കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിക്ക് ക്ഷണമില്ല; പരാതിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി

Posted on: December 2, 2018 2:05 pm | Last updated: December 2, 2018 at 4:57 pm

കണ്ണൂര്‍: ലോകത്തിന്റെ നെറുകയിലേക്ക് കണ്ണൂരിന് ചിറക് വിരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ക്ഷണമില്ല. എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കേണ്ടെന്ന തീരുമാനത്തിലാണ് സംഘാടകരായ കിയാല്‍.
ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രിമാരെയെല്ലാം ക്ഷണിക്കേണ്ടി വരുമെന്ന നിലപാടിലാണ് കിയാല്‍.

കെപിസിസി പ്രസിഡന്‍്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും നോട്ടീസില്‍ പേരില്ലാത്തതിനാല്‍ വേദിയില്‍ സീറ്റ് ലഭിക്കുമോയെന്ന് വ്യക്തമല്ല. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരാതിയില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിമാനത്താവള വികസനത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രധാനപങ്ക് വഹിച്ചിരുന്നു. എന്നാല്‍, യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്ത് വ്യോമസേന വിമാനം ഇറക്കി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തിയത് വിവാദവും വിളിച്ചുവരുത്തി.

ഈ മാസം ഒമ്പതിന് രാവിലെ പത്തിന് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം അബൂദബിയിലേക്ക് പറന്നുയരും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും. വൈകുന്നേരം ഏഴിന് മുമ്പായി ആദ്യ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇവരെ കിയാല്‍ അധികൃതര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിക്കും. ആദ്യ ദിനം തന്നെ അബുദബിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ റിട്ടേണ്‍ സര്‍വീസുമുണ്ടാകും. വൈകിട്ട് ഏഴിന് ഇത് കണ്ണൂരില്‍ എത്തിച്ചേരും.

മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. രാവിലെ എട്ടിന് കലാപരിപാടികള്‍ തുടങ്ങും. ടെര്‍മിനല്‍ കോപ്ലക്‌സില്‍ നിലവിളക്ക് കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് ഫ്‌ളാഗ് ഓഫ് നടക്കും. ഉദ്ഘാടന ചടങ്ങിനെത്തുന്നവരുടെ 3,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വിമാനത്താവളത്തില്‍ ഉണ്ടാകും. ബാക്കിയുള്ളവ പാര്‍ക്ക് ചെയ്യുന്നതിനായി സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടുകളിലും മറ്റും പോലീസ് സൗകര്യം ഏര്‍പ്പെടുത്തും. പൊതുജനങ്ങളെ ചടങ്ങിലേക്ക് എത്തിക്കുന്നതിനായി മട്ടന്നൂരിനും പരിസരത്ത് നിന്നും 60 ഓളം ബസുകള്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തും.