യുപിഎ കാലത്ത് സൈന്യം മൂന്ന് തവണ മിന്നലാക്രമണം നടത്തി : രാഹുല്‍ ഗാന്ധി

Posted on: December 1, 2018 2:17 pm | Last updated: December 1, 2018 at 6:27 pm

ന്യൂഡല്‍ഹി: സൈന്യം നടത്തിയ മിന്നലാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ മൂന്ന് തവണ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണം നടത്തിയിരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരില്‍ തിരഞ്ഞെടപ്പ് യോഗത്തില്‍ സംസാരിക്കവെയാണ് മോദിക്കെതിരെ രൂക്ഷമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശമുന്നയിച്ചത്.

മന്‍മോഹന്‍ സിംഗിന്റെ കാലത്ത് സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് മിന്നലാക്രമണം നടത്തിയത്. പാക്കിസ്ഥാനെതിരെ തിരിച്ചടിക്കണമെന്നും ഇത് രഹസ്യമായിരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മോദി രാഷ്ട്രീയ ലക്ഷ്യത്തോടെ സൈന്യത്തെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സൈനിക രംഗത്തെക്കുറിച്ച് തിനിക്ക് സൈന്യത്തേക്കാള്‍ അറിവുണ്ടെന്നാണ് മോദി കരുതുന്നത്. വിദേശകാര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയേക്കാളും ക്യഷിയെക്കുറിച്ച് ക്യഷി മന്ത്രിയേക്കാളും അറിവ് തനിക്കുണ്ടെന്ന തരത്തില്‍ എല്ലാ അറിവുകളും തന്നില്‍ നിന്നാണ് വരുതെന്നാണ് മോദി കരുതുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.