ശബരിമല സമര നേതാവിനെ വനിതാ മതിലിന്റെ ജോ. കണ്‍വീനറാക്കിയത് വിവാദത്തില്‍

Posted on: December 3, 2018 1:51 pm | Last updated: December 3, 2018 at 1:51 pm

തിരുവന്തപുരം: സുപ്രീം കോടതി വിധിക്കെതിരെ ശബരിമലയില്‍ നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുകയും മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള വനിതകളെ തടയുകയും ചെയ്ത ഹിന്ദുപാര്‍ലിമെന്റ് നേതാവിനെ നവോത്ഥാന പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറാക്കിയ നടപടി വിവാദമാകുന്നു. സ്ത്രീകള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ കടുത്ത വിമര്‍ശം ഉന്നയിക്കുന്ന സുഗതനെ നവോത്ഥാന മൂല്യം ഉയര്‍ത്താനുള്ള സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ സുഗതന്റെ പഴയ കാര്യങ്ങള്‍ നോക്കിയായിരുന്നില്ല ജോയിന്റ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

ഹാദിയ മതംമാറ്റ കേസിലുള്‍പ്പെടെ തീവ്രഹിന്ദു നിലപാട് സ്വീകരിച്ച ഹിന്ദുപാര്‍ലിമെന്റ് പ്രതിനിധി സി പി സുഗതനെയാണ് ഇന്നലെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് ക്ഷണിക്കുകയും സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത്. തുലാമാസ പൂജനാളില്‍ പമ്പയില്‍ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള സംഘത്തോടൊപ്പം സി പി സുഗതന്‍ ദേശീയ മാധ്യമങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നേതൃത്വം നല്‍കിയിരുന്നു. ഒപ്പം സുപ്രീം കോടതി വിധിക്കെതിരെ സോഷ്യല്‍ മീഡിയയിലും സി പി സുഗതന്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. സുപ്രീം കോടതി വിധി വന്നാലും ഭക്തസ്ത്രീകള്‍ അയ്യപ്പനെ കളങ്കപ്പെടുത്തില്ലെന്നും വിധിക്ക് കാത്തിരിക്കുന്നവര്‍ക്കെതിരെ മോശം പദപ്രയോഗങ്ങളുമായിരുന്നു സുഗതല്‍ ഫേസ്ബുക്കിലെ പോസ്റ്റില്‍ ഉപയോഗിച്ചിരുന്നത്.

പ്രമാദമായ ഹാദിയയുടെ മതംമാറ്റ കേസുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ‘ആ അച്ഛന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ അവളുടെ തട്ടം വലിച്ചുകീറി ഉടലും തലയും രണ്ടാക്കി ജയിലില്‍ പോയേനെ…’ എന്ന പോസ്റ്റും വിവാദമായിരുന്നു.
ഇതിനിടെ സുഗതനോട് വനിതാ മതില്‍ സംഘാടക സമിതിയില്‍ നിന്ന് പിന്മാറാന്‍ ഹിന്ദുപാര്‍ലിമെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നു. നവോത്ഥാന സംഗമത്തില്‍ താന്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ വനിതാ മതില്‍ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തന്നോട്ട് ചോദിക്കാതെയാണ് മുഖ്യമന്ത്രി സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും സി പി സുഗതന്‍ തന്റെ ഫേസ്ബുക്കില്‍ പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.