Connect with us

Kerala

ശബരിമല: ഹൈക്കോടതി നിരീക്ഷക സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

Published

|

Last Updated

തിരുവനന്തപുരം: സുപ്രീംകോടതിയ വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിലെ പ്രശ്‌നങ്ങളുടെ പാശ്ചാത്തലത്തില്‍ നിരീക്ഷണത്തിനായി ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സമിതിയെ നിയോഗിച്ചതിലെ ഭരണഘടന സാധുത ചോദ്യം ചെയ്തായിരിക്കും സര്‍ക്കാര്‍ പരമോന്നത കോടതിയെ സമീപിക്കുക. ഹൈക്കോടതി നടപടി ഭരണഘടനാവിരുദ്ധമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടും.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ഹൈക്കോടതിയല്ല മേല്‍നോട്ടം വഹിക്കേണ്ടതെന്നാണ് സര്‍ക്കാറിന്റെ വാദം. ആവശ്യമെങ്കില്‍ സുപ്രീംകോടതിയോട് മേല്‍നോട്ടസമിതിയെ നിയോഗിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും. ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി നാളെ ശബരിമല സന്ദര്‍ശിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ഥാടനകാലത്ത് ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താനാണ് ഹൈക്കോടതി നിരീക്ഷണ സംഘം നാളെ ശബരിമല സന്ദര്‍ശിക്കാനിരക്കുന്നത്.

ഇതിനിടെ സമിതി അംഗങ്ങള്‍ ഇന്നലെ ആലുവയിലെ ദേവസ്വംബോര്‍ഡ് ഗസ്റ്റ്ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു. ശബരിമലയിലെ സൗകര്യങ്ങള്‍ പൊതുവില്‍ വിലയിരുത്തിയെന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായിരിക്കും സമിതി പ്രഥമ പരിഗണന നല്‍കുന്നതെന്നും നിയന്ത്രണങ്ങളില്‍ ഇടപെടില്ലെന്നും സമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി ആര്‍ രാമന്‍ പറഞ്ഞു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest