Connect with us

Ongoing News

രാജ്യസ്‌നേഹം പോലും ചോദ്യം ചെയ്യപ്പെടുന്നു; ഇത് ജീവിതത്തിലെ ഇരുണ്ട ദിവസം: മിതാലി രാജ്

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപങ്ങളില്‍ വികാരനിര്‍ഭര മറുപടി നല്‍കി മിതാലി രാജ്. രമേശ് പൊവാറിന്റെ ഉന്നയിച്ച ആരോപണങ്ങള്‍ തന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതാണെന്നും എന്റെ ജീവിതത്തിലെ ഇരുണ്ട ദിവസമാണ് ഇതെന്നും താരം ട്വിറ്ററില്‍ കുറിച്ചു. ഇരുപത് വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിച്ചതും കളിയോടുള്ള പ്രതിബദ്ധതയും കഴിവും കഠിനാധ്വാനവും വിയര്‍പ്പും ചോദ്യം ചെയ്യപ്പെടുന്നു. ഇതെന്റെ ജീവിതത്തിലെ ഇരുണ്ട ദിനമാണ്. ദൈവം കൂടുതല്‍ ശക്തി നല്‍കട്ടെയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മിതാലി പിടിവാശിക്കാരിയാണെന്നും ഓപണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്തിയെന്നും രമേശ് പൊവാര്‍ കഴിഞ്ഞദിവസം ബിസിസിഐക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. മിതാലിയുമായുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. കാരണം, മിതാലിയുമായി പൊരുത്തപ്പെട്ടു പോവുക അസാധ്യമായിരുന്നു. ടീം കൂട്ടായ്മയില്‍ നിന്ന് അകന്നു നില്‍ക്കുന്ന പ്രകൃതമാണ് മിതാലിയുടേത് – രമേഷ് പറഞ്ഞു.

അതേസമയം, ലോകകപ്പില്‍ അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരെ അര്‍ധസെഞ്ച്വറി നേടിയ മിതാലി പ്ലെയര്‍ ഓഫ് ദ മാച്ച് ആയിരുന്നു. ഈ മികവ് പരിഗണിക്കാതെ ഇംഗ്ലണ്ടിനെതിരെ പുറത്തിരുത്തിയ നടപടിയാണ് വിവാദമായത്. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഈ തീരുമാനമെടുത്തതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. മത്സരം ഇന്ത്യ തോറ്റതോടെ മിതാലി രാജിനെ പുറത്തിരുത്തിയത് തെറ്റായ നടപടിയായെന്ന് ക്രിക്കറ്റ് വൃത്തങ്ങളില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചു. ഇതിനിടെയാണ്, ട്വന്റിട്വന്റിയില്‍ നിന്ന് വിരമിക്കുമെന്ന സൂചന മിതാലി നല്‍കിയത്. പരിശീലകന്‍ രമേഷ് പവാറും കൂട്ടരും തന്നെ ഒതുക്കാന്‍ നോക്കുകയാണെന്ന് മിതാലി ബി സി സി ഐ ഭരണ സമിതിക്ക് പരാതി മെയില്‍ ചെയ്തിരുന്നു.

---- facebook comment plugin here -----

Latest