വൈസനിയം സ്നേഹ യാത്രക്ക് ഭാഷാസംഗമ ഭൂമിയില്‍ ഉജ്ജ്വല തുടക്കം

Posted on: December 3, 2018 6:00 am | Last updated: December 3, 2018 at 10:37 am

കാസര്‍കോട്: ‘ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹ യാത്രക്ക് ഭാഷാസംഗമ ഭൂമിയില്‍ ഉജ്ജ്വല തുടക്കം. മാനവിക ഐക്യവും മതസൗഹാര്‍ദവും ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ‘സ്‌നേഹ കൈരളിക്കായ്’ എന്ന പ്രമേയത്തിലാണ് വൈസനിയം സ്‌നേഹ യാത്ര സംഘടിപ്പിച്ചത്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, മഅ്ദിന്‍ ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിക്ക് പതാക കൈമാറി. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എസ് ജെ എം സംസ്ഥാന ട്രഷറര്‍ വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി മജീദ് കക്കാട്, എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി അബ്ദുര്‍റഷീദ് നരിക്കോട്, സ്‌നേഹയാത്ര കോ-ഓര്‍ഡിനേറ്റര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, വൈസനിയം വര്‍ക്കിംഗ് കണ്‍വീനര്‍ മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാറലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം സംബന്ധിച്ചു.

യാത്രയുടെ മുന്നോടിയായി മര്‍ഹൂം സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയാറത്ത് നടന്നു. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ സ്‌നേഹ യാത്രയെ ആദ്യ സ്വീകരണ കേന്ദ്രമായ ഹൊസങ്കടിയിലേക്ക് ആനയിച്ചു.
ഇന്ന് കാസര്‍കോട് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ സ്നേഹ യാത്രക്ക് സ്വീകരണം നല്‍കും. രാവിലെ 10ന് സീതാംഗോളിയില്‍ സ്വീകരണ സമ്മേളനം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈകുേന്നരം 2.30ന് ചെര്‍ക്കളയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. നാല് മണിക്ക് മാണിക്കോത്ത് നടക്കുന്ന പരിപാടി ഡോ. വത്സന്‍ പിലിക്കോടും ആറ് മണിക്ക് കാലിക്കടവില്‍ നടക്കുന്ന മാനവിക സമ്മേളനം പി കരുണാകരന്‍ എം പിയും ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയാകും.

നാളെ കണ്ണൂരില്‍ പ്രവേശിക്കുന്ന സ്‌നേഹ യാത്ര അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോടും ഏഴിന് വയനാട്-നീലഗിരി, എട്ടിന് പാലക്കാട്, 10ന് തൃശൂര്‍, 11ന് എറണാകുളം, 12ന് ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലും 13ന് ആലപ്പുഴയിലും 14ന് കൊല്ലത്തും പര്യടനം പൂര്‍ത്തിയാക്കി 15ന് തിരുവനന്തപുരത്ത് സമാപിക്കും. മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.