അന്വേഷിക്കാനുള്ള ഇച്ഛാശക്തി കാട്ടിയിരുന്നോ യു പി എ/കോണ്‍ഗ്രസ് നേതൃത്വം എന്ന് മുന്‍ ആഭ്യന്തര സഹമന്ത്രി പറയേണ്ടതാണ്.

സംഗതികള്‍ ഇവ്വിധമായിരിക്കെ, അസത്യങ്ങളോ അര്‍ധസത്യങ്ങളോ വിളമ്പി ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി വര്‍ഗീയധ്രുവീകരണമുണ്ടാക്കാനും ശ്രമിക്കുമ്പോള്‍ അതൊക്കെ കൂടുതല്‍ ‘ഭംഗി’യായി ചെയ്യുന്ന സംഘ്പരിവാരം ഇവിടെയുണ്ടെന്നത് കെ പി സി സി പ്രസിഡന്റ് ഓര്‍ക്കണം. അതുതന്നെയാണ് തങ്ങളുടെയും വഴിയെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പിന്നെ പ്രശ്‌നമില്ല. ആയത്, എ ഐ സി സിയുടെ പ്രസിഡന്റിനെക്കൊണ്ടൊന്ന് പറയിപ്പിച്ചാല്‍ മതി. കേരള ഘടകമെങ്കിലും ആ വഴിക്കാണെന്ന്.