Connect with us

National

നോട്ട് നിരോധനം കിരാത നടപടി; രൂക്ഷ വിമര്‍ശനവുമായി മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച കിരാത നടപടിയായിരുന്നു നോട്ട് നിരോധനമെന്നും അത് രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടാക്കിയെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. അരവിന്ദ് സുബ്രഹ്്മണ്യത്തിന്റെ “ദ ചലഞ്ചസ് ഓഫ് ദ മോദി- ജയ്റ്റ്‌ലി ഇക്കണോമി” എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനം സംബന്ധിച്ച വിമര്‍ശനമുള്ളത്. പുസ്തകം പുറത്തിറങ്ങിയിട്ടില്ല.

നോട്ട് നിരോധനത്തോടെ രാജ്യത്തെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തില്‍ നിന്ന് 6.8 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഉയര്‍ന്ന പലിശ നിരക്ക്, ജിഎസ്ടി, ഇന്ധന വിലക്കയറ്റം തുടങ്ങിയവക്ക് ഇത് കാരണമായി. ഉപയോഗത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളും പൊടുന്നനെ പിന്‍വലിക്കപ്പെട്ടതോടെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ചയെ ഇത് ബാധിച്ചു.

നോട്ട് നിരോധനം നടപ്പാക്കിയ കാലത്ത് പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍. നോട്ടു നിരോധനം നടപ്പാക്കിയത് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ചര്‍ച്ച ചെയ്യാതെയാണെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അരവിന്ദ് സുബ്രഹ്മണ്യന്‍ രംഗത്തെത്തിയത്. കാലാവധി തികക്കും മുമ്പ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനം രാജിവെച്ചിരുന്നു.