ഇസ്രത്ത് ജഹാന്‍ കേസില്‍ മോദിയെ രക്ഷിച്ചത് ബെഹ്‌റ; ഞെട്ടിപ്പിക്കുന്ന ആരോപണവുമായി മുല്ലപ്പള്ളി

Posted on: December 1, 2018 5:02 pm | Last updated: December 1, 2018 at 8:07 pm

കണ്ണൂര്‍: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോദിയേയും അമിത് ഷായേയും രക്ഷിച്ചത് അന്നത്തെ എന്‍ഐഎ ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റയാണെന്നും ഇതിന് പ്രത്യുപകാരമായാണ് ബെഹ്‌റക്ക് ഡിജിപി പദവി ലഭിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഇതുമായി ബന്ധപ്പെട്ട ഫയല്‍ അന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ താന്‍ കണ്ടിരുന്നു. ബെഹ്‌റ അന്ന് നല്‍കിയ റിപ്പോര്‍ട്ട് ഞങ്ങളെയൊക്കെ വിസ്മയപ്പെടുത്തിയിരുന്നു. ബെഹ്‌റയെ ഡിജിപിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്ര മോദിയാണ്. പിണറായി അധികാരത്തിലേറിയപ്പോള്‍ ആദ്യ ഫയലായി മോദി ഒപ്പിട്ടുവാങ്ങുകയായിരുന്നു. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിലുള്ള പാലമാണ് ബെഹ്‌റ.

ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്‌റ വ്യക്തമാക്കണം. എന്‍ഐഎയില്‍ നിന്ന് അവധിയെടുത്തോയെന്ന് വ്യക്തമാക്കണം. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് തുറന്നുപറയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.