വധശിക്ഷയും കോടതി നിരീക്ഷണവും

Posted on: November 30, 2018 10:35 am | Last updated: November 30, 2018 at 10:35 am

വധശിക്ഷ സംബന്ധിച്ച ബുധനാഴ്ചത്തെ സുപ്രീം കോടതി വീക്ഷണം നിര്‍ണായകവും സ്വാഗതാര്‍ഹവുമാണ്. വധശിക്ഷക്ക് നിയമസാധുതയുണ്ട്. അതില്‍ പുനഃപരിശോധനയുടെ ആവശ്യമില്ലെന്നാണ് മൂന്നംഗ ബഞ്ചില്‍ ഭൂരിപക്ഷ വിധി പ്രഖ്യാപനം. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ഹേമന്ത് ഗുപ്ത എന്നിവരാണ് വധശിക്ഷയെ അനുകൂലിച്ചത്. മലയാളിയായ കുര്യന്‍ ജോസഫിന് ഇതിനോട് യോജിപ്പില്ല. സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയാന്‍ വധശിക്ഷ സഹായകരമായിട്ടില്ലെന്നും പൊതുജന വികാരവും കൂട്ടായ ആവശ്യവും പൊതുതാത്പര്യവും ഉയര്‍ത്തി അന്വേഷണ ഏജന്‍സികള്‍ കോടതികളില്‍ വധശിക്ഷക്കായി ഉയര്‍ത്തുന്ന സമ്മര്‍ദം പലപ്പോഴും വിചാരണയെ ബാധിക്കാറുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ നിന്ന് വധശിക്ഷ എടുത്തുകളയുന്നതിനെക്കുറിച്ച് പരിശോധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്നും തന്റെ വിയോജനക്കുറിപ്പില്‍ കുര്യന്‍ അഭിപ്രായപ്പെട്ടു.

നിയമ സാമൂഹിക മേഖലകളില്‍ ഏറെ ചര്‍ച്ചക്ക് വിഷയീഭവിച്ചതാണ് വധശിക്ഷ. രാജ്യത്ത് വധശിക്ഷ നടപ്പാക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ നിറയുന്ന ഘട്ടത്തിലാണ് ചര്‍ച്ചക്കു ചൂടുപിടിക്കാറ്. മുംബൈ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട വധശിക്ഷ സജീവമായി ചര്‍ച്ചക്ക് വിധേയമായിരുന്നു. പ്രാകൃതമാണ് വധശിക്ഷ, ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നാണ് ഒരു പക്ഷത്തിന്റെ നിലപാട്. വധശിക്ഷ നിലവിലുള്ള രാജ്യങ്ങളിലും കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല, സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ട ജീവിക്കാനുള്ള അവകാശത്തിന് കടകവിരുദ്ധമാണ് വധശിക്ഷ തുടങ്ങിയ വാദമുഖങ്ങളും അവര്‍ നിരത്തുന്നുണ്ട്. ഇതടിസ്ഥാനത്തില്‍ വധശിക്ഷ നിര്‍ത്തലാക്കിയിട്ടുണ്ട് പല രാഷ്ട്രങ്ങളും. ഇന്ത്യയിലും ഭീകരവാദം ഒഴികെയുള്ള കേസുകളില്‍ വധശിക്ഷ ഒഴിവാക്കണമെന്നാണ് 2015ല്‍ ജസ്റ്റിസ് എ പി ഷായുടെ അധ്യക്ഷതയിലുള്ള നിയമ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശ.
എന്താണ് ഒരു കുറ്റത്തിന് ശിക്ഷ വിധിക്കുന്നതിന്റെ താത്പര്യം. കുറ്റവാളിയെ ശിക്ഷിക്കുകയെന്നത് മാത്രമല്ല, രാജ്യത്ത് കുറ്റകൃത്യങ്ങള്‍ തടയുകയെന്നതു കൂടിയാണ് അതിന്റെ ലക്ഷ്യം. കുറ്റം ചെയ്യാന്‍ ഇടയുള്ളവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയെന്നത് ശിക്ഷയുടെ മുഖ്യധര്‍മമാണ്. വധശിക്ഷ പോലെയുള്ള പരമാവധി ശിക്ഷയെക്കുറിച്ചുള്ള ഭയവും അതേത്തുടര്‍ന്നുണ്ടാകുന്ന വീണ്ടുവിചാരവും ആസൂത്രിതമായി കുറ്റം ചെയ്യുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുമെന്നത് മനഃശാസ്ത്രപരമായി അംഗീകരിക്കപ്പെട്ടതുമാണ്. ദുര്‍ബല നിമിഷങ്ങളിലെ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്ന് പലപ്പോഴും മനുഷ്യനെ പിന്തിരിപ്പിക്കുന്നത് ശിക്ഷകളെ കുറിച്ചുള്ള ഭയം തന്നെയാണ്. ചില സമൂഹങ്ങളില്‍ ശിക്ഷകള്‍ പൊതുവേദിയില്‍ പരസ്യമായി നടപ്പാക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അതിക്രൂരവും ഹീനവുമായ കുറ്റകൃത്യം നടത്തിയവരെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കി ഏതാനും വര്‍ഷത്തെ തടവ് നല്‍കി വിട്ടയക്കുമ്പോള്‍ സമൂഹത്തിലെ കുറ്റവാസനക്കാരില്‍ അത് എന്തെങ്കിലും ചലനമോ ഭീതിയോ സൃഷ്ടിക്കുന്നില്ല. 1981ല്‍ പഞ്ചാബിലെ പരശുറാം എന്ന വ്യക്തി തന്റെ നാല് വയസ്സുള്ള പിഞ്ചോമന മകനെ കുടുംബത്തിന് സാമ്പത്തിക ഐശ്വര്യം ലഭിക്കാന്‍ ദേവപ്രീതിക്കായി കഴുത്തറുത്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. ‘മനുഷ്യത്വരഹിതവും ക്രൂരവും അപരിഷ്‌കൃതവുമായ ഇത്തരം ആചാരങ്ങള്‍ക്കും പെരുമാറ്റങ്ങള്‍ക്കും തടയിടണമെങ്കില്‍ വധശിക്ഷ നല്‍കുകയല്ലാതെ മറ്റെന്തു മാര്‍ഗമെന്നായി’രുന്നു കോടതിയുടെ ചോദ്യം. നിരപരാധികളായ മനുഷ്യരുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത പിശാചിന്റെ കൂട്ടാളികള്‍ക്ക് അല്ലലും അലട്ടുമില്ലാത്ത ജയിലിലെ സുഖവാസമാണോ നല്‍കേണ്ടത് എന്നാണ് ഫ്രഞ്ച് ചിന്തകനായ മോണ്ടെസ്‌ക്യൂ ചോദിച്ചത്. കൊടുംകുറ്റവാളികള്‍ അര്‍ഹിക്കുന്ന ശിക്ഷ അനുഭവിക്കാതിരിക്കുന്ന സാഹചര്യത്തില്‍ നിയമവാഴ്ചയും സാമൂഹിക സുരക്ഷിതത്വവും ദുഷ്‌കരമായിതീരും.

രാജ്യത്തെ ക്രമസമാധാനരംഗം ആകെ തകര്‍ന്ന അവസ്ഥയിലാണിന്ന്. മാതാപിതാക്കള്‍ നിര്‍ദയം സന്താനങ്ങളെ കൊല്ലുന്നതും നിസ്സാര കാര്യങ്ങള്‍ക്കായി മക്കള്‍ രക്ഷിതാക്കളുടെ തല പിളര്‍ക്കുന്നതും കാമുകന്മാരുടെ കൂടെ ജീവിക്കാന്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വെട്ടിനുറുക്കുന്നതും പശുക്കളെ ചൊല്ലി വര്‍ഗീയ ഭ്രാന്തന്മാര്‍ മനുഷ്യരെ തല്ലിക്കൊല്ലുന്നതുമൊക്കെ പതിവു വാര്‍ത്തകളാണ്. ഇത്തരമൊരു ഭീതിദമായ സാഹചര്യത്തില്‍ വധശിക്ഷ എടുത്തുകളയുക കൂടി ചെയ്താല്‍ എന്താകും സ്ഥിതി? 1967ല്‍ അന്നത്തെ ലോ കമ്മീഷന്‍ സമര്‍പ്പിച്ച 35ാമത് റിപ്പോര്‍ട്ടില്‍ വധശിക്ഷ നിലനിര്‍ത്തണമെന്നായിരുന്നു ശിപാര്‍ശ നല്‍കിയത്. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ വധശിക്ഷ ഒഴിവാക്കുന്നത് ബുദ്ധിയായിരിക്കില്ലെന്നാണ് ഈ നിലപാടിന് ഉപോത്ബലകമായി കമ്മീഷന്‍ അന്ന് ചൂണ്ടിക്കാട്ടിയത്. അന്നത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയര്‍ന്നിരിക്കെ വധശിക്ഷയുടെ കാര്യത്തില്‍ പുനഃപരിശോധന ആവശ്യമില്ലെന്ന സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷ നിരീക്ഷണമാണ് കൂടുതല്‍ സ്വീകാര്യം.
വധശിക്ഷ നിലവിലുണ്ടായിട്ടും എന്തുകൊണ്ട് രാജ്യത്ത് കൊലപാതകങ്ങള്‍ക്ക് അറുതി വരുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. അതിന് പക്ഷേ പ്രതിക്കൂട്ടില്‍ കയറ്റേണ്ടത് കുറ്റവാളികളെ സംരക്ഷിക്കുന്ന നമ്മുടെ രാഷ്ട്രീയ സംസ്‌കാരത്തെയും സാമ്പത്തിക സ്വാധീനത്തിന് വഴിപ്പെടുന്ന ജീര്‍ണമായ ഉദ്യോഗസ്ഥ മനസ്സുകളെയും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന സാമൂഹികാന്തരീക്ഷത്തെയുമാണ്. പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കില്‍ എത്ര വലിയ കുറ്റവാളിക്കും തടവറ കാണാതെയും കോടതികള്‍ കയറാതെയും രക്ഷപ്പെടാനാകുന്ന അവസ്ഥയില്‍ നിയമത്തിനും ശിക്ഷാ വിധികള്‍ക്കും എന്തു പ്രസക്തി?