നിപ്പക്കെതിരെ ജാഗ്രത പുലര്‍ത്താം

നിപ്പക്കെതിരെ ജാഗരൂകരായിരിക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ഈ വൈറസ് ബാധയെ കുറിച്ചുള്ള തിരിച്ചറിവും ബോധവത്കരണവുമാണ് നടക്കേണ്ടത്. രോഗബാധിതരായ പഴംതീനി വവ്വാലുകളാണ് സംസ്ഥാനത്തെ നിപ്പക്ക് കാരണമായതെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വെളിവായത്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ചപ്പാനും ആഹാരമാക്കാനും ഇടയുള്ള മാങ്ങ, വാഴപ്പഴം, പേരയ്ക്ക, ചക്ക, ഈത്തപ്പഴം, സപ്പോട്ട എന്നിവ കഴിക്കുന്നതിനു മുമ്പ് വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കണം.  
Posted on: December 3, 2018 12:57 pm | Last updated: December 3, 2018 at 12:57 pm

നിപ്പ വൈറസ് പനിയെ പ്രതിരോധിക്കാന്‍ ഇന്ന് ഭൂമുഖത്ത് പ്രത്യേക വാക്‌സിനുകളൊന്നും ഇല്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നവും ഭയവും. നിപ്പ വൈറസ് ജന്തുക്കളില്‍ നിന്നും മനുഷ്യനിലെത്തുന്ന ബാധയാണ്. ഈ വൈറസ് രോഗബാധിതരായ മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാവുന്ന രോഗമാണ്. 2001 മുതല്‍ 2008 വരെ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ്പ വൈറസ് ഇന്‍ഫെക്ഷന്‍ മനുഷ്യനില്‍ നിന്നും മനുഷ്യനില്‍ എത്തിയതാണ്. മൃഗങ്ങളില്‍ നിന്നായിരുന്നില്ലെന്നു സാരം. മനുഷ്യനില്‍ നിപ്പ വൈറസ് എത്തുന്നത് രോഗബാധിതരായ വവ്വാലുകള്‍, പന്നികള്‍ എന്നീ ജന്തുക്കളില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലുകളില്‍ നിപ്പ വൈറസ് കാണുന്നത് പഴങ്ങള്‍ ആഹാരമാക്കുന്ന ഇനങ്ങളിലാണ്. വൈറസ് ബാധിച്ച പഴം തീനി വവ്വാലിന്റെ ഉമിനീര്‍, മൂത്രം, മലം എന്നിവയുമായി നേരിട്ട് ബന്ധപെടുമ്പോഴും ഇവയില്‍ ഏതെങ്കിലും ഉള്ള പഴങ്ങള്‍ തിന്നുമ്പോഴും വവ്വാലുകളില്‍ നിന്ന് വൈറസ് ബാധ മനുഷ്യനിലെത്താവുന്നതാണ്. നിപ്പ വൈറസ് ബാധയുള്ള വവ്വാലുകള്‍ ചപ്പിയോ കരണ്ടൊ മാന്തിയോ ഉപേക്ഷിക്കുന്ന പഴങ്ങളില്‍ വൈറസ് സാന്നിധ്യം ഉണ്ടായേക്കാവുന്നതാണ്. പന്നികളുടെ മലം, മൂത്രം, ഉമിനീര്‍, ഇറച്ചി എന്നിവയിലൂടെയും വൈറസ് ബാധ മനുഷ്യനിലെത്താം. അതുകൊണ്ട് പന്നി വളര്‍ത്തുകാരില്‍ നിപ്പ വൈറസ് ബാധക്ക് സാധ്യത ഏറെയാണ്. രോഗബാധിതരായ മനുഷ്യരുടെ ഉമിനീര്‍, തുമ്മല്‍, ചുമ എന്നിവ വഴി പുറത്തുവരുന്ന മൂക്കിലെ സ്രവങ്ങള്‍, വിയര്‍പ്പ്, മൂത്രം, മറ്റു വിസര്‍ജ്യങ്ങള്‍ എന്നിവയിലൂടെയും, രോഗിയുമായി അടുത്തിടപഴുകുമ്പോഴും നിപ്പ വൈറസ് രോഗം ഉണ്ടാകാവുന്നതാണ്. രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങളിലൂടെയും രോഗം പകരാവുന്നതാണ്. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം ഭൂമുഖത്തു പെട്ടെന്ന് പടര്‍ന്നു പിടിക്കാവുന്ന എട്ട് രോഗങ്ങളില്‍ നിപ്പ, എബോള, സിക എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

നിപ്പ വൈറസ് മനുഷ്യനില്‍ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ പോലെ തുടങ്ങി തലോച്ചോറിന്റെ നാശത്തിലെത്തുന്നു. ശ്വസനത്തിനു തടസ്സം, തലച്ചോറില്‍ വീക്കം, പനി, തലവേദന, തളര്‍ച്ച, ഛര്‍ദി, തൊണ്ട വീക്കം, പേശീവീക്കം എന്നീ ലക്ഷണങ്ങള്‍ രോഗിയില്‍ ഉണ്ടാകും. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗികളില്‍ ആശയക്കുഴപ്പവും നാഡീവ്യവസ്ഥ നിശ്ചലമാകുന്നതിനും ബോധരഹിതരാകുന്നതിനും പിന്നീട് മരണത്തിലേക്കും നയിക്കും. നിപ്പ വൈറസ് മനുഷ്യനിലെത്തിയാല്‍ നാല് മുതല്‍ 18 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. രോഗത്തിന്റെ പ്രാരംഭകാലത്തു നാരങ്ങാ വെള്ളം കഴിക്കുന്നത് രോഗപ്രതിരോധം വര്‍ധിപ്പിക്കാന്‍ നല്ലതാണെത്രെ. രോഗികളെ പരിചരിക്കുന്നവര്‍ സുരക്ഷാ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രോഗം വരാനുള്ള സാധ്യത ഏറെയാണ്. കോഴിക്കോട് നിപ്പ വന്നപ്പോള്‍ ഇതൊന്നും അറിയാതെ രോഗിയുമായി ഇടപഴകിയവര്‍ക്കും രോഗിയെ സന്ദര്‍ശിച്ചവര്‍ക്കും രോഗം വന്നതായി കണ്ടെത്തി.

നിപ്പ ബാധക്കെതിരെ ജാഗരൂകരായിരിക്കുവാന്‍ കേരള സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഈ വൈറസ് ബാധയെ കുറിച്ചുള്ള തിരിച്ചറിവും ബോധവത്കരണവുമാണ് നടക്കേണ്ടത്. രോഗബാധിതരായ പഴം തീനി വവ്വാലുകളാണ് സംസ്ഥാനത്തെ നിപ്പ പനിക്ക് കാരണമായതെന്നാണ് പ്രാഥമിക പഠനങ്ങളില്‍ വെളിവായിട്ടുള്ളത്. അതുകൊണ്ടുതന്നെ വവ്വാലുകള്‍ ചപ്പാനും ആഹാരമാക്കാനും ഇടയുള്ള മാങ്ങ, വാഴപ്പഴം, പേരയ്ക്ക, ചക്ക, ഈത്തപ്പഴം, സപ്പോട്ട എന്നിവ കഴിക്കുന്നതിനു മുമ്പ് വൈറസ്ബാധയില്ലെന്ന് ഉറപ്പാക്കണം. വവ്വാലുകള്‍ പാതി തിന്നതും കരണ്ടതും മാന്തിയതുമായ പഴങ്ങള്‍ തിന്നരുത്. രോഗം കണ്ടെത്തിയ കോഴിക്കോട് ജില്ലയില്‍ നിന്നും പിടികൂടിയ പഴം തീനി വവ്വാലുകളില്‍ 19 ശതമാനത്തിനും വൈറസ് ബാധ ഉണ്ടായിരുന്നു. തെങ്ങ്, പന, ഈത്തപ്പന തുടങ്ങിയ വൃക്ഷങ്ങളില്‍ നിന്നും ചെത്തിയെടുക്കുന്ന കള്ളില്‍ വവ്വാലുകളുടെ മൂത്രമോ, ഉമിനീരോ മലമോ മറ്റുസ്രവങ്ങളോ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഭക്ഷിക്കുന്നതിനു മുമ്പ് പഴങ്ങളുടെ തൊലി ചെത്തി കളയണം. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് കഴുകി വവ്വാലിന്റെ സ്രവങ്ങള്‍ ഒഴിവാക്കി എന്നുറപ്പാക്കണം. കേരളത്തില്‍ 2018 ജൂലൈ 17 ലെ കണക്കനുസരിച്ച് 19 പേര്‍ക്ക് നിപ്പ രോഗം വന്നു. അതില്‍ 17 പേര്‍ മരിച്ചു. രണ്ട്‌പേര്‍ പൂര്‍ണമായും രോഗവിമുക്തരായി.

പ്രത്യകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ രംഗത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സേവന മികവിനാലാണ് സംസ്ഥാനത്ത് നിപ്പ രോഗം നിയന്ത്രിക്കാനായത്. അല്ലെങ്കില്‍ മരണസംഖ്യ കൂടുതല്‍ ഉയരുമായിരുന്നു. കൈയുറകള്‍, മാസ്‌കുകള്‍, സുരക്ഷാവസ്ത്രങ്ങള്‍, എന്നിവ ഉപയോഗിച്ചുള്ള രോഗീപരിചരണം, രോഗം ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍, അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ സംസ്‌കരണം, പൊതുജനബോധവത്കരണം എന്നീ നടപടികളാണ് നിപ്പയെ തടഞ്ഞത്. നമ്മുടെ ആശുപത്രികളിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ഡോക്ടര്‍മാരുടെ സേവനവും കഴിവും സംസ്ഥാനത്തെ നിപ്പയില്‍ നിന്നു രക്ഷപ്പെടുത്തി . ഇനിയും നിപ്പ ഭീഷണി ഒഴിവാക്കാന്‍ നമ്മുടെ ആരോഗ്യ രംഗവും പൊതുജനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.