Connect with us

National

ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണ്; പുറത്താക്കാന്‍ ആരു ശ്രമിച്ചാലും കഴിയില്ല- അസദുദ്ദീന്‍ ഉവൈസി

Published

|

Last Updated

ഹൈദരാബാദ്: ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണെന്നും ആരു ശ്രമിച്ചാലും തന്നെ ഇവിടെ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ കഴിയില്ലെന്നും മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം എ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി എം പി. തെലുങ്കാനയില്‍ ബി ജെ പി അധികാരത്തിലെത്തിയാല്‍ രാജ്യത്തു നിന്നു പോകേണ്ടി വരുമെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആദം നബി പറുദീസയില്‍ നിന്ന് വന്നിറങ്ങിയ ഇടമാണിത്. അതിനാല്‍ ഇന്ത്യ എന്റെ പിതാവിന്റെ രാജ്യമാണ്. സ്വന്തം രാജ്യത്തു നിന്ന് ബലപ്രയോഗത്തിലൂടെ എന്നെ ഓടിക്കാമെന്ന് ആരും കരുതേണ്ടതില്ല. ഒരു തിരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവെ ഉവൈസി വ്യക്തമാക്കി.
ആദിത്യനാഥിന്റെ പ്രസംഗത്തിലെ ഭാഷ നരേന്ദ്ര മോദിയുടെതാണ്. പ്രകോപനപരമായ പ്രസംഗങ്ങളിലല്ല, സ്വന്തം നിയമസഭാ മണ്ഡലത്തില്‍ വര്‍ഷംതോറും നിരവധി നവജാത ശിശുക്കള്‍ മരിക്കുന്ന സംഭവത്തിനു പരിഹാരം കാണുന്നതിനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഞങ്ങളില്‍ ഒരാള്‍ പോലും ഇന്ത്യ വിട്ടു പോകുമെന്ന് കരുതേണ്ടതില്ലെന്നും തങ്ങളുടെ ആയിരം തലമുറകള്‍ ഇവിടെത്തന്നെ ജീവിക്കുമെന്നും അസദുദ്ദീന്റെ സഹോദരന്‍ അക്ബറുദ്ദീന്‍ ഉവൈസി എം എല്‍ എയും വ്യക്തമാക്കി.