Connect with us

Kannur

സ്വപ്‌നത്തിലേക്ക് പറന്നുയരാന്‍ ഇനി പതിനൊന്ന് നാളുകള്‍

Published

|

Last Updated

കണ്ണൂര്‍: ലോകത്തിന്റെ നെറുകയിലേക്ക് കണ്ണൂരിന് ചിറക് വിരിക്കാന്‍ ഇനി പതിനൊന്ന് ദിവസം. സംസ്ഥാനത്തെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് കിയാല്‍ എം ഡി വി തുളസീദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്തമാസം ഒമ്പതിന് രാവിലെ പത്തിന് എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം അബൂദബിയിലേക്ക് പറന്നുയരും.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്യും.

വൈകുന്നേരം ഏഴിന് മുമ്പായി ആദ്യ വിമാനത്തിലെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിച്ചേരും. ഇവരെ കിയാല്‍ അധികൃതര്‍ ഉപഹാരങ്ങള്‍ നല്‍കി സ്വീകരിക്കും. ആദ്യ ദിനം തന്നെ അബുദബിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ റിട്ടേണ്‍ സര്‍വീസുമുണ്ടാകും. വൈകിട്ട് ഏഴിന് ഇത് കണ്ണൂരില്‍ എത്തിച്ചേരും. മലബാറിന്റെ സാംസ്‌കാരിക തനിമ വിളിച്ചറിയിക്കുന്ന കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. രാവിലെ എട്ടിന് കലാപരിപാടികള്‍ തുടങ്ങും. ടെര്‍മിനല്‍ കോപ്ലക്‌സില്‍ നിലവിളക്ക് കൊളുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങുകള്‍ക്ക് തുടക്കമിടും. തുടര്‍ന്ന് ഫഌഗ് ഓഫ് നടക്കും.

മന്ത്രിമാര്‍, എം പിമാര്‍, എം എല്‍ എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി ഒരു ലക്ഷം പേര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനെത്തുന്നവരുടെ 3,000 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം വിമാനത്താവളത്തില്‍ ഉണ്ടാകും. ബാക്കിയുള്ളവ പാര്‍ക്ക് ചെയ്യുന്നതിനായി സമീപത്തെ സ്‌കൂള്‍ ഗ്രൗണ്ടുകളിലും മറ്റും പോലീസ് സൗകര്യം ഏര്‍പ്പെടുത്തും. പൊതുജനങ്ങളെ ചടങ്ങിലേക്ക് എത്തിക്കുന്നതിനായി മട്ടന്നൂരിനും പരിസരത്ത് നിന്നും 60 ഓളം ബസുകള്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തും.

ആദ്യ ദിവസം തന്നെ ആഭ്യന്തര സര്‍വീസുകളും ആരംഭിക്കും. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലേക്കാണ് സര്‍വീസ്. എയര്‍ഇന്ത്യയെ കൂടാതെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍വേയ്‌സ് എന്നിവയാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. കാര്‍ഗോ സര്‍വീസുകള്‍ക്ക് താത്കാലിക സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. ഒരു വര്‍ഷത്തിനകം വലിയ തോതില്‍ കാര്‍ഗോ സര്‍വീസ് ആരംഭിക്കും.

കണ്ണൂരില്‍ നിന്ന് ചെലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ (ഉഡാന്‍ സര്‍വീസ്) തുടങ്ങാന്‍ പല കമ്പനികളും ഇതിനകം തയാറായിട്ടുണ്ട്. ജനുവരി മുതല്‍ ദിനംപ്രതി 15 വിമാനം സര്‍വീസ് നടത്തും. വിദേശ വിമാന കമ്പനികള്‍ക്ക് തത്കാലം അനുമതി ലഭിച്ചിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. പുതിയ വ്യോമയാന നയപ്രകാരം പുതുതായി തുടങ്ങുന്ന വിമാനത്താവളങ്ങള്‍ അവിടുത്തെ ജീവനക്കാരുടെ (സുരക്ഷ ചുമതലയുള്ളവര്‍) എല്ലാ ചെലവുകളും വഹിക്കണമെന്നാണ് നിയമം.

സ്വകാര്യ- പൊതുപങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാറിന് 35 ശതമാനം ഓഹരിയാണുള്ളത്. 1892 കോടിയായിരുന്നു വിമാനത്താവളത്തിന്റെ നിര്‍മാണത്തിനായി കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതിനകം 2350 കോടി ചെലവഴിച്ച് കഴിഞ്ഞതായി തുളസീദാസ് പറഞ്ഞു.

Latest