Connect with us

Gulf

കരിപ്പൂരില്‍ വീണ്ടും വലിയ വിമാനം: ഡിസം. 5 ന് 'വിക്റ്ററി ഡേ' ആഘോഷങ്ങള്‍

Published

|

Last Updated

ജിദ്ദ/കരിപ്പൂര്:മൂന്നര കൊല്ലത്തെ ഇടവേളക്കു ശേഷം കരിപ്പൂരില്‍ വീണ്ടും വലിയ വിമാനങ്ങളിറങ്ങുന്ന ദിവസം ഡിസംബര്‍ 5 ന് “വിക്ടറി ഡേ” ആയി ആഘോഷിക്കുകയാണ് പ്രവാസ ലോകത്തെ വിവിധ സംഘടനകള്‍.കരിപ്പൂരിന്റെ മോചനത്തിനായി നിയമപരമായും സമരങ്ങള്‍ നയിച്ചും പോരാടിയ മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തോടൊപ്പം ചേര്‍ന്നാണ് പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകള്‍ ഡിസം. 5 ന് വിജയാഘോഷത്തില്‍ പങ്കു ചേരുന്നത്.

ഡിസംബര്‍ 5ന് പുലര്‍ച്ചെ 3.10 നാണ് സൗദി എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്കു പറക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്ക് ലാന്റ് ചെയ്യുന്ന സൗദിയ വിമാനത്തെ വരവേല്‍ക്കാന്‍ വലിയ ഒരുക്കങ്ങളാണ് കരിപ്പൂരും നടക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ വാട്ടര്‍ സല്യൂട്ട് ആയിരിക്കും വിമാനത്തെ ആദ്യമായി എതിരേല്‍ക്കുക. ജന പ്രതിനിധികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും ചേര്‍ന്ന് ആദ്യ വിമാനത്തിലെ യാത്രക്കാരെ എതിരേല്‍ക്കും. ബാന്റ് വാദ്യ ഘോഷങ്ങളും, കോല്‍ക്കളി, ദഫ് മുട്ട് തുടങ്ങിയവയും വരവേല്പിന് കൊഴുപ്പേകാനായി ഉണ്ടാകും. വിവിധ രാഷ്ട്രീയ കക്ഷികള്‍, മലബാര്‍ ഡവലപ്‌മെന്റ് ഫോറം, സുന്നി യുവജന സംഘം തുങ്ങെിയവര്‍ വിവിധ പരിപാടികളാണ് വലിയ വിമാനങ്ങളുടെ വരവിനേയും കരിപ്പൂരിന്റെ ശാപ മോക്ഷത്തേയും ആഘോഷിക്കാന്‍ ഒരുക്കിയിട്ടുള്ളത്.കരിപ്പൂരിലെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ജിദ്ദയില്‍ നിന്നും അത്യാവേശത്തോടെയാണ് മലയാളികള്‍ പുറപ്പെടാനൊരുങ്ങുന്നത്. സൗദി എയര്‍ലൈന്‍സ് ഒഫീഷ്യലുകളും, വിവിധ സംഘടനാ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ആദ്യ വിമാനത്തില്‍ കരിപ്പൂരിനു പറക്കുന്നുണ്ട്.